Categories
kerala

വോട്ടെടുപ്പിനു ശേഷമുള്ള മൂഡ്‌ ജോ ജോസഫിന്‌ അനുകൂലം…സഹതാപ തരംഗം വര്‍ക്കൗട്ടായില്ലെന്നും സംശയം

തൃക്കാക്കരയുടെ ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം…വോട്ടെടുപ്പിനു ശേഷം തൃക്കാക്കരക്കാരുടെ പൊതുവായ മൂഡ്‌ ജോ ജോസഫ്‌ ജയിക്കും എന്ന നിലയിലാണ്‌. നേരിയ ഭൂരിപക്ഷത്തിന്‌ ജോ ജോസഫ്‌ മണ്ഡലം പിടിച്ചെടുക്കും എന്ന്‌ ജനങ്ങള്‍ ചിന്തിക്കുന്നു. പോളിങ്‌ ശതമാനം കുറഞ്ഞതില്‍ ഇടതു പക്ഷം ആശങ്കപ്പെടുന്നില്ല. കാരണം സ്വന്തം വോട്ടുകള്‍ കൃത്യമായി ചെയ്യിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അതിനാവശ്യമായ സ്‌ക്വാഡുകള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ഇടതു മുന്നണി കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നു.
യു.ഡി.എഫിന്‌ നല്ല പോലെ വോട്ട്‌ കിട്ടുമെന്ന്‌ പ്രതീക്ഷിച്ചിരുന്ന ചില കേന്ദ്രങ്ങളില്‍ പോളിങ്‌ കുറഞ്ഞു എന്നതും ശ്രദ്ധേയമാണ്‌. ഇത്‌ തങ്ങള്‍ക്ക്‌ അനുകൂലമാകുമെന്നാണ്‌ ഇടതു മുന്നണി വിലയിരുത്തുന്നത്‌.

അതു പോലെ പി.ടി. തോമസിന്‍രെ വിയോഗത്തിലുള്ള സഹതാപ തരംഗം സ്‌ത്രീകള്‍ക്കിടയില്‍ ഉമ തോമസിന്‌ അനുകൂലമായ നില ഉണ്ടാക്കുമെന്ന പരമ്പരാഗത നിഗമനം തെറ്റാണെന്ന്‌ പോളിങ്‌ ശതമാനം തെളിയിക്കുന്നു. സ്‌ത്രീ വോട്ടര്‍മാര്‍ കൂടുതലുള്ള തൃക്കാക്കരയില്‍ വോട്ടു ചെയ്‌തത്‌ കേവലം 67.13 ശതമാനം സ്‌ത്രീകള്‍ മാത്രമാണ്‌. 1,01530 സ്‌ത്രീ വോട്ടര്‍മാരില്‍ 68,167 പേര്‍ മാത്രമാണ്‌ വോട്ടു ചെയ്യാനെത്തിയത്‌. ഉമ തോമസിനോട്‌ സ്‌ത്രീകളില്‍ വലിയ അനുതാപ തരംഗം പ്രതീക്ഷിച്ചത്‌ നടന്നിട്ടില്ലെന്നതിന്റെ കൂടി സൂചനയാണിത്‌.

thepoliticaleditor

ഈ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ഭരണ നേതൃത്വം മൊത്തമായി തൃക്കാക്കരയില്‍ തമ്പടിച്ച്‌ വോട്ടര്‍മാരെ സന്ദര്‍ശിച്ചത്‌ വലിയ സ്വാധീനമാണ്‌ ചെലുത്തിയിരിക്കുന്നത്‌. മന്ത്രിമാര്‍ നേരിട്ട്‌ വന്ന്‌ കൈപിടിച്ചു കുലുക്കി വോട്ടു ചോദിച്ചത്‌ ആവേശത്തോടെ പറയുന്ന ധാരാളം വോട്ടര്‍മാര്‍ ഇത്തവണ ഇവരുടെ പക്ഷത്തിന്‌ വോട്ട്‌ ചെയ്‌തു എന്ന്‌ പരസ്യമായി പറയാന്‍ മടി കാണിക്കുന്നില്ല. അതു പോലെ വികസന മുദ്രാവാക്യം തൃക്കാക്കരയിലെ പ്രൊഫഷണല്‍ രംഗത്ത്‌ ജോലി ചെയ്യുന്ന പരശ്ശതം വോട്ടര്‍മാരെ സ്വാധീനിക്കാവുന്ന ആശയമാണ്‌. സാമ്പത്തികമായി ഉയര്‍ന്ന നിലയിലുള്ള ഉദ്യോഗസ്ഥരായ ഇതര ജില്ലകളില്‍ നിന്നെത്തി സോഫ്‌റ്റ്‌ വെയര്‍ ഉള്‍പ്പെടെയുള്ള രംഗങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക്‌ കെ-റെയില്‍ പോലുള്ള അതിവേഗ ഗതാഗത സംവിധാനങ്ങളില്‍ താല്‍പര്യമുണ്ട്‌. അത്‌ നടപ്പാക്കുമെന്ന ഇടതുപക്ഷത്തിന്റെ വാഗ്‌ദാനം ഇത്തരം മധ്യവര്‍ഗ വോട്ടര്‍മാരെ സ്വാധീനിക്കുമെന്നുറപ്പാണ്‌.

മറുവശത്ത്‌ താരമൂല്യം തീര്‍ത്തും ശരാശരിയായ കാമ്പയിനര്‍മാരാണ്‌ യു.ഡി.എഫിന്‌ ഉണ്ടായിരുന്നത്‌. മണ്ഡലത്തില്‍ എല്ലായിടത്തും കേള്‍ക്കുന്ന ഒരു വാചകം ഇത്‌ ഉമ തോമസിന്റെ പോരാട്ടമല്ല, വി.ഡി.സതീശന്റെ പോരാട്ടമാണ്‌ എന്നതാണ്‌. കോണ്‍ഗ്രസിനായി ജനത്തെ സ്വാധീനിക്കാന്‍ താരപ്രചാരകര്‍ ആരും ഉണ്ടായിട്ടില്ല. വോട്ടര്‍മാരിലേക്ക്‌ ഇറങ്ങാന്‍ താര പ്രചാരകര്‍ എത്തിയിരുന്നെങ്കില്‍ നേരത്തെ മന്ത്രിമാരുള്‍പ്പെടെ ഉണ്ടാക്കിയ പ്രചാരണ മികവിനെ തോല്‍പിക്കാന്‍ കഴിയുമായിരുന്നു. കേരളത്തിലെ എം.പി. എന്ന നിലയില്‍ രാഹുല്‍ഗാന്ധിയെ ഇവിടെ പ്രചാരണത്തിന്‌ കൊണ്ടുവരാമായിരുന്നു. എ.കെ.ആന്റണിക്കും ഉമ്മന്‍ ചാണ്ടിക്കും അനാരോഗ്യം വിനയായി. വ്യക്തിപ്രഭാവമുള്ള ഒറ്റ കോണ്‍ഗ്രസ്‌ നേതാവും തൃക്കാക്കര ഇളക്കിമറിക്കാനെത്തിയില്ല എന്നത്‌ ഉമ തോമസിന്‌ വലിയ തിരിച്ചടി സമ്മാനിക്കാവുന്ന ഘടകമാണ്‌.
മറ്റൊരു പ്രധാന കാര്യം പി.ടി.തോമസിനോട്‌ സഭാവിശ്വാസികളില്‍ ഒരു വിഭാഗത്തിന്‌ ഇപ്പോഴും ഉള്ള നീരസമാണ്‌. ഇത്‌ വെറുതെ പറയുന്നതാണ്‌ എന്ന വാദത്തില്‍ കഴമ്പില്ല. ബെന്നി ബെഹനാന്‍ 2011-ല്‍ 22,406 വോട്ടിന്റെ ഭൂരിപക്ഷം നേടി വമ്പന്‍ വിജയം നേടിയിടത്ത്‌ പിന്നീട്‌ പി.ടി.തോമസിന്‌ കിട്ടിയത്‌ 11,966 വോട്ടിന്റെ ഭൂരിപക്ഷം മാത്രമായിരുന്നു. കഴിഞ്ഞ വര്‍ഷം തോമസിന്റെ സ്വീകാര്യത കുറച്ചു കൂടി മെച്ചമായപ്പോള്‍ ഭൂരിപക്ഷം 13,813 ആയി. പക്ഷേ ബെന്നി നേടിയതില്‍ നിന്നും അപ്പോഴും 8000-ല്‍പരം വോട്ട്‌ കുറവാണ്‌. തീര്‍ച്ചയായും ഇത്‌ കത്തോലിക്കാ സഭാവിശ്വാസികള്‍ക്ക്‌ ഇപ്പോഴും തോമസിനോട്‌ നിലനില്‍ക്കുന്ന, മാഞ്ഞു പോയിട്ടില്ലാത്ത നീരസത്തിന്റെ ഫലമാണ്‌. ഈ നീരസം മുതലെടുക്കാന്‍ കഴിയും വിധമാണ്‌ എല്‍.ഡി.എഫ്‌. ഇവിടെ സ്ഥാനാര്‍ഥിയെ നിര്‍ത്തിയത്‌.

ജോ ജോസഫിന്‌ സഭയുടെ സ്വീകാര്യതയുമുണ്ട്‌, വിപരീതമായ പ്രതിച്ഛായയും ഇല്ല. അതു കൊണ്ടു തന്നെ കുറഞ്ഞത്‌ ഈ 8000 വോട്ട്‌ ജോ ജോസഫിന്റെ പക്ഷത്തേക്ക്‌ ചാഞ്ഞാല്‍ തന്നെ ഇടതു സ്ഥാനാര്‍ഥിയുടെ വിജയം സുനിശ്ചിതമാണ്‌. അതില്‍ പാതി കിട്ടിയാല്‍ തന്നെ 3000-4000 ഭൂരിപക്ഷത്തില്‍ മണ്ഡലം പിടിക്കാന്‍ കഴിയും.

ബി.ജെ.പി.യുടെ 15 ശതമാനത്തോളം വോട്ടുകള്‍ നിര്‍ണായകമാണ്‌. ബി.ജെ.പി. വോട്ടുകള്‍ ഒരു ഭാഗം മറിച്ചു കിട്ടിയാല്‍ ഉമ തോമസിന്‌ വിജയം ഉറപ്പിക്കാം. ബി.ജെ.പി.യുടെ സ്ഥാനാര്‍ഥി കാര്യമായ സ്വാധീനമൊന്നും മണ്ഡലത്തില്‍ ഉണ്ടാക്കിയിട്ടില്ല എന്നാണ്‌ പറയപ്പെടുന്നത്‌. മാത്രമല്ല, പി.സി. ജോര്‍ജിന്റെ പ്രശ്‌നം മണ്ഡലത്തില്‍ ബി.ജെ.പി.ക്ക്‌ കൂടുതല്‍ വിമര്‍ശനം വാങ്ങിക്കൊടുക്കുകയാണ്‌ ചെയ്‌തിരിക്കുന്നത്‌.
്‌

Spread the love
English Summary: trikkakkara waiting for results... who will win

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick