Categories
kerala

‘പിന്നിൽ വലിയ തിമിംഗലങ്ങൾ, സ്വപ്ന തിരഞ്ഞെടുത്തത് ആരോപണങ്ങൾ ഉന്നയിക്കുക എന്ന മാർഗം ‘ : വെളിപ്പെടുത്തലുമായി സരിത

സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട കേസിൽ സോളർ കേസ് പ്രതി സരിത എസ്.നായർ രഹസ്യമൊഴി നൽകി. സ്വപ്നയുടെ ആരോപണങ്ങൾക്കെതിരെ മുൻ മന്ത്രി കെ.ടി.ജലീൽ നൽകിയ പരാതിയുമായി ബന്ധപ്പെട്ട കേസിലാണ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് അനീസ മൊഴി രേഖപ്പെടുത്തിയത്.

സ്വപ്നയുമായി ബന്ധപ്പെട്ട ഗൂഢാലോചനക്ക് പിന്നിൽ പി.സി. ജോർജ് അല്ലെന്നും അദ്ദേഹത്തിനും പിന്നിൽ വലിയ തിമിംഗലങ്ങൾ ഉണ്ടെന്നും സരിത എസ്. നായർ രഹസ്യ മൊഴി നൽകിയ ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

thepoliticaleditor

നമ്മളൊന്നും കാണാത്ത വലിയ തിമിംഗിലങ്ങളുണ്ട് ഇതിന് പിന്നിൽ. വിഷയവുമായി ബന്ധപ്പെട്ട് തന്നെ സമീപിക്കുന്നത് പി.സി. ജോർജാണ്. സരിത്ത്, ക്രൈം നന്ദകുമാർ ഇവർക്കെല്ലാം ഇതിൽ പങ്കുണ്ടെന്നും പിന്നിൽ ഒന്നോ രണ്ടോ രാഷ്ട്രീയ പാർട്ടിക്കാർ കാണുമെന്നും അവർ പറഞ്ഞു.

ഓരോ ദിവസവും നടന്ന കാര്യങ്ങൾ കോടതിയെ അറിയിച്ചു. സാമ്പത്തിക തിരിമറികളാണ് ഇപ്പോഴത്തെ സംഭവങ്ങൾക്കു പിന്നിൽ. സ്വർണത്തിൽ പണം മുടക്കിയവർ അതു നഷ്ടമായാൽ തിരികെ ചോദിക്കും. രാജ്യാന്തര ശാഖയുള്ള സംഘമാണ് അതിനു പിന്നിലുള്ളത്.

സ്വപ്നയുടെ ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതം മാത്രമല്ല, അവരുടെ നിലനിൽപ്പിന്റെ കാര്യമാണ്. രണ്ടു മാർഗങ്ങളാണ് അവർക്കു മുന്നിൽ ഉണ്ടായിരുന്നത്. ഒന്ന്, ആരോപണങ്ങൾ ഉന്നയിക്കുക. രണ്ട്, പൈസ തിരികെ കൊടുക്കുക. ഒന്നാണ് അവർ തിരഞ്ഞെടുത്തത്.

സംരക്ഷണം കൊടുക്കാമെന്നു ചിലർ വാക്കു കൊടുത്തതിനാലാണ് സ്വപ്ന വെളിപ്പെടുത്തലുകൾ നടത്തിയത്.
ആരോപണങ്ങൾക്കു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന കാര്യത്തിൽ ഉറച്ചു നിൽക്കുന്നു. ഇതിലേക്കു തന്നെ വഴിച്ചിഴച്ചതിനു പിന്നിലും ഗൂഢാലോചനയുണ്ടെന്നും അവർ പറഞ്ഞു.

‘വെറുതേ ഇരുന്ന എന്നെ മാന്തിവിടുകയാണ് ചെയ്തത്. ഞാനിതിനകത്ത് വന്നുപെട്ടതാണ്. മനഃപ്പൂർവം വന്നു ചാടിയതല്ല. എന്നെ ഇതിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുമ്പോൾ അതിന്റെ ബാക്കിയെന്താണെന്ന് എനിക്ക് മനസിലാകണ്ടെ? എന്തിനാണ് എന്നെ ഇതിലേക്ക് വലിച്ചിഴച്ചത്? അതിന് പിന്നിൽ എന്തെങ്കിലും ഗൂഢാലോചനയുണ്ടോ എന്ന് അന്വേഷിച്ച് പോയപ്പോൾ ഞെട്ടിക്കുന്ന വിവരങ്ങളാണ് മനസിലാക്കിയത്. അതിൽ രാഷ്ട്രീയക്കാരാരുമില്ല’, സരിത പറഞ്ഞു.

പി.സി.ജോർജ്, സ്വപ്ന, സരിത്ത്, ക്രൈംനന്ദകുമാർ എന്നിവരാണ് തന്നെ ഇതിലേക്കു വലിച്ചിഴച്ചതെന്നും സരിത ആരോപിച്ചു.

പി.സി.ജോർജിനെ ഈ കേസിൽ ആരെങ്കിലും ഉപയോഗിച്ചോ എന്ന് അറിയില്ല. അതു പൊലീസിനേ പറയാൻ കഴിയൂ. പി.സി.ജോർജ് തന്നെ ട്രാപ്പ് ചെയ്യാൻ ശ്രമിച്ചോ എന്നും ഇപ്പോൾ പറയാൻ കഴിയില്ലെന്നും സരിത പറഞ്ഞു.

സ്വർണം എവിടെ നിന്നു വന്നു എന്ന കാര്യമൊന്നും തനിക്കറിയില്ലെന്ന് സരിത പറഞ്ഞു. ഇവിടെ വന്നതിന് ശേഷം എന്ത് സംഭവിച്ചു എന്നത് താൻ കണ്ടു പിടിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.

മുഖ്യമന്ത്രിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കണമെന്നാണ് പി.സി.ജോർജ് പറഞ്ഞത്. അതിനപ്പുറമുള്ള കാര്യങ്ങൾ അറിയില്ല. ഗൂഢാലോചനയിൽ പങ്കെടുത്തവരോടൊപ്പം ഇരിക്കേണ്ടി വന്നിട്ടില്ല. ക്രൈം നന്ദകുമാറിന്റെ ഓഫിസിൽവച്ചാണ് ചർച്ചയെന്നറിഞ്ഞപ്പോൾ പോയില്ലെന്നും സരിത പറഞ്ഞു.

സ്വപ്നയുടെ കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാനായി പൂഞ്ഞാർ മുൻ എംഎൽഎ പി.സി.ജോർജ്, സരിതയെ വിളിച്ച ഓഡിയോ സന്ദേശം പുറത്തു വന്നതോടെയാണ് സരിതയുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ പൊലീസ് തീരുമാനിച്ചത്.

Spread the love
English Summary: saritha in golg smuggling case

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick