മുൻ കേന്ദ്രമന്ത്രിയും നിലവിൽ തൃണമൂൽ കോൺഗ്രസ് ഉപാധ്യക്ഷനുമായ യശ്വന്ത് സിൻഹയെ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാർത്ഥിയായി തിരഞ്ഞെടുത്തു. പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിലാണ് തീരുമാനം.
മഹാത്മാഗാന്ധിയുടെ ചെറുമകൻ ഗോപാൽകൃഷ്ണ ഗാന്ധി, എൻസിപി തലവൻ ശരദ് പവാർ, നാഷണൽ കോൺഫറൻസ് (എൻസി) തലവൻ ഫാറൂഖ് അബ്ദുള്ള, എന്നിവർ പ്രതിപക്ഷ സ്ഥാനാർത്ഥിയാകാനുള്ള അഭ്യർത്ഥന നിരസിച്ചതിനെ തുടർന്നാണ് യശ്വന്ത് സിൻഹയെ രാഷ്ട്രപതി സ്ഥാനാർഥിയായി തിരഞ്ഞെടുത്തത്.

ബിജെപി നേതാവായിരുന്ന സിൻഹ 2018ലാണ് പാർട്ടി വിട്ടത്. പിന്നീട് 2021ൽ തൃണമൂലിൽ ചേരുകയായിരുന്നു. വാജ്പേയി സർക്കാരിൽ വിദേശകാര്യം, ധനകാര്യം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്ത വ്യക്തിയാണ് യശ്വന്ത് സിൻഹ.
കക്ഷിരാഷ്ട്രീയത്തിൽ നിന്ന് മാറി ദേശീയ താൽപ്പര്യത്തിനായി പ്രവർത്തിക്കേണ്ട സമയമാണിതെന്ന് സിൻഹ പറഞ്ഞിരുന്നു.
‘‘തൃണമൂൽ കോൺഗ്രസിൽ മമതാജി (മമത ബാനർജി) എനിക്കു നൽകിയ ആദരവിനും എന്നിലർപ്പിച്ച വിശ്വാസത്തിനും ഞാൻ നന്ദിയുള്ളവനാണ്. ദേശീയ താൽപര്യം മുൻനിർത്തി പ്രതിപക്ഷ ഐക്യം ഊട്ടിയുറപ്പിക്കുന്നതിനായി ഞാൻ പാർട്ടിയിൽനിന്ന് മാറിനിൽക്കേണ്ട സമയം സംജാതമായിരിക്കുന്നു. അതിന് അവർ അനുമതി നൽകുമെന്ന് എനിക്ക് ഉറപ്പുണ്ട്’’ – എന്നായിരുന്നു യശ്വന്ത് സിൻഹയുടെ ട്വീറ്റ്.