പ്രവാചക നിന്ദ നടത്തിയ ബിജെപി മുൻവക്താവ് നുപുർ ശർമയെ അനുകൂലിച്ച് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിട്ടതിന് കൊല്ലപ്പെട്ട ഉദയ്പൂരിലെ കനയ്യലാലിന് നിരവധി തവണ ഭീഷണിയുണ്ടായിരുന്നതായി ഭാര്യ ജഷോദ. പോസ്റ്റിട്ടത്തിന് ശേഷം കൊലപാതക ഭീഷണി വന്നുകൊണ്ടിരുന്നു. ജോലിക്ക് പോവാൻ പറ്റിയിരുന്നില്ല. കുറച്ച് ദിവസങ്ങൾക്ക് ശേഷം കട വീണ്ടും തുറന്നപ്പോഴാണ് അക്രമണമുണ്ടായതെന്നും ജഷോദ പറഞ്ഞു.
തയ്യൽ കടയിൽ വസ്ത്രത്തിന് അളവെടുക്കാനെന്ന പേരിൽ രണ്ടുപേർ എത്തുകയും അളവെടുക്കുന്നതിനിടെ വലിയ കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്നും ജഷോദ വ്യക്തമാക്കി. കൊലപാതകത്തിനിടെ കൂടെയുണ്ടായിരുന്നയാൾ ദൃശ്യങ്ങൾ വീഡിയോയിൽ പിടിച്ച ശേഷം മോട്ടോർ ബൈക്കിൽ കയറി രക്ഷപ്പെട്ടുവെന്നും ഇവർ പറഞ്ഞു.
ഇതിനിടെ, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ചേർത്തു. ഭീതി പടർത്തുകയെന്ന ലക്ഷ്യമിട്ട് നടത്തിയ പ്രവർത്തനമായിരുന്നു ഇതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി അശോക് ഗെഹ്ലോട്ട് ട്വിറ്ററിൽ കുറിച്ചു. അറസ്റ്റിലായ രണ്ടു പേരുടേയും മറ്റ് രാജ്യങ്ങളുമായുള്ള ബന്ധവും പുറത്തുവരുന്നുണ്ടെന്ന് അദ്ദേഹം ട്വീറ്റിൽ വ്യക്തമാക്കി.
ആഭ്യന്തര മന്ത്രാലയം എൻ.ഐ.എ അന്വേഷണത്തിനും ഉത്തരവിട്ടുണ്ട്.
ഇന്നലെയാണ് രാജസ്ഥാനിലെ ഉദയ്പൂരിൽ, പ്രവാചകനെ അധിക്ഷേപിക്കുന്ന പരാമർശം നടത്തിയ ബിജെപി മുൻ വക്താവ് നുപുർ ശർമ്മയ്ക്ക് അനുകൂലമായി പോസ്റ്റിട്ട കനയ്യ ലാൽ എന്ന വ്യക്തിയുടെ തല രണ്ട് പേർ ചേർന്ന് അറുത്ത് മാറ്റിയത്.
സംഭവത്തിൽ രണ്ടു പേർ ഇന്നലെ രാത്രിയോടെ അറസ്റ്റിലായിരുന്നു. കൊലപാതകത്തിന്റെ ദൃശ്യങ്ങളിൽ പ്രചരിക്കുന്ന റാഫിഖ് മുഹമ്മദ്, അബ്ദുൾ ജബ്ബാർ എന്നീ രണ്ടുപേരാണ് പിടിയിലായത്.ഇവർക്ക് തീവ്രവാദ ഗ്രൂപ്പായ ഐസിസുമായി ബന്ധമുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.