പയ്യന്നൂരിലെ പാർട്ടി ഫണ്ട് തട്ടിപ്പ് വിവാദത്തിൽ പരാതി ഉന്നയിച്ചതിനെ തുടർന്ന് ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയ പയ്യന്നൂരിലെ മുതിർന്ന സി.പി.എം. നേതാവായ വി.കുഞ്ഞികൃഷ്ണനെ അനുകൂലിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രചരണം.
വെള്ളൂരിൽ പ്രവർത്തകർ സമൂഹമാധ്യമങ്ങളിൽ കുഞ്ഞികൃഷ്ണന്റെ ചിത്രം പങ്കുവെക്കുകയാണ്.
‘അഴിമതി പുരണ്ട അഭിനവ സഖാക്കളെയും ന്യൂജെൻ ബ്ലേഡ് സഖാക്കളെയും പടിക്ക് പുറത്താക്കണം, ചോദ്യം ചോദിക്കുന്ന കുട്ടിയെ ടീച്ചർ ക്ലാസിൽനിന്ന് ഇറക്കിവിട്ടാൽ കുട്ടി മാത്രമേ ക്ലാസ് റൂമിൽനിന്നും പോവുകയുള്ളൂ, ചോദ്യം അവിടെ തന്നെയുണ്ടാകും’ എന്നിങ്ങനെയായിരുന്നു സാമൂഹികമാധ്യമങ്ങളിലെ പ്രതികരണങ്ങൾ. സത്യത്തിനായി നിലകൊണ്ട പയ്യന്നൂരിലെ ധീരനായ നേതാവെന്നാണ് പലരും കുഞ്ഞികൃഷ്ണനെ വിശേഷിപ്പിച്ചിരിക്കുന്നത്.

നടപടിക്ക് പിന്നാലെ പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നതായി വി.കുഞ്ഞികൃഷ്ണൻ അറിയിച്ചിരുന്നു. വെള്ളൂർ സഹകരണ ബാങ്ക് ഡയറക്ടർ സ്ഥാനവും ഒഴിയുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. മാധ്യമങ്ങളോട് കൂടുതൽ പ്രതികരിക്കാനില്ലെന്നും വരുംദിവസങ്ങളിൽ വേണമെങ്കിൽ പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
തിരിമറി പുറത്ത് കൊണ്ടുവന്ന ഏരിയ സെക്രട്ടറി വി കുഞ്ഞികൃഷ്ണനെ മാറ്റിയ നടപടിക്കെതിരെ ഏരിയാ കമ്മറ്റിയിലും ലോക്കൽ കമ്മറ്റികളിലും രൂക്ഷ വിമർശനമാണ് ഉയരുന്നത്. തിരിമറി നടത്തിയവരെ തഴുകുന്ന നടപടിയാണുണ്ടായതെന്നാണ് ആക്ഷേപം.പാർട്ടി പ്രചാരണത്തിനുള്ള വാട്സാപ്പ് ഗ്രൂപ്പുകളിൽ നിന്നും പ്രവര്‍ത്തകരിൽ പലരും ഒഴിവായതായാണ് വിവരം.
വി.കുഞ്ഞികൃഷ്ണനെതിരെയെടുത്ത നടപടിയെ 21 അംഗ കമ്മിറ്റിയിലെ 16 പേരും എതിർത്തിരുന്നു. എന്നാൽ സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തോടെയുള്ള തീരുമാനമാണ് റിപ്പോർട്ട് ചെയ്തതെന്നും ഇത് അംഗീകരിക്കണമെന്നുമാണ് നേതൃത്വം ഏരിയാ കമ്മിറ്റി യോഗത്തിൽ ആവശ്യപ്പെട്ടത്.
തെരഞ്ഞെടുപ്പ് ഫണ്ടിൽ 60 ലക്ഷത്തിന്റെ തിരിമറി, പാർട്ടി ഓഫീസ് നിർമ്മാണത്തിനായുള്ള ചിട്ടിയിൽ തട്ടിപ്പ്, രക്തസാക്ഷി ഫണ്ട് തിരിമറി എന്നിങ്ങനെ ഗുരുതര സാമ്പത്തിക തിരിമറികളാണ് കണ്ടെത്തിയത്.