Categories
kerala

സ്വപ്‌നയെ വളഞ്ഞു പിടിക്കാന്‍ പൊലീസ്‌…ലൈഫ്‌ മിഷന്‍ കേസ്‌ സജീവമാക്കി കുരുക്ക്‌ തീര്‍ക്കും

സ്വര്‍ണ കള്ളക്കടത്തു കേസില്‍ അന്തിമ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ലാത്ത എന്‍ഫോഴ്‌സ്‌മെന്റ്‌ വിഭാഗത്തിന്‌ ചില പുതിയ തെളിവുകള്‍ നല്‍കിക്കൊണ്ട്‌ സ്വപ്‌ന സുരേഷ്‌ ഇന്നലെ നടത്തിയ വെളിപ്പെടുത്തലുകളും നല്‍കിയ രഹസ്യമൊഴിയും കേരളസര്‍ക്കാരിനെ വലിയ സമ്മര്‍ദ്ദത്തിലാക്കി എന്ന യാഥാര്‍ഥ്യം അടിവരയിട്ടു കൊണ്ടുള്ള ചില നീക്കങ്ങളിലേക്കാണ്‌ സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ നീക്കം. ഇതിന്റെ ഭാഗമായാണ്‌ വടക്കാഞ്ചേരി ലൈഫ്‌ മിഷന്‍ ക്രമക്കേട്‌ വീണ്ടും പൊടിതട്ടിയെടുത്ത്‌ സ്വപ്‌നയ്‌ക്ക്‌ കുരുക്കു തീര്‍ക്കാന്‍ മറുതന്ത്രവുമായി വിജിലന്‍സ്‌ നീങ്ങുന്നതും.

ചൊവ്വാഴ്‌ച ഉച്ചയ്‌ക്കു ശേഷം സ്വപ്‌ന ചില വെളിപ്പെടുത്തലുകള്‍ നടത്തിയതിനു പിന്നാലെ ബുധനാഴ്‌ച രാവിലെ പാലക്കാട്ടെ സ്വപ്‌നയുടെ ഫ്‌ലാറ്റില്‍ താമസിച്ചു വരുന്ന സരിത്തിനെ വിജിലന്‍സ്‌ നാടകീയമായി പിടികൂടിക്കൊണ്ടു പോയിരിക്കുന്നത്‌. ബുധനാഴ്‌ച രാവിലെ സ്വപ്‌ന വീണ്ടും മാധ്യമങ്ങളോട്‌ പ്രതികരിച്ചതിനു പിന്നാലെയാണ്‌ സരിത്തിനെ കസ്റ്റഡിയിലെടുക്കാന്‍ വിജിലന്‍സ്‌ എത്തിയത്‌.
പൊലീസാണ്‌ സരിത്തിനെ ബലമായി പിടികൂടി കൊണ്ടുപോയിരിക്കുന്നത്‌ എന്ന്‌ അറിവായത്‌ പിന്നീടാണ്‌.

thepoliticaleditor

പൊലീസ്‌ വേഷത്തില്‍ എത്തിയവര്‍ തട്ടിക്കൊണ്ടുപോയി എന്നാണ്‌ സ്വപ്‌ന പ്രതികരിച്ചത്‌. എന്നാല്‍ ഫ്‌ലാറ്റ്‌ മാനേജര്‍ മാധ്യമങ്ങളോട്‌ കാര്യങ്ങള്‍ വെളിപ്പെടുത്തി. പൊലീസാണ്‌ വന്നതെന്നും ബലം പ്രയോഗിച്ച്‌ സരിത്തിനെ കൊണ്ടു പോയി എന്നും മാനേജര്‍ വ്യക്തമാക്കി.

സ്വപ്‌ന സര്‍ക്കാരിനെ കുരുക്കിലാക്കാന്‍ പുതിയ ശ്രമം നടത്തിയപ്പോള്‍ അതിനു മറു തന്ത്രം എന്ന നിലയില്‍ സ്വപ്‌നയെ തിരിച്ചു കുരുക്കിലാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ്‌ ലൈഫ്‌ മിഷന്‍ കേസ്‌ വീണ്ടും സജീവമാക്കി അതില്‍ കൈക്കൂലി പറ്റിയതായി ആരോപിക്കപ്പെടുന്ന സ്വപ്‌ന ഉള്‍പ്പെടെയുള്ള പ്രതികളെ കുരുക്കാനുള്ള ശ്രമം.

സ്വപ്‌നയുടെ പുതിയ വെളിപ്പെടുത്തലുകളില്‍ ഗൂഢാലോചനയുണ്ടെന്ന കാണിച്ച്‌ മുന്‍ മന്ത്രി കെ.ടി.ജലീല്‍ ഇന്ന്‌ രാവിലെ തിരുവനന്തപുരം കണ്ടോണ്‍മെന്റ്‌ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്‌. സ്വപ്‌നയ്‌ക്കെതിരെ പുതിയ കുരുക്കിടാന്‍ പൊലീസിന്‌ സൗകര്യം നല്‍കുന്നതാണ്‌ ജലീലിന്റെ പരാതിയിലെ തുടര്‍ നടപടികള്‍.

എന്നാല്‍ ലൈഫ്‌ മിഷന്‍ കേസില്‍ സ്വപ്‌നയെപ്പോലെ തന്നെ പ്രതിയാണ്‌ എം.ശിവശങ്കര്‍. അദ്ദേഹത്തെ ഇപ്പോള്‍ സസ്‌പെന്‍ഷന്‍ എല്ലാം അവസാനിപ്പിച്ച്‌ സര്‍ക്കാര്‍ സര്‍വീസില്‍ തിരികെ പ്രവേശിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്‌. സരിത്തിനെയും തന്നെയും കുരുക്കുകയാണെങ്കില്‍ അതിനും മുമ്പേ ശിവശങ്കറെ പിടിക്കാത്തതെന്തു കൊണ്ട്‌ എന്നാണ്‌ സ്വപ്‌ന ഇന്ന്‌ ചോദിച്ചിരിക്കുന്നത്‌. തനിക്കും കുടുംബത്തിനും സുരക്ഷാഭീഷണിയുണ്ടെന്ന സ്വപ്‌നയുടെ പ്രസ്‌താവനയും ചില കാര്യങ്ങള്‍ മുന്‍കൂട്ടി കണ്ടുകൊണ്ട്‌ ഒരു മുഴം മുമ്പേയുള്ള ഏറ്‌ ആണെന്ന്‌ കരുതപ്പെടുന്നു.

Spread the love
English Summary: vijilence to trap swapna and sarith in life mission case

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick