Categories
kerala

തൃക്കാക്കരയ്ക്ക് പിന്നാലെ എന്തെല്ലാം…?

ദേശീയ തലത്തിൽ വലിയ വെല്ലുവിളി നേരിടുന്ന കോൺഗ്രസിന് ആശ്വാസം ഏകുന്ന ഒന്ന് തന്നെയാണ് തൃക്കാക്കരയിലെ ചരിത്ര വിജയം. പി.ടി തോമസിന്റെയും മണ്ഡലം പിറന്നത് മുതലുള്ള റെക്കോർഡ് ആയ ബെന്നി ബെഹനാൻറെയും ലീഡ് മറികടന്നാണ് ഉമാ തോമസ് 25,016 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു കേറിയത്.

കോൺഗ്രസിനെ പോലും അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കൊണ്ടാണ് ഉമാ തോമസിന്റെ വിജയം. പി.ടി യെക്കാൾ കുറഞ്ഞ ഭൂരിപക്ഷത്തിലായിരിക്കും ഉമയുടെ വിജയം എന്നാണ് പല കോൺഗ്രസ് നേതാക്കളും പറഞ്ഞിരുന്നത്.

thepoliticaleditor

മറുവശത്തെ, കാടിളക്കി നടത്തിയ പ്രചാരണവും കോൺഗ്രസിനെ ഒന്ന് ആശങ്കപ്പെടുത്തിയിരിക്കണം. എന്നാൽ പ്രവചനങ്ങളെയെല്ലാം അപ്പാടെ തകിടം മറിച്ചാണ് നിയമസഭയിലെ പന്ത്രണ്ടാം വനിതാ അംഗമായി ഉമാ തോമസ് എത്തുന്നത്.

കേരളത്തിന്റെ ചെറുപതിപ്പ് എന്ന് ഇരു മുന്നണികളും വിശേഷിപ്പിച്ച തൃക്കാക്കരയിലെ തോൽവി ഇടത് മുന്നണിയിലും സർക്കാർ തീരുമാനങ്ങളിലും ഇനി എന്ത് മാറ്റം ഉണ്ടാക്കും എന്നാണ് എല്ലാവരും ഉറ്റു നോക്കുന്ന കാര്യം.

കെ റെയിൽ തന്നെയാണ് പ്രധാന വിഷയം. കെ റെയിൽ പദ്ധതിയുടെ ജനഹിതം എന്ന നിലയിലാണ് തൃക്കാക്കര തിരഞ്ഞെടുപ്പ് ആദ്യം മുതലേ വിലയിരുത്തപ്പെട്ടത്. ആയത് കൊണ്ട്തന്നെ ഇടത് മുന്നണിക്കേറ്റ കടുത്ത തോൽവിക്ക് പിന്നാലെ കെ റെയിൽ പദ്ധതിയിൽ എന്ത് തീരുമാനമാകും സർക്കാർ എടുക്കുക എന്നത് എല്ലാവരും ആകാംഷയോടെ കാത്തിരിക്കുന്ന കാര്യമാണ്. വരും ദിവസങ്ങളിൽ സർക്കാർ നിലപാട് വ്യക്തമാകും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

ജനവികാരം അനുകൂലമാക്കാൻ തങ്ങളാൽ കഴിയുന്നതൊക്കെ സർക്കാർ തിരഞ്ഞെടുപ്പിന് മുന്നോടിയായി ചെയ്തിരുന്നു എന്ന് വേണം പറയാൻ. നടിയെ ആക്രമിച്ച കേസിലെ നേരിട്ടുള്ള ഇടപെടലും മതവിദ്വേഷ നീക്കങ്ങൾക്കെതിരെയുള്ള ശരവേഗ നടപടിയും എല്ലാം ഉദാഹരണങ്ങളാണ്. എന്നാൽ ഇവയൊന്നും തൃക്കാക്കരയിൽ വിലപ്പോയില്ല എന്ന് വേണം കരുതാൻ.

ശക്തമായ സഹതാപ തരംഗവും കെ റെയിൽ വിരുദ്ധ സമരങ്ങളുടെ വിജയവും ഈ തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു എന്ന് പറയാം.

തിരഞ്ഞെടുപ്പിൽ ഉമ തോമസിന്റെ വിജയത്തോടൊപ്പം ചർച്ച ചെയ്യപ്പെട്ട ഒന്നാണ് പ്രതിപക്ഷ നേതാവിന്റെ മുഖഛായയും. സിറ്റിങ് സീറ്റായ തൃക്കാക്കര നഷ്ടപ്പെട്ടിരുന്നുവെങ്കിൽ പ്രതിപക്ഷ നേതാവിന് അത് കനത്ത തിരിച്ചടിയായേനെ. ഉമ തോമസിന്റെ വിജയത്തോടൊപ്പം വി.ഡി സതീശനെ പുകഴ്ത്തിയും സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ഉയർന്നുവരുന്നുണ്ട്. ‘യഥാർത്ഥ ക്യാപ്റ്റൻ’ വി.ഡി സതീശനാണ് എന്ന തലക്കെട്ടോടെയാണ് പോസ്റ്റുകൾ.

ഉമ തോമസ് വിജയം ഉറപ്പിച്ചത് മുതൽ അനിൽ അക്കരെയുടെയും ഹൈബി ഈഡൻ എംപിയുടെയും ഫേസ്ബുക് പേജ് വഴി ഈ രീതിയിലുള്ള പ്രചാരണം ആരംഭിച്ചിരുന്നു. നേതൃമാറ്റത്തിന് ശേഷം കോൺഗ്രസ് നേരിടുന്ന ആദ്യ തിരഞ്ഞെടുപ്പ് എന്ന നിലയിൽ തൃക്കാക്കര കോൺഗ്രസിന് വലിയ ആത്മവിശ്വാസം നൽകുന്ന ഒന്നാണ് എന്നതിൽ സംശയമില്ല.

Spread the love
English Summary: what else after thrikkakara

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick