Categories
latest news

രാജി സന്നദ്ധത അറിയിച്ച് ഉദ്ധവ് താക്കറെ

മഹാരാഷ്ട്രയിൽ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾ തുടരുന്നതിനിടെ രാജി സന്നദ്ധത അറിയിച്ച് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ.വിമത എംഎൽഎമാർ നേരിട്ടു വന്ന് ആവശ്യപ്പെട്ടാൽ മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാൻ തയാറാണെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു.

‘വിട്ടു പോയിരിക്കുന്ന എംഎൽഎമാർ നേരിട്ടെത്തി, ഞാൻ മുഖ്യമന്ത്രിയായി തുടരരുത് എന്നു പറഞ്ഞാൽ രാജിക്ക് തയാറാണ്. അങ്ങനെ പറഞ്ഞാൽ അവർക്ക് രാജ്ഭവനിൽ ഗവർണർക്കു നൽകാനുള്ള രാജിക്കത്തു ഞാൻ തയാറാക്കി നൽകും, മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി അതോടെ ഒഴിയുകയും ചെയ്യും’

thepoliticaleditor

കോവിഡ് ബാധിതനായ താക്കറെ ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് രാജി സന്നദ്ധത അറിയിച്ചത്. അധികാരത്തോട് ആർത്തിയില്ലെന്നും ഉദ്ദവ് താക്കറെ പറഞ്ഞു.

‘മുഖ്യമന്ത്രി സ്ഥാനത്തോട് ആർത്തിയില്ല. അതാനായി ആരോടും യുദ്ധം ചെയ്തിട്ടില്ല. എന്റെ ആളുകൾക്ക് മുഖ്യമന്ത്രി പദത്തിൽ എന്നെ വേണ്ടെങ്കിൽ, ഞാൻ മുഖ്യമന്ത്രി ആയിരിക്കുന്നതിൽ ഒരു എംഎൽഎയ്ക്ക് എങ്കിലും എതിർപ്പുണ്ടെങ്കിൽ അതെന്നോട് നേരിട്ടു പറയൂ..ആ നിമിഷം ഞാൻ രാജിവയ്ക്കും. പക്ഷേ എന്റെ അടുത്ത് വന്ന് മുഖാമുഖം സംസാരിക്കണം. എന്തിനാണ് സൂറത്തിലേക്കു പോയിരിക്കുന്നത്?. മാത്രമല്ല ഞാൻ ശിവസേനയെ നയിക്കാൻ യോഗ്യനല്ലെങ്കിലും അതെന്നോടു പറയാം. ആ സ്ഥാനത്തുനിന്നു മാറാനും ഞാൻ തയാറാണ്.പകരം ശിവസേനയിൽനിന്ന് ആർക്കു വേണമെങ്കിലും മുഖ്യമന്ത്രിയാകാം ’– ഉദ്ധവ് പറഞ്ഞു.

‘ഭരണപരിചയമില്ലാതെയാണ് മുഖ്യമന്ത്രിയായത്. കോവിഡ് അടക്കം പല പ്രതിസന്ധികളെയും നേരിട്ടു. രാജ്യത്തെ മികച്ച അഞ്ച് മുഖ്യമന്ത്രിമാരിൽ ഒരാളായി. കഴിഞ്ഞ രണ്ടര വർഷമായി നിങ്ങൾ നൽകിയ പിന്തുണയ്ക്ക് നന്ദിയുണ്ട്. ‘നിങ്ങൾ സംസാരിക്കുമ്പോൾ ഉദ്ധവ് ജി ഞങ്ങളുടെ കുടുംബത്തിലെ ഒരാളായി തോന്നുന്നു’വെന്ന് നിരവധിപ്പേർ പറഞ്ഞിട്ടുണ്ട്. ആകസ്മികമായാണ് മുഖ്യമന്ത്രിസ്ഥാനം എന്നിലെത്തിയത്. അത് ഞാൻ ആഗ്രഹിച്ച ഒന്നല്ല. മുഖ്യമന്ത്രിയായി എന്നെ വേണ്ടെന്ന് ഒരു എംഎൽഎ പറഞ്ഞാൽ ഞാൻ രാജിവയ്ക്കും.

ഹിന്ദുത്വമൂല്യത്തിൽ നിന്ന് വ്യതിചലിച്ചിട്ടില്ല. ഹിന്ദുത്വവും ശിവസേനയും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ്. ബാലാ സാഹേബിന്റെ (ബാൽ താക്കറെ) ശിവസേനയിൽ നിന്ന് ഒരുമാറ്റവുമില്ല. ഹിന്ദുത്വത്തിനായി ഇനിയും പോരാടും. എല്ലാ എംഎൽഎമാരും ബാലാ സാഹേബിനൊപ്പമാണ്.’– ഉദ്ധവ് പറഞ്ഞു.

ഏക്നാഥ് ഷിൻഡെയെ ഉദ്ധവ് പരോക്ഷമായി വിമർശിച്ചു. ‘പാർട്ടിയുടെ ചില എംഎൽഎമാരെ കാണാതായി. പരസ്പരം ഭയമുള്ള ഒരു ശിവസേനയെ എനിക്ക് വേണ്ട. ബാലാ സാഹേബ് ഏൽപ്പിച്ച ഉത്തരവാദിത്തം നിറവേറ്റും. മുഖ്യമന്ത്രിയായത് സ്വാർത്ഥതകൊണ്ടല്ല.ആകസ്മികമായാണ് മുഖ്യമന്ത്രി സ്ഥാനം എന്നിലേക്ക് എത്തിയത്. സർക്കാരിനെ മുന്നോട്ടു കൊണ്ടുപോകാനുള്ള നിർദേശം അംഗീകരിക്കുക മാത്രമാണ് ചെയ്തത്. മുഖ്യമന്ത്രിയാകാൻ നിർദേശിച്ചത് ശരദ് പവാറാണ്, കോൺഗ്രസ് അതിനെ പിൻതാങ്ങുകയും ചെയ്തു’– ഉദ്ധവ് വ്യക്തമാക്കി. മുഖ്യമന്ത്രിയായി തുടരണമെന്ന് ആവശ്യപ്പെട്ട് ശരദ് പവാറും കോൺഗ്രസ് നേതാവ് കമൽ നാഥും ഫോണിൽ വിളിച്ചിരുന്നുവെന്നും ഉദ്ധവ് പറഞ്ഞു.

വിമത എംഎൽഎമാരോട് വൈകിട്ട് അഞ്ചിന് മുമ്പ് തിരികെയെത്തണമെന്നും അല്ലാത്ത പക്ഷം പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്നും അന്ത്യശാസനം നൽകിയിരുന്നു.എന്നാൽ, ശിവസേന നേതൃത്വത്തിന്റെ അന്ത്യശാസനം വിമതർ തള്ളി. ഉദ്ധവ് താക്കറെ വിളിച്ചു ചേർത്ത യോഗത്തിൽ 8 മന്ത്രിമാർ വിട്ടു നിൽക്കുകയും ചെയ്തിരുന്നു.

ഗവര്‍ണറുമായി കൂടിക്കാഴ്ചയ്ക്ക് ഏക്നാഥ് ഷിൻഡെ സമയം തേടിയിട്ടുണ്ട്. വിഡിയോ കോൺഫറൻസിനാണ് സമയം തേടിയത്. ഷിൻഡെയ്ക്ക് പിന്തുണ അറിയിച്ച് 34 എംഎൽഎമാർ ഗവർണർക്ക് കത്തു നൽകി.

34 ഭരണപക്ഷ എംഎൽഎമാർ അടക്കം 46 എംഎൽഎമാർ തന്റെ കൂടെ ഉണ്ടെന്നാണ് വിമത നേതാവ് ഏക്നാഥ് ഷിൻഡെ അവകാശപ്പെടുന്നത്.ശിവസേന നിയമസഭാ കക്ഷിയുടെ മുഖ്യപ്രതിനിധിയായി തനിക്കൊപ്പമുള്ള ഭരത് ഗോഗവാലെയെ നിയമിച്ചതായും ഷിന്‍ഡെ ട്വിറ്ററില്‍ കുറിച്ചു.ഉദ്ധവ് താക്കറെ വിളിച്ചു ചേർത്ത യോഗം നിയമപരമല്ലെന്നും ഷിൻഡെ ട്വീറ്റിൽ ആരോപിച്ചു.

Spread the love
English Summary: uddhav thakkare to resign

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick