Categories
kerala

വിമാനത്തിലെ ആക്രമണത്തില്‍ ജാമ്യം : സര്‍ക്കാര്‍ വാദങ്ങള്‍ പാടേ തള്ളി ഹൈക്കോടതി

വിമാനത്തിൽ മുഖ്യമന്ത്രിയെ ആക്രമിച്ചു എന്ന കേസിൽ പ്രതികളായ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ജാമ്യം നൽകുന്നതിന് കോടതി നടത്തിയ നിരീക്ഷണങ്ങൾ സര്‍ക്കാര്‍ വാദങ്ങളെ പൂർണമായും തള്ളിക്കളയുന്നു.

മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചു എന്നായിരുന്നു യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർക്കെതിരെയുള്ള കേസ്. കുറ്റകരമായ ഗൂഢാലോചന,ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, വിമാനത്തിന്റെ സുരക്ഷിതത്വത്തിന് ഹാനികരമായ രീതിയിൽ അക്രമം കാട്ടൽ എന്നീ വകുപ്പുകളും ഇവർക്കെതിരെ ചുമത്തിയിരുന്നു.

thepoliticaleditor

എന്നാൽ പ്രതികൾ ആയുധങ്ങൾ ഒന്നും കയ്യിൽ കരുതിയിരുന്നില്ലെന്നും വിമാനം ലാൻഡ് ചെയ്ത ശേഷമാണ് ഇവർ പ്രതിഷേധിച്ചതെന്നും കോടതി നിരീക്ഷിച്ചു.

മുഖ്യമന്ത്രിയോടുള്ള വ്യക്തി വിരോധമല്ല പ്രതിഷേധത്തിന് കാരണമെന്നും കോടതി ചൂണ്ടിക്കാട്ടി.

എയർപോർട്ട് മാനേജർ ആദ്യം നൽകിയ റിപ്പോർട്ടിൽ വാക്കുതർക്കം എന്ന് മാത്രമാണ് ഉള്ളതെന്നും പിന്നീട് നൽകിയ റിപ്പോർട്ടിലാണ് മുദ്രാവാക്യം വിളിച്ച കാര്യം ഉള്ളതെന്നും കോടതി പറഞ്ഞു. സർക്കാർ വാദങ്ങൾ പാടേ തള്ളിക്കളയുന്നതാണ് കോടതിയുടെ നിരീക്ഷണങ്ങൾ.

വിമാനത്തിലെ സിസിടിവി ദൃശ്യങ്ങളടക്കം കോടതി ആവശ്യപ്പെട്ടിരുന്നുവെങ്കിലും ചെറിയ വിമാനമായതിനാൽ സിസിടിവി ഇല്ലെന്നായിരുന്നു ഡിജിപി കോടതിയെ അറിയിച്ചത്.

കേസില്‍ അറസ്റ്റിലായ ഒന്നും രണ്ടും പ്രതികളായ ഫർസീൻ മജീദിനും നവീൻ കുമാറിനും ജാമ്യവും മൂന്നാം പ്രതി സുജിത് നാരായണന് മുൻകൂർ ജാമ്യവുമാണ് ലഭിച്ചത്.

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ ആരോപണമുയ‍ര്‍ത്തിയതിന് പിന്നാലെയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാനമൊട്ടാകെ പ്രതിഷേധവുമായെത്തിയത്.

കഴിഞ്ഞ ജൂൺ 13 ന് വൈകിട്ട് 3.45-ന് കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട വിമാനം തിരുവനന്തപുരത്ത് ഇറങ്ങിയ ഉടനെയായിരുന്നു മുഖ്യമന്ത്രിക്കെതിരേ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ പ്രതിഷേധിച്ചത്.
‘പ്രതിഷേധം പ്രതിഷേധം’ എന്ന് വിളിച്ച് രണ്ട് പ്രവർത്തകർ മുന്നോട്ട് വരുന്നത്തിന്റെയും ഇവരെ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്ന ഇ.പി ജയരാജൻ തള്ളിയിടുന്നതിന്റെയും വിഡിയോ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.

തുടർന്ന് ഇ.പി ജയരാജൻ നടത്തിയ വാർത്താ സമ്മേളനത്തിൽ പ്രതിഷേധക്കാർ മദ്യപിച്ചിരുന്നുവെന്നും ഭീകരവാദ പ്രതിഷേധം ഭീകരവാദ പ്രവർത്തനത്തിന് തുല്യമാണെന്നും ആരോപിച്ചിരുന്നു. എന്നാൽ പിന്നീട് യുവാക്കൾ മദ്യപിച്ചിരുന്നില്ല എന്ന മെഡിക്കൽ റിപ്പോർട്ട്‌ പുറത്ത് വന്നു.

‘അവര്‍ മദ്യപിച്ചില്ലെന്നാണ് റിപ്പോർട്ടെങ്കിൽ വളരെ സന്തോഷം.പെരുമാറ്റം കണ്ടാ അങ്ങനെ ആർക്കും തോന്നും.’ എന്നായിരുന്നു റിപ്പോർട്ട്‌ പുറത്ത് വന്നതിന് ശേഷം ജയരാജന്റെ പ്രതികരണം.

മാത്രമല്ല, മുഖ്യമന്ത്രി വിമാനത്തില്‍ നിന്ന് ഇറങ്ങിയ ശേഷമാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം ഉണ്ടായതെന്നാണ് ഇ.പി ജയരാജൻ ആദ്യം പറഞ്ഞത്. എന്നാൽ പിന്നീട് ഇത് തിരുത്തി മുഖ്യമന്ത്രി വിമാനത്തിൽ ഉള്ളപ്പോഴാണ് അപായപ്പെടുത്താൻ ശ്രമിച്ചതെന്ന് ജയരാജൻ മാറ്റിപ്പറയുന്ന സാഹചര്യവുമുണ്ടായി.

പ്രതിഷേധിച്ച പ്രവർത്തകരെ ഏത് വിധേനയും കുടുക്കണമെന്ന ഗൂഢ ലക്ഷ്യമാണ് ഹൈക്കോടതി നിരീക്ഷണത്തിലൂടെ പൊളിഞ്ഞത്.

നിരപരാധികളായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ രാഷ്ട്രീയ കുടിപ്പകയുടെ പേരില്‍ ബലിയാടാക്കി ഇരുട്ടറകളില്‍ തള്ളാനായി ഒത്തുകളിച്ചവർക്കെതിരെ കേസെടുക്കണമെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരനും പ്രതികരിച്ചു.

Spread the love
English Summary: protest against CM in flight analysis

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick