മഹാരാഷ്ട്രയിലെ മഹാ അഖാഡി സഖ്യം ഒരു അവിശുദ്ധ സഖ്യമാണെന്നും അത് തകരുമെന്നും കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ അഭിപ്രായപ്പെട്ടു. ശിവസേന-കോണ്‍ഗ്രസ്-എന്‍.സി.പി. സഖ്യം അവിശുദ്ധമാണ്. ഉദ്ധവ് താക്കറെ അധാര്‍മികമായാണ് പെരുമാറുന്നത്. തികച്ചും അഴിമതി നിറഞ്ഞ സര്‍ക്കാരാണിത്-ഗോയല്‍ പറഞ്ഞു.
ഇതാദ്യമായാണ് ഒരു ബി.ജെ.പിയില്‍ നിന്നുള്ള ഒരു പ്രമുഖന്‍ ഉദ്ധവ് താക്കറെ സര്‍ക്കാര്‍ തകരുമെന്ന് പരസ്യ പ്രസ്‌താവന നടത്തുന്നത്. ബി.ജെ.പി.യാണ് ശിവസേന സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതെന്ന കോണ്‍ഗ്രസ് ആരോപണത്തിന് ശക്തി പകരുന്ന പ്രതികരണമാണ് കേന്ദ്രമന്ത്രിയില്‍ നിന്നും ഉണ്ടായത്.
വിമത നേതാവായ ഏകനാഥ് ഷിന്‍ഡെ ഇപ്പോള്‍ 38 ശിവസേനാ എം.എല്‍.എ.മാരുടെ പിന്തുണ തനിക്കുണ്ടെന്ന് പറഞ്ഞിട്ടുണ്ട്. 9 സ്വതന്ത്രരും ഒപ്പമുണ്ട്. ഉദ്ധവ് താക്കറേക്കാവട്ടെ 13 മുതല്‍ 17 വരെ പേരുടെ പിന്തുണ മാത്രമേ ഉള്ളൂ.
ശിവസേനാ അംഗങ്ങള അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് ഡെപ്യൂട്ടി സ്‌പീക്കര്‍ക്ക് നല്‍കിയ കത്തിന്‍മേല്‍ നടപടി സ്വീകരിക്കുകയാണെങ്കില്‍ ഏകനാഥ് ഷിന്‍ഡെ സമ്മര്‍ദ്ദത്തിലാകും. ഡെപ്യൂട്ടി സ്‌പീക്കര്‍ നര്‍ഹരി സിര്‍വാള്‍ ഉദ്ധവ് ക്യാമ്പിന് അനുകൂലമായി തീരുമാനമെടുക്കാന്‍ തുടങ്ങിയിട്ടുണ്ട്. അജയ് ചൗധരിയെ നിയമസഭാ കക്ഷിനേതാവായി നിയമിക്കുന്നതിനുള്ള ശിവസേനാ നിര്‍ദ്ദേശം ഡെപ്യൂട്ടി സ്‌പീക്കര്‍ അംഗീകരിച്ചു. ഇദ്ദേഹത്തെ മാറ്റണമെന്ന് വിമതരോട് താല്‍പര്യമുള്ള രണ്ട് സ്വതന്ത്ര എം.എല്‍.എ.മാര്‍ ആവശ്യപ്പെട്ടിരിക്കയാണിപ്പോള്‍.
അതേസമയം ശരദ് പവാറിന്റെ നേതൃത്വത്തില്‍ ശിവസേന ശക്തമായ നീക്കം നടത്തുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ താഴ്‌ന്നു കൊടുത്തത് ഇനി വേണ്ടെന്ന് അവര്‍ തീരുമാനിച്ചിരിക്കുന്നു. ശരദ് പവാറിനെ ഒരു കേന്ദ്രമന്ത്രി ഭീഷണിപ്പെടുത്തുന്നതായി ശിവസേനാ വക്താവ് സഞ്‌ജയ് റാവുത്ത് കുറ്റപ്പെടുത്തി രംഗത്തു വന്നു. വിമത എം.എല്‍.എ.മാര്‍ സഭാ തലത്തില്‍ വരാന്‍ റാവുത്ത് വെല്ലുവിളിയും ഉയര്‍ത്തിയിരിക്കുന്നു. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും ശരദ് പവാറും നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൻസിപിയുടെയും കോൺഗ്രസിന്റെയും ശിവസേനയുടെയും എല്ലാ നേതാക്കളും പരസ്പരം ബന്ധപ്പെട്ടുവരികയാണ്.
