ജൂൺ 8,ലോക ബ്രെയിൻ ട്യൂമർ ദിനമായ ഇന്നലെ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് അർബുദ രോഗികൾക്ക് ഒരു സന്തോഷവാർത്തയുമായാണ് എത്തിയത്. ക്യാൻസർ 100% ഉന്മൂലനം ചെയ്യാൻ കഴിയുന്ന മരുന്ന് പരീക്ഷിച്ച് വിജയിച്ചതായി ഇന്നലെ പ്രഖ്യാപിച്ചിരുന്നു. യുഎസിലെ മാൻഹട്ടനിലുള്ള മെമ്മോറിയൽ സ്ലോൺ കെറ്ററിംഗ് കാൻസർ സെന്ററിലാണ് പരീക്ഷണം നടന്നത്.
‘ഡോസ്റ്റാർലിമാബ്’ എന്ന മരുന്ന് 12 മലാശയ കാൻസർ രോഗികൾക്ക് നൽകുകയും ശാരീരിക പരിശോധന, എൻഡോസ്കോപ്പി, പോസിട്രോൺ എമിഷൻ ടോമോഗ്രഫി (പിഇടി), മാഗ്നറ്റിക് റെസൊണൻസ് ഇമേജിംഗ് (എംആർഐ) സ്കാൻ എന്നിവയിലൂടെയൊന്നും രോഗം പിന്നീട് കണ്ടെത്താനാകാത്തതിനാൽ പൂർണ്ണമായും അർബുദം ഇവരിൽ നിന്ന് ഭേദമായതായി കണ്ടെത്തുകയും ചെയ്തു.
എന്നാൽ, മരുന്ന് എല്ലാ അർബുദ രോഗികൾക്കും ഒരുപോലെ ഉപയോഗപ്രദമാകുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്.
വളരെ ചെറിയ ഒരു കൂട്ടം ആളുകളിലാണ് പഠനം നടത്തിയതെന്നും വ്യത്യസ്ത സമയങ്ങളിൽ വ്യത്യസ്ത രീതികളിൽ അർബുദം രോഗികളിൽ കണ്ട് വരുന്നതിനാൽ ഇവയെല്ലാം പരിഗണിക്കേണ്ടതുണ്ടെന്നും സീനിയർ അർബുദ രോഗ വിദഗ്ധ ആയ പ്രഖ്യാ ശുക്ലയും പ്രമോദ് കുമാർ ജുൽകയും ഇന്ത്യ ടുഡേയോട് പറഞ്ഞു.
മരുന്നിന്റെ വിലയുടെ കാര്യവും പ്രധാനമാണ്. പഠനങ്ങൾ പ്രകാരം, എല്ലാ മൂന്ന് ആഴ്ചയിലും 6 മാസം വരെയാണ് മരുന്ന് നൽകേണ്ടത്. ഇന്ത്യൻ മാർക്കറ്റ് വില കണക്കിലെടുക്കുമ്പോൾ 6 മാസത്തെ ചികിത്സയ്ക്ക് 30 ലക്ഷം രൂപ വരെ ചിലവ് വരും. ഇന്ത്യയിലെ ജനങ്ങൾക്ക് ഇത് താങ്ങാനാവില്ല എന്നും അവർ പറഞ്ഞു.
ജീനുകൾ വ്യത്യാസപ്പെടുന്നത് കൊണ്ട് ഇത്തരം പഠനങ്ങൾ ഇന്ത്യൻ സാഹചര്യത്തിലും നടത്തേണ്ടതുണ്ടെന്നും ഡോ പ്രമോദ് ജുൽക്ക പറഞ്ഞു.
എന്നിരുന്നാലും, വേദനാ ജനകമായ കീമോതെറാപ്പിയും ശസ്ത്രക്രിയയും കൂടാതെ രോഗികൾക്ക് ചികിത്സ നൽകാമെന്നുള്ളത് ഈ മരുന്ന് നൽകുന്ന പ്രതീക്ഷ ആണെന്നും ഇരുവരും പറഞ്ഞു.
മരുന്നിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങൾ നടക്കാനിരിക്കുകയാണ്.