മഹാരാഷ്ട്രയിൽ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെ വിമത ക്യാമ്പിൽ നിന്ന് രണ്ട് ശിവസേന എംഎൽഎമാർ മടങ്ങിയെത്തി.നിതിൻ ദേശ്മുഖ്,കൈലാസ് പാട്ടീൽ എന്നീ എംഎൽഎമാരാണ് തിരികെയെത്തിയത്.
തങ്ങളെ തട്ടിക്കൊണ്ടുപോയതാണ് എന്നാണ് ഇരുവരുടെയും ആരോപണം.

‘രാത്രി 12 മണിയോടെയാണ് ഞാൻ ഹോട്ടലിന് പുറത്തുകടക്കുന്നത്. വെളുപ്പിന് മൂന്നു മണിവരെ ഞാൻ റോഡിൽ നിന്നു. എനിക്ക് ഒരു വാഹനവും ലഭിച്ചില്ല. 150-ഓളം പോലീസുകാർ എന്നെ പിന്തുടർന്നിരുന്നു. അവരെനിക്ക് ഹൃദയാഘാതമുണ്ടെന്ന് പറഞ്ഞ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എനിക്ക് ശസ്ത്രക്രിയ നടത്താനാണ് അവർ ശ്രമിച്ചത്. ദൈവത്തിന്റെ കൃപയാൽ എനിക്ക് കുഴപ്പമൊന്നും സംഭവിച്ചില്ല’- ഇന്ന് നാഗ്പുർ വിമാനത്താവളത്തിൽ വിമാനമിറങ്ങിയ നിതിൻ ദേശ്മുഖ് പറഞ്ഞു.
ഏക്നാഥ് ഷിൻഡെക്കൊപ്പമാണ് സൂറത്തിലെത്തിയതെന്നും വിമത നീ ക്കത്തെക്കുറിച്ച് അറിവില്ലായിരുന്നുവെന്നും ദേശ്മുഖ് പറഞ്ഞു. സഹപ്രവർത്തകൻ എന്ന നിലയിലാണ് ഷിൻഡെക്ക് ഒപ്പം പോയത്. വിമതനീക്കത്തിനുള്ള ഗൂഢാലോചന തിരിച്ചറിഞ്ഞത് മുതൽ പ്രതിഷേധിക്കാൻ ആരംഭിച്ചു. എന്നാൽ എംഎൽഎമാരെ താമസിപ്പിച്ചിരുന്ന സ്ഥലത്തുനിന്ന് രക്ഷപെടാൻ സാധിച്ചിരുന്നില്ല. ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം ബലമായി കുത്തിവെപ്പ് നൽകിയെന്നും അദ്ദേഹം പറഞ്ഞു.
നിതിൻ ദേശ്മുഖിനെ മുംബൈയിൽ നിന്ന് തട്ടിക്കൊണ്ടു പോയതാണെന്ന് പാർട്ടി നേതാവ് സഞ്ജയ് റാവത്ത് നേരത്തെ ആരോപിച്ചിരുന്നു. രക്ഷപെടാൻ ശ്രമിച്ച അദ്ദേഹത്തെ ഗുജറാത്ത് പോലീസ് മർദ്ദിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഭർത്താവിനെ കാണാനില്ലെന്ന് കാണിച്ച് നിതിൻ ദേശ്മുഖിന്റെ ഭാര്യ പോലിസിൽ പരാതി നൽകിയതായി പോലിസ് ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചിരുന്നു.
ഒസ്മാനാബാദ് എം എല്‍ എ ആയ കൈലാസ് പാട്ടീല്‍ പറഞ്ഞത് സൂറത്തിലേക്ക് പോകുംവഴി അതിര്‍ത്തിയിലെ ചെക്ക് പോസ്റ്റില്‍ വെച്ച് മറ്റുള്ളവരുടെ കണ്ണ് വെട്ടിച്ച്ര ക്ഷപ്പെടുകയായിരുന്നുവെന്നാണ്
കിലോമീറ്ററുകളോളം മഴയത്ത് നടന്നും ബൈക്കിലും ട്രക്കിലും യാത്ര ചെയ്തുമാണ് താൻ മുഖ്യമന്ത്രിക്ക് അരികിൽ എത്തിയതെന്നും അദ്ദേഹം പറയുന്നു.
തിങ്കളാഴ്ചത്തെ ലജിസ്ലേറ്റീവ് കൗൺസിൽ തിരഞ്ഞെടുപ്പിന് ശേഷം എംഎൽഎമാർക്ക് അത്താഴവിരുന്നുണ്ടെന്ന അറിയിപ്പിച്ച് ലഭിച്ചപ്പോഴാണ് താൻ പോയത്. യാത്ര തുടരവെ കാർ മറ്റൊരു വഴിയിലൂടെ പോയപ്പോഴാണ് തനിക്ക് പന്തികേട് തോന്നിയതെന്നും കൈലാസ് പറയുന്നു.
ചോദ്യം ചെയ്തപ്പോൾ ഷിൻഡെ തങ്ങളോട് സംസാരിക്കുമെന്നാണ് അറിയിച്ചത്. എന്നാൽ യാത്രയ്ക്കിടെ താൻ അതിർത്തിയിൽ വെച്ച് രക്ഷപ്പെട്ടെന്നും മുഴുവൻ കാര്യങ്ങളും ഉദ്ധവ് താക്കറെയെ അറിയിച്ചിട്ടുണ്ടെന്നും കൈലാസ് പറഞ്ഞു.