Categories
kerala

ശിവസേനയും കളി തുടങ്ങി…വിമതര്‍ക്ക്‌ സമ്മര്‍ദ്ദം ഏറും..ബി.ജെ.പി.ക്ക്‌ തിരിച്ച്‌ സ്‌ട്രൈക്ക്‌ നല്‍കും

മഹാരാഷ്ട്രയിലെ സര്‍ക്കാരിനെ അട്ടിമറിക്കാനായി ബി.ജെ.പി. പരസ്യമായി കളത്തിലിറങ്ങിയ സാഹചര്യത്തില്‍ വിമത എം.എല്‍.എ.മാര്‍ക്കെതിരെ മറുതന്ത്രവുമായി ശിവസേനയും ഇറങ്ങി. ഇതോടെ രംഗം കൂടുതല്‍ നാടകീയമായി മാറുകയാണ്‌. ഗുവാഹത്തിയിലെ ഹോട്ടലിൽ കഴിയുന്ന 12 വിമത എംഎൽഎമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ശിവസേന വ്യാഴാഴ്ച ഡെപ്യൂട്ടി സ്പീക്കർക്ക് കത്ത് നൽകിയിട്ടുണ്ട്. പാർട്ടി യോഗത്തിൽ പങ്കെടുക്കാത്ത 12 എംഎൽഎമാർക്കെതിരെയാണ് നടപടി വേണമെന്നാണ് ശിവസേനയുടെ ആവശ്യം. വ്യാഴാഴ്ച വൈകിട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ വസതിയായ മാതോശ്രീയിൽ നടന്ന യോഗത്തിൽ 13 എംഎൽഎമാർ മാത്രമാണ് പങ്കെടുത്തത്.

വിമതര്‍ക്ക്‌ എളുപ്പത്തില്‍ കീഴടങ്ങി എന്ന ഒരു തോന്നല്‍ കഴിഞ്ഞ ദിവസം ഉണ്ടാക്കിയത്‌ ശരിയല്ലെന്ന തോന്നലില്‍ നിന്നും ഇനി ശക്തമായി കളിക്കുക എന്ന നിലപാടിലേക്ക്‌ ശിവസേനാ നേതൃത്വം വന്നിരിക്കയാണ്‌.
അയോഗ്യതാ വിഷയം എടുത്തിടുന്നതോടെ വിമത എം.എല്‍.എ.മാരില്‍ കൂടുതല്‍ സമ്മര്‍ദ്ദം ഉണ്ടാക്കുക, സ്‌പീക്കര്‍ക്ക്‌ തീരുമാനമെടുക്കേണ്ട സാഹചര്യമുണ്ടാക്കി കൂടുതല്‍ നിയമക്കുരുക്കിലേക്ക്‌ വിമതരെ എത്തിക്കുക തുടങ്ങിയ തന്ത്രങ്ങളാണ്‌ ശിവസേന ആലോചിക്കുന്നതെന്ന്‌ വ്യക്തം. എളുപ്പത്തില്‍ എം.എല്‍.എ.മാരെ ഉപയോഗിച്ച്‌ ഭരണം അട്ടിമറിക്കാന്‍ അനുവദിക്കരുതെന്ന ധാരണയാണ്‌ ശിവസേനയുടെ നീക്കങ്ങളില്‍ നിഴലിക്കുന്നത്‌. സമ്മര്‍ദ്ദത്തിലൂടെ എം.എല്‍.എ.മാരെ ഭൂരിപക്ഷത്തെയും തിരികെ കൊണ്ടുവരാനാകുമെന്നാണ്‌ ശിവസേന നേതൃത്വം പ്രത്യാശിക്കുന്നത്‌. പെട്ടെന്നുള്ള ആവേശം കെട്ടടങ്ങുമ്പോള്‍ വിമതര്‍ക്ക്‌ ചാഞ്ചാട്ടം ഉണ്ടാകുമെന്ന വിശ്വാസവും ഉണ്ട്‌. മുഖ്യമന്ത്രിസ്ഥാനം രാജി വെക്കാതെ ഔദ്യോഗിക വസതി ഒഴിഞ്ഞ്‌ സ്വന്തം വീട്ടിലേക്ക്‌ മടങ്ങിയ ഉദ്ധവ്‌ താക്കറേയുടെ നടപടി കാര്യങ്ങളെ അല്‍പം വൈകാരികമാക്കി മാറ്റാനുള്ള ഉദ്ദേശത്തിലുമാണ്‌. ശിവസേനയുടെ തലതൊട്ടപ്പനായിരുന്ന ബാല്‍ താക്കറേയുടെ വീടായ മാതോശ്രീയിലേക്ക്‌ എം.എല്‍.എ.മാരെ വിളിച്ചിട്ട്‌ വന്നില്ല എന്നത്‌ അണികളില്‍ അവര്‍ക്കെതിരായ ഓളം ഉണ്ടാക്കുമെന്നും ഇത്‌ എം.എല്‍.എ.മാരില്‍ സമ്മര്‍ദ്ദം ഉണ്ടാക്കിയേക്കാമെന്നും സേനാ നേതൃത്വം വിശ്വസിക്കുന്നതായി പറയുന്നു. ഇത്തരം തന്ത്രങ്ങള്‍ വഴി പുനര്‍ചിന്തയുടെ വാതില്‍ തുറക്കുക, ഒപ്പം സമാന്തരമായി ശരദ്‌ പവാറിന്റെ നേതൃത്വത്തിലുള്ള തന്ത്രങ്ങള്‍ തുടരുക-ബി.ജെ.പി.യുടെ കളികളെ മറികടക്കാന്‍ ശിവസേനയും കളത്തില്‍ ഇറങ്ങിയിരിക്കയാണ്‌.

thepoliticaleditor
Spread the love
English Summary: sivasena sent letter to deputy speaker to disqualify 12 mlas

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick