കേരളത്തിലെ താരങ്ങളുടെ ഏക സംഘടനയാണ് എ.എം.എം.എ. എന്ന അമ്മ. അതിന്റെ ജനറല്‍ ബോഡി യോഗം കൊച്ചിയില്‍ ഇന്നു നടന്നപ്പോള്‍ അടുത്തിടെ വാര്‍ത്തയില്‍ നിറഞ്ഞ താരം വിജയ്ബാബു യോഗത്തില്‍ കൂസലില്ലാതെ പങ്കെടുക്കുന്നുണ്ട് എന്നത് സമൂഹമാധ്യമങ്ങളിലും ചര്‍ച്ചയാവുകയാണ്. പ്രലോഭനങ്ങളുടെ ചതിക്കുഴിയില്‍ വീഴ്ത്തി ലൈംഗികമായി തന്നെ ഉപയോഗപ്പെടുത്തിയെന്ന ഒരു യുവനടിയുടെ പരാതി കേരളത്തില്‍ സൃഷ്ടിച്ച കോളിളക്കത്തിനിടയിലും വിജയ്ബാബു താരസംഘടനയുടെ യോഗത്തിലെ താരമാണ്. എന്തുകൊണ്ടാണ് തല്‍ക്കാലം യോഗത്തില്‍ നിന്ന് മാറിനില്‍ക്കണമെന്ന നയം താരസംഘടന സ്വീകരിക്കാത്തത് എന്ന ചോദ്യം ഉയരുന്നുണ്ട്. സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമാണെന്ന വ്യാഖ്യാനം വിജയ്ബാബുവിന് രക്ഷാമാര്‍ഗമായിത്തീര്‍ന്നു എന്നല്ലാതെ എന്ത് സ്വീകാര്യതയാണ് ഒരു വേദിയില്‍ വിജയ്ബാബുവിന് ലഭ്യമാകുക. മൊത്തത്തില്‍ സ്ത്രീവിരുദ്ധതയുടെ താവളമെന്ന പേരുദോഷം അലങ്കാരമായി കരുതാവുന്ന സംഘടനയാണോ അമ്മ ചോദ്യവും ഉയരുന്നുണ്ട്.
നേരത്തെ, ലൈംഗിക പീഡന പരാതിയില്‍ വിജയ് ബാബുവിനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് നടിമാരായ ശ്വേത മേനോൻ, മാലാ പാർവതി, കുക്കു പരമേശ്വരൻ എന്നിവർ ‘അമ്മ’യുടെ ആഭ്യന്തര പരാതി പരിഹാര സമിതിയില്‍നിന്നു രാജി വെച്ചിരുന്നു. ഇതൊന്നും ആ സംഘടനയുടെ കണ്ണ് തുറപ്പിക്കുകയില്ല. നിരപരാധിത്വം തെളിയിക്കുന്നതുവരെ ‘അമ്മ’ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്ന് മാറിനിൽക്കാമെന്നായിരുന്നു കേസിനു പിന്നാലെ വിജയ് ബാബുവിന്റെ നിലപാട്. ഇക്കാര്യം ചൂണ്ടിക്കാട്ടി വിജയ് ബാബു നൽകിയ കത്ത് അമ്മ എക്സിക്യൂട്ടീവ് അംഗീകരിക്കുകയും ചെയ്തു. തന്റെ പേരിൽ ഉയർന്നുവന്ന ആരോപണങ്ങളുടെ പേരിൽ താൻ എക്സിക്യുട്ടീവ് കമ്മിറ്റി അംഗമായിരിക്കുന്ന സംഘടനയ്ക്ക് അവമതിപ്പ് ഉണ്ടാക്കാൻ ആഗ്രഹിക്കാത്തതിനാലാണ് മാറിനിൽക്കുന്നതെന്നും വിജയ് ബാബു അറിയിച്ചിരുന്നു.
എന്നാല്‍ ജനറല്‍ബോഡി യോഗത്തില്‍ താരപരിവേഷത്തോടെ പങ്കെടുത്തുകൊണ്ട് വിജയ്ബാബു ഇപ്പോള്‍ സ്ഥാപിക്കുന്നത് തനിക്ക് ഇത്തരം ലൈംഗിക പീഡന പരാതിയൊന്നും പ്രശ്‌നമില്ല എന്നാണ്. വിജയ്ബാബുവിനോട് തല്‍ക്കാലം മാറിനില്‍ക്കാന്‍ പറയാത്ത അമ്മ എന്ന സംഘടനയും പറയാതെ പറയുന്നത് സ്ത്രീകളെ അപമാനിക്കുന്നവരെ കെട്ടിയെഴുന്നള്ളിക്കാന്‍ മടിയില്ലാത്ത സംഘടനയാണ് ഇതെന്നാണ്. ഇതിനു മുമ്പുണ്ടായ കുപ്രസിദ്ധമായ നടിയെ ആക്രമിച്ച് ലൈംഗകമായി അപമാനിച്ച കേസിലെ പ്രമുഖനായ പ്രതിയെ നിരന്തരം സംരക്ഷിക്കുന്ന സമീപനമാണ് താരസംഘടന കാണിച്ചിട്ടുള്ളത് എന്നതിനാല്‍ വിജയ്ബാബുവിനൊപ്പം തന്നെയാണ് അവര്‍ എന്നത് ഏതാണ്ട് ഉറപ്പാണ്. വിജയ്ബാബുവിനെപ്പോലുള്ളവര്‍ക്ക് സംഘടനയില്‍ ലഭിക്കുന്ന സ്വീകാര്യത അതിന്റെ പ്രതിഫലനവുമാണ്.
