ഭരണഘടനയെ അനാദരിക്കും വിധം സംസാരിച്ചതിന് മന്ത്രിപദവി നഷ്ടമായ സജി ചെറിയാന്റെ രാജിവാര്‍ത്തയില്‍ ഉപയോഗിച്ച കാരിക്കേച്ചറിനെ ചൊല്ലി മാതൃഭൂമി ദിനപത്രത്തിനെതിരെ കടുത്ത അധിക്ഷേപവുമായി ഫേസ്‌ബുക്കില്‍ സൈബര്‍ സി.പി.എം. പോരാളികളുടെ പൂരം. സജി ചെറിയാന്‍ കുന്തത്തിന്റെ കുത്തേറ്റ് നില്‍ക്കുന്ന രീതിയില്‍ ചിത്രീകരിച്ച കാരിക്കേച്ചറിനെതിരെയാണ് രോഷം.

മാതൃഭൂമിയുടെ പ്രധാന തലക്കെട്ട് വാര്‍ത്തയ്‌ക്കൊപ്പം ഉപയോഗിച്ചതാണ് ഈ കാരിക്കേച്ചര്‍. കുന്തം കൊണ്ട് കുത്തേറ്റ പുളയുന്ന സജി ചെറിയാനെയാണ് ഹാസ്യാത്മകമായി ചിത്രീകരിച്ചിരിക്കുന്നത്. കുന്തത്തിന്റെ മുന സജിയുടെ ദേഹം ഭേദിച്ച് പുറത്തു കടന്നിരിക്കുന്നു. ശരീരത്തിലെ മുറിവില്‍ നിന്നും ചോര വീഴുന്നുമുണ്ട്. കുന്തത്തിന്റെ പിടിഭാഗത്ത് ഭരണഘടനയും ചേര്‍ത്തു വെച്ചിട്ടുണ്ട്. കുന്തത്തില്‍ കോര്‍ക്കപ്പെട്ട സജി ചെറിയാന്റെ അടുത്ത് ഒരു കുടച്ചക്രവും ചിത്രീകരിച്ചിട്ടുണ്ട്. സജി ചെറിയാന്‍ കഴിഞ്ഞ ഏതാനും ദിവസം മുമ്പ് മല്ലപ്പള്ളിയില്‍ ഭരണഘടന കുന്തം, കുടച്ചക്രം എന്ന് വിശേഷിപ്പിച്ച് പ്രസംഗിച്ചത് അദ്ദേഹത്തിന് മുറിവേല്‍ക്കുന്നതിന് കാരണമായി എന്ന് പ്രതീകാത്മകമായി ചിത്രീകരിച്ചിരിക്കയാണെന്ന് മാതൃഭൂമിയിലെ ജേര്‍ണലിസ്റ്റുകളും കാരിക്കേച്ചറിസ്റ്റുകളും പറയുന്നു. ഇത് ഹാസ്യാത്മകമായ ചിത്രീകരണമാണ്. എന്നാല്‍ ഇതില്‍ ഹിംസാത്മകതയാണ് നിറയുന്നത് എന്ന് പറഞ്ഞുകൊണ്ടാണ് സി.പി.എം. സൈബര്‍ പ്രവര്‍ത്തകരുടെ തെറിവിളി.

മാതൃഭൂമി സംഘികളുടെ താവളമായെന്നും പത്രത്തിന്റെ സമനില തെറ്റിയെന്നും വിമര്‍ശനം ഉയര്‍ത്തിയിട്ടുണ്ട്. ക്രൈം നന്ദകുമാറിനെ പോലുള്ള ഊച്ചാളികളുടെ കള്ളക്കഥകള്‍ പൊടിപ്പും തൊങ്ങലും വെച്ചെഴുതി ഒരു മഞ്ഞപ്പത്രത്തിന്റെ നിലവാരത്തിലെത്തിയിരിക്കയാണ് മാതൃഭൂമി പത്രം എന്നും പറയുന്നു. സാഡിസമാണ് പത്രത്തിന്റെ മുഖം. ഒരാളെ കൊടി കുന്തത്തില്‍ തറയ്‌ക്കുന്ന രൂപം ഒന്നാം പേജില്‍ കൊടുക്കണമെങ്കില്‍ കൊടി സുനിയുടെയോ(ടി.പി. ചന്ദ്രശേഖരനെ വെട്ടിക്കൊന്ന കേസിലെ മുഖ്യപ്രതി) പുത്തന്‍പാലം രാജേഷിന്റെയോ( മുത്തൂറ്റ് ജോര്‍ജ്ജ് കൊലയിലെ മുഖ്യപ്രതിയായ കുപ്രസിദ്ധ ഗുണ്ട) മാനസികാവസ്ഥയാകണം എക്‌സ്‌ക്യൂട്ടീവ് എഡിറ്ററുടെത് എന്നും സൈബര്‍ സഖാക്കള്‍ വിമര്‍ശിക്കുന്നു.

ഇപ്പോള്‍ ഇടതു പക്ഷത്തുള്ള മാതൃഭൂമിയുടെ എം.ഡി. ശ്രേയംസ് കുമാര്‍ കല്‍പറ്റയില്‍ നിയമസഭാ മല്‍സരത്തില്‍ തോറ്റതിന്റെ വാര്‍ത്താ സ്‌ക്രീന്‍ ഷോട്ടും ചില പേജുകളില്‍ ഷെയര്‍ ചെയ്‌ത് പരോക്ഷ പരിഹാസം തീര്‍ത്തിട്ടുണ്ട്. മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി.വി.ചന്ദ്രന്റെ പിതാവിനെ “ചേന സാമി” എന്ന് അധിക്ഷേപിച്ച് വിളിച്ചുകൊണ്ട് ഇവര്‍ക്കൊന്നും പത്രത്തിനെക്കുറിച്ച് ഒരു ഗന്ധവുമില്ല എന്നും സഖാക്കള്‍ പറയുന്നു.
ഒരു സാമ്പിള്‍ കുറിപ്പ് ചുവടെ. (എഴുതിയതായി ഫേസ്‌ബുക്കില്‍ കാണിച്ചിരിക്കുന്നത് എന്‍.ഇ. മേഘനാഥ് ആണ്. )
“ആയിരം വർഷം കുഴലിലാരുന്നാൽ ,
നായുടെ വാല് വളഞ്ഞേയിരിപ്പൂ
എന്ന് കുഞ്ചൻ നമ്പ്യാർ പാടിയത് നമ്മുടെ നാലാം ലിംഗക്കാരെ കണ്ടാകണം.
മാതൃഭൂമിയെക്കുറിച്ച് ഇന്നലെ സന്ധ്യയ്ക്ക് ഒരു പോസ്റ്റിട്ടപ്പോൾ , അതിലെ ഒരു മുതിർന്ന ലേഖകനും ഒരു ചെറു കഥാകൃത്തും വിളിച്ച് പരിഭവം പറഞ്ഞു .” നിങ്ങൾ സൈബർ ഗുണ്ടയുടെ ഭാഷയിൽ “സ്വാതന്ത്ര്യ സമര പാരമ്പര്യമുള്ള പത്രത്തെ നിരന്തരം വിമർശിക്കുന്നത് ശരിയല്ല. സ്വതന്ത്ര കാഴ്ച്ചപ്പാടുള്ള മാതൃഭൂമി ആരുടേയും വക്താവല്ല. “
കുറേ വർഷങ്ങളായി എല്ലാവരും പറയുന്നത് കേൾക്കുകയും , മറുപടി നൽകാതെ , അതിൽ ഉൾക്കൊള്ളേണ്ടവയുണ്ടെങ്കിൽ സ്വീകരിക്കുക എന്നതാണ് പതിവ്. തർക്കത്തിനുള്ള തലച്ചോറിൻ്റെ ലൈൻ ഓഫാക്കി വച്ചിരിക്കയാണ്.
എന്നാൽ …. ഇന്നത്തെ മാതൃഭൂമി കണ്ടപ്പോൾ എഴുതിയത് കുറഞ്ഞു പോയല്ലോ എന്ന വ്യസനമാണുണ്ടായത്.
അച്ഛൻ ആനപ്പുറത്തിരിക്കുന്നവനായത് കൊണ്ട് പുത്രൻ്റെ ചന്തിയിൽ തഴമ്പ് ഉണ്ടാകണമെന്നില്ലെല്ലോ. കെ.പി.കേശവമേനോൻ , എൻ.വി. കൃഷ്ണവാര്യർ , എ.പി.ഉദയഭാനു, സി.എച്ച്.കുഞ്ഞപ്പ പോലെ ഒട്ടനവധി പ്രശസ്തർ അലങ്കരിച്ച എഡിറ്റർ പദവിയിൽ ഇന്ന് പി.വി.ചന്ദ്രനാണ് ഇരിക്കുന്നത്. അച്ഛൻ പി.വി.സാമി ( ചേന സാമി ) എന്ന കച്ചവടക്കാരൻ ഷെയറെണ്ണം ബലത്തിൽ ആർജ്ജിച്ച പദവി. കടലും കടലാടിയും തമ്മിലുള്ള അന്തരം .
എക്കാലവും കോൺഗ്രസ് ചായ് വ് പുലർത്തിയിരുന്ന പത്രം ഒന്നു രണ്ടു ദശകം മുൻപു വരെ മനോരമയുമായി തട്ടിച്ചു നോക്കുമ്പോൾ ഭേദമാക്കുന്നു.
വീരന് പിണറായിയോടും സി പി എമ്മിനോടുമുള്ള ചൊരുക്ക് തീർക്കാൻ കരുവാക്കപ്പെട്ടതോടെ പത്രത്തിൻ്റെ സമനില തെറ്റി. പുതിയ ഉടമകളിൽ ഒരാൾ BJP ക്കാരനും മറ്റൊരാൾ KPCC അംഗവും ആയതോടെ നിഷ്പക്ഷത എന്ന പദം മാതൃഭൂമി നിഘണ്ടുവിൽ നിന്ന് അപ്രത്യക്ഷമായി. ക്രൈം നന്ദകുമാറിനെ പോലുള്ള ഊച്ചാളികളുടെ കള്ളക്കഥകൾ പൊടിപ്പും തൊങ്ങലും വച്ചെഴുതി ഒരു മഞ്ഞപ്പത്രനിലവാരത്തിലെത്തി. എഡിറ്ററുടെ ഇംഗിതാനുസരണ് കാർട്ടൂണിലും പോക്കറ്റ് കാർട്ടൂണിലും മിഡിൽ പേജിലും ദിവസവും സി പി എം – പിണറായി വിരുദ്ധത നിറഞ്ഞു തുളുമ്പി.
അധികം ഈ അധമന്മാരെക്കുറിച്ച് എന്തിനെഴുതണം.? സജി ചെറിയാൻ്റെ രാജി വാർത്തയുടെ ലേ ഔട്ട് കണ്ടില്ലേ?
നമ്മുടെ ഓർമ്മയിലൊന്നും ഇത്ര പെർവേട്ടഡ്’ ആയി ഒരു പത്രത്തെ കണ്ടിട്ടില്ല. സാഡിസമാണ് ഇന്നത്തെ മാതൃഭൂമിയുടെ മുഖം. ഒരാളെ കുന്തത്തിൽ തറയ്ക്കുന്ന രൂപം ഒന്നാം പേജിൽ കൊടുക്കണമെങ്കിൽ ….കൊടി സുനിയുടേയോ, പുത്തൻപാലം രാജേഷിൻ്റേയോ മാനസികാവസ്ഥയാകണം എക്സിക്യൂട്ടീവ് എഡിറ്ററുടേത്. ഒന്നാം പേജ് ഇത്തരത്തിൽ ലേ ഔട്ട് ചെയ്യണമെങ്കിൽ അത്രമേൽ പകയും വൈരനിര്യാതന ഭാവവും പത്രത്തെ ഗ്രസിച്ചു കഴിഞ്ഞെന്ന് ഉറപ്പിക്കാം.
2023 ൽ 100 വർഷം പൂർത്തിയാക്കുന്ന പത്രം അന്ധമായ ഇടതു വിരോധത്താൽ പടവലം കണക്കെ താഴോട്ട് വളരുന്നു. എന്തൊരധപ്പതനം.”