കഴിഞ്ഞ രണ്ടര വര്‍ഷമായി മഹാവികാസ് അഘാഡി സര്‍ക്കാര്‍ ഘടക കക്ഷികള്‍ക്കു മാത്രമാണ് ഗുണം ചെയ്‌തതെന്ന് കോണ്‍ഗ്രസിനെയും എന്‍.സി.പി.യെയും പരോക്ഷമായി ഉദ്ദേശിച്ചു കൊണ്ട് വിമത ശിവസേനാ നേതാവ് ഏക് നാഥ് ഷിന്‍ഡെ സമൂഹമാധ്യമത്തില്‍ കുറിച്ചു. ശിവസൈനികരുടെ നിലനില്‍പിന് ഇപ്പോഴത്തെ അസ്വാഭാവിക സഖ്യത്തില്‍ നിന്നും പുറത്തു കടക്കേണ്ടത് അനിവാര്യമാണെന്നും മഹാരാഷ്ട്രയുടെ താല്‍പര്യങ്ങള്‍ കണക്കിലെടുത്ത് ഇനി തീരുമാനങ്ങള്‍ എടുക്കേണ്ടതുണ്ടെന്നും ഷിന്‍ഡെ ട്വീറ്റ് ചെയ്‌തു. “പാർട്ടിയുടെയും ശിവസൈനികരുടെയും നിലനിൽപ്പിന് അസ്വാഭാവിക മുന്നണിയിൽ നിന്ന് പുറത്തുകടക്കേണ്ടത് അത്യാവശ്യമാണ്. മഹാരാഷ്ട്രയുടെ താൽപര്യം മുൻനിർത്തിയാണ് ഇപ്പോൾ തീരുമാനങ്ങൾ കൈക്കൊള്ളേണ്ടത്,”–ട്വീറ്റ് പറയുന്നു.
ബി.ജെ.പി.-ശിവസേനാ സഖ്യത്തിനു വേണ്ടിയാണ് ഷിന്‍ഢെ വാദിക്കുന്നതെന്ന് വ്യക്തമാകുന്നതാണ് ഈ ട്വീറ്റ്.

ബി.ജെ.പി. ഭരിക്കുന്ന ആസ്സാമിലെ ഗുവാഹത്തിയിലാണ് വിമത എം.എല്‍.എ.മാരുടെ ക്യാമ്പ്. അവിടുത്ത ഹോട്ടലില്‍ പാര്‍പ്പിച്ചിരിക്കുകയാണ് 37 എം.എല്‍.എമാരെ. ഹോട്ടലിന് കനത്ത സുരക്ഷയാണ് അവിടുത്തെ ബിജെപി സര്‍ക്കാര്‍ ഒരുക്കിയിട്ടുള്ളത്.
സ്വതന്ത്രര്‍ ഉള്‍പ്പെടെ 46 പേരുടെ പിന്തുണയാണ് ഷിന്‍ഡെ അവകാശപ്പെട്ടിരിക്കുന്നത്. ശിവസേനയ്‌ക്ക് സംസ്ഥാനത്ത് 55 ജനപ്രതിനിധികള്‍ ഉള്ളതില്‍ 37 പേരും ഇപ്പോള്‍ ഷിന്‍ഡെയോടൊപ്പമാണ്. ഇതോടെയാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വാലും ചുരുട്ടി സ്വന്തം വീടായ മാതോശ്രീയിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിതനായത്. മുഖ്യമന്ത്രിയുടെ വസതി രാത്രി വൈകി ഒഴിഞ്ഞ താക്കറെ ശരിക്കും തന്നോടൊപ്പം ആളില്ലെന്ന് മനസ്സിലാക്കിയത് ഏറെ വൈകിയാണ്. രഹസ്യാന്വേഷണ വിഭാഗവും മുന്‍കൂട്ടി റിപ്പോര്‍ട്ട് നല്‍കിയില്ല.
മുന്‍ ബി.ജെ.പി. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ എന്നത് ബി.ജെ.പി.യുടെ സ്വപ്‌നമാണ്. ഒരിക്കല്‍ സൂത്രത്തില്‍ സത്യപ്രതിജ്ഞ നടത്തി മണിക്കൂറുകള്‍ക്കുള്ളില്‍ പൊളിഞ്ഞു പോയ തന്ത്രവുമായിരുന്നു അത്. ശിവസേനയെ അടര്‍ത്തിമാറ്റി തങ്ങള്‍ക്കൊപ്പം കൊണ്ടുവരാന്‍ കഴിയാത്ത സ്ഥിതിയില്‍ പാര്‍ടി എം.എല്‍.എ.മാരെ അടര്‍ത്തി മാറ്റുക എന്ന തന്ത്രത്തില്‍ ബി.ജെ.പി. വിജയം കണ്ടിരിക്കുകയാണ്. കൂറുമാറ്റ നിരോധന നിയമം മറികടക്കാന്‍ വിമതര്‍ക്ക് 37 എം.എല്‍.എ.മാരുടെ പിന്തുണ മതി. ഇപ്പോള്‍ 46 പേരുടെ പിന്തുണ അവര്‍ അവകാശപ്പെടുന്നുണ്ട്.
വരും മണിക്കൂറുകള്‍ മഹാരാഷ്ട്രയുടെ രാഷ്ട്രിയത്തില്‍ നിര്‍ണായകമാവും. ശരദ് പവാറിന്റെ ചാണക്യ തന്ത്രത്തിലാണ് എല്ലാ കണ്ണുകളും. പവാര്‍ ഇന്നലെ രാത്രി തന്നെ കളി തുടങ്ങിയിട്ടുണ്ട്. ഷിന്‍ഡെയെ മുഖ്യമന്ത്രിയാക്കാമെന്ന വാഗ്‌ദാനം അതിന്റെ ഭാഗമാണ്. അവഗണിക്കപ്പെട്ടതിന്റെ വേദനയില്‍ വിമതനായ ഷിന്‍ഡെക്ക് ഇത് വലിയ വാഗ്‌ദാനമാണ്. പവാറിനാകട്ടെ മഹാവികാസ് അഘാഡി സഖ്യം നിലനില്‍ക്കല്‍ ആണ് ലക്ഷ്യം. സ്വന്തം പാര്‍ടിയുടെ കൂടി ഭരണസഖ്യമാണത് എന്നത് പവാറിന് പ്രധാനമാണ്. മുന്‍പ് എന്‍.സി.പി.യെ അടര്‍ത്തി ഒപ്പം ചേര്‍ത്ത് ഭരണം പിടിക്കാന്‍ ബി.ജെ.പി. ശ്രമിച്ചിരുന്നു. ഇതിന് കാരണം ശിവസേന ഒരു തരത്തിലും അടുക്കില്ല എന്നതിനാലാണ്. എന്നാല്‍ ഇപ്പോള്‍ ശിവസേനയില്‍ തന്നെ വലിയ വിഭാഗം വിമതരായി മാറിയതിനാല്‍ ഇനി ബി.ജെ.പി.ക്ക് ഭരണം പിടിക്കാന്‍ എന്‍.സി.പി.യുടെ ആവശ്യമില്ല. അതിനാല്‍ ശരദ് പവാറിന് നിലവിലുള്ള സഖ്യവും ഭരണവും നിലനിര്‍ത്തിയേ തീരൂ എന്ന അവസ്ഥയുണ്ട്. പവാറിന്റെ തന്ത്രം വിജയിച്ചാല്‍ മഹാവികാസ് അഘാഡി സഖ്യം തുടരും. ഇല്ലെങ്കില്‍ ഉറപ്പായും ദേവേന്ദ്ര ഫഡ്‌നവിസ് അടുത്ത നാളുകളില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയാകുന്ന കാഴ്‌ചയായിരിക്കും സംഭവിക്കുക.