Categories
kerala

ആന്റണി രാജുവിന്‌ കുരുക്കായി മാറിയിരിക്കുന്ന അണ്ടര്‍വെയര്‍ കേസ്‌…സിനിമാക്കഥ പോലെ നാടകീയം

തൊണ്ടിമുതലായി ഹാജരാക്കുന്ന അടിവസ്‌ത്രത്തിന്റെ രൂപവും അളവും മാറ്റി കോടതിയില്‍ നിന്നും പ്രതി ശിക്ഷയില്ലാതെ രക്ഷപ്പെടുന്ന കഥ മലയാള സിനിമയില്‍ തന്നെ ആവിഷ്‌കരിക്കപ്പെട്ടിട്ടുണ്ട്‌. എന്നാല്‍ ഈ കഥ ശരിക്കും സംഭവിച്ചതും അതിലെ പ്രതികളിലൊരാള്‍ ഇപ്പോള്‍ സംസ്ഥാനത്തെ മന്ത്രി തന്നെയായി മാറിയതു കേരള രാഷ്ട്രീയത്തിലെ സജീവ ചര്‍ച്ചയാണിന്ന്‌. ട്രാന്‍സ്‌പോര്‍ട്ട്‌ വകുപ്പു മന്ത്രി ആന്റണി രാജുവാണ്‌ കുരുക്കില്‍ പെട്ടിരിക്കുന്നത്‌. വക്കീല്‍ എന്ന നിലയില്‍ തന്റെ കക്ഷിയെ രക്ഷിക്കാനുള്ള വിദ്യ എന്തും കാട്ടുക എന്നത്‌ അഭിഭാഷകന്റെ പ്രൊഫഷണലിസമാണെന്ന്‌ പറഞ്ഞ്‌ ഒഴിയാന്‍ ഇപ്പോള്‍ ആന്റണി രാജുവിന്‌ കഴിയാത്തതിന്‌ കാരണം താന്‍ ഇരിക്കുന്ന അധികാര പദവിയാണ്‌.
ഓസ്‌ട്രേലിയക്കാരനായ ആന്‍ഡ്രൂ സാല്‍വദോര്‍ സാര്‍വലിയെ ലഹരിമരുന്നു കേസില്‍ പിടിക്കപ്പെട്ടപ്പോള്‍ അയാളുടെ കേസ്‌ വാദിച്ച സെലിന്‍ വില്‍ഫ്രഡിന്റെ ജൂനിയര്‍ ആയിരുന്നു ആന്റണി രാജു. ആന്‍ഡ്രൂവിന്റെ കേസില്‍ തൊണ്ടിമുതലായി കോടതിയില്‍ ഹാജരാക്കിയ അയാളുടെ അടിവസ്‌ത്രത്തിന്റെ അളവ്‌ വെട്ടിച്ചുരുക്കി പ്രതിയെ അപ്പീല്‍ക്കോടതിയില്‍ നിന്നും രക്ഷപ്പെടുത്തി എന്നതാണ്‌ ആന്റണി രാജുവിന്‌ കുരുക്കായി തീര്‍ന്നിരിക്കുന്നത്‌. കോടതിയിലെ ക്ലാര്‍ക്കിനെ സ്വാധീനിച്ച്‌ തൊണ്ടിമുതലായ ജെട്ടി വാങ്ങി വെട്ടിത്തയ്‌പ്പിച്ച്‌ ചെറുതാക്കി വെക്കുകയായിരുന്നു. കേസിന്റെ അപ്പീല്‍ കോടതിയില്‍ ജെട്ടി ആന്‍ഡ്രൂവിന്റെതല്ലെന്ന്‌ എളുപ്പത്തില്‍ തെളിയിക്കാന്‍ അതിന്റെ ചെറിയ അളവ്‌ കൊണ്ടു സാധിച്ചു! ഈ തെളിവു നശിപ്പിക്കല്‍ പ്രശ്‌നമായതിന്‌ കാരണം താന്‍ ഇങ്ങനെയാണ്‌ ഇന്ത്യയില്‍ നിന്നുളള ഒരു കേസില്‍ രക്ഷപ്പെട്ടത്‌ എന്ന്‌ ആന്‍ഡ്രൂ സാല്‍വദോര്‍ മറ്റൊരു കേസില്‍ പിടിയിലായപ്പോള്‍ ഓസ്‌ട്രേലിയയില്‍ നടത്തിയ മൊഴിയോടെയാണ്‌.
1991 മാര്‍ച്ചില്‍ ആന്‍ഡ്രൂ സാല്‍വദോര്‍ ഓസ്‌ട്രേലിയയിലേക്ക്‌ പോയി. 1995-ല്‍ അവിടെ ഒരു കൊലക്കേസില്‍ അറസ്‌റ്റിലായി. മെല്‍ബണില്‍ ആന്‍ഡ്രൂവിന്റെ കൂട്ടുപ്രതിയായ വെസ്ലി ജോണ്‍ പോള്‍ 1996 ജനുവരിയിൽ പൊലീസില്‍ നല്‍കിയ മൊഴിയിലാണ്‌ ആന്‍ഡ്രൂ സാല്‍വദോര്‍ കേരളത്തില്‍ ശിക്ഷയില്‍ നിന്നും രക്ഷപ്പെട്ടത്‌ വിവരിക്കുന്നത്‌. ഇക്കാര്യം അവിടുത്തെ പൊലീസ്‌ ഇന്റര്‍പോള്‍ മുഖേന കേരള പൊലീസിനെ അറിയിക്കുന്നത്‌ 1996-ല്‍.

അറസ്റ്റുവിവരം അറിഞ്ഞ് സര്‍വലിയുടെ ബന്ധുക്കള്‍ ഇന്ത്യയിലേക്ക് തിരിച്ചു. കൈക്കൂലി നല്‍കി കോടതി ജീവനക്കാരനെ വശത്താക്കി. ഈ ജീവനക്കാരനെ ഉപയോഗിച്ച്, സര്‍വലിയുടേതായി കോടതിയിലിരുന്ന അണ്ടര്‍വെയര്‍ മാറ്റി മറ്റൊരെണ്ണം ആ സ്ഥാനത്ത് വെച്ചു . പിന്നീട് നടന്ന ഹൈക്കോടതിയിലെ അപ്പീല്‍ വാദത്തിനിടെ തൊണ്ടി അടിവസ്ത്രം പ്രതിക്ക് ധരിക്കാന്‍ പാകത്തിലുളളതല്ല എന്ന വാദം ഉയര്‍ത്തുന്നു. ഇത് കോടതി പരിശോധിക്കുകയും സര്‍വലി കുറ്റവിമുക്തനാകുകയും ചെയ്യുന്നു-കേരള പോലീസിന് കിട്ടിയ കത്തിൽ പറയുന്ന വിവരങ്ങൾ ഇതായിരുന്നു.

thepoliticaleditor

തുടര്‍ന്ന്‌ കേരള പൊലീസ്‌ കേസ്‌ അന്വേഷിച്ചെങ്കിലും പ്രതികളെ കണ്ടെത്താനായില്ല എന്ന്‌ റിപ്പോര്‍ട്ടാക്കി 2002-ല്‍ കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടു. ഇക്കാലയളവില്‍ ആന്റണി രാജു എം.എല്‍.എ.യായിരുന്നു. പിന്നീട്‌ 2005-ല്‍ കേസ്‌ പുനരന്വേഷണത്തിന്‌ അന്ന്‌ ഐ.ജി.യായിരുന്ന ടി.പി.സെന്‍കുമാര്‍ ഉത്തരവ്‌ നല്‍കി. തൊണ്ടി രജിസ്റ്റര്‍ വിശദമായി പരിശോധിച്ചാണ്‌ കോടതി ക്ലാര്‍ക്ക്‌ ജോസിനെ പ്രതിയാണെന്ന്‌ കണ്ടെത്തിയത്‌. തൊണ്ടി മുതല്‍ ജോസില്‍ നിന്നും ഒപ്പിട്ടു വാങ്ങിയ ആന്റണി രാജുവും പ്രതിയായി. 2005 മാര്‍ച്ചില്‍ വഞ്ചിയൂര്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. എന്നാല്‍ 16 കൊല്ലമായി ഒരൊറ്റ തവണ പോലും ആന്റണി രാജുവോ ഒപ്പം പ്രതിയായ ആളോ ഹാജരാവാതെ കേസ്‌ വിചാരണ അനന്തമായി നീളുകയാണ്‌.
ലഹരിമരുന്നു കേസ്‌ ഏറ്റെടുത്ത തന്റെ സീനിയര്‍ നിര്‍ദ്ദേശിച്ച പ്രകാരമുള്ള കാര്യങ്ങളാണ്‌ ആന്റണി രാജു എന്ന ജൂനിയര്‍ വക്കീല്‍ ചെയ്‌തത്‌ എന്ന കാര്യം സ്വാഭാവിക നിഗമനമാണെങ്കിലും സീനിയര്‍ വക്കീലിനെ ഈ കേസില്‍ പ്രതിയാക്കിയിട്ടില്ല. ആന്റണി രാജുവും സീനിയര്‍ വക്കീലിനെതിരായ സൂചനകള്‍ അന്വേഷണ സംഘത്തിന്‌ നല്‍കിയിട്ടുമില്ല.

Spread the love
English Summary: ANTONY RAJU CASE

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick