അന്താരാഷ്ട്ര യോഗ ദിനമായ ഇന്ന് മാലിദ്വീപിൽ ഇന്ത്യൻ ഹൈക്കമ്മീഷൻ സംഘടിപ്പിച്ച യോഗ പരിപാടി പ്രതിഷേധക്കാർ തടസ്സപ്പെടുത്തി. മാലിദ്വീപിന്റെ തലസ്ഥാനമായ മാലെയിലെ ദേശീയ ഫുട്ബോൾ സ്റ്റേഡിയത്തിൽ നടത്തിയ പരിപാടിയിലേക്കാണ് ജനക്കൂട്ടം അതിക്രമിച്ച് കയറി അക്രമം അഴിച്ച് വിട്ടത്.
യോഗ ഇസ്‌ലാം വിരുദ്ധമാണെന്ന പ്ലക്കാർഡുകളും പ്രതിഷേധക്കാർ ഉയർത്തിയതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. ഇസ്ലാമിക പാരമ്പര്യമനുസരിച്ച്, യോഗ ചെയ്യുന്നത് സൂര്യനെ ആരാധിക്കുന്നതിന് തുല്യമാണെന്ന് ഇസ്ലാമിസ്റ്റുകളിൽ ഒരു വിഭാഗം വിശ്വസിക്കുന്നതായി മാലിദ്വീപിലെ ഒരു വാർത്താ ഏജൻസിയായ ദി എഡിഷൻ റിപ്പോർട്ട് ചെയ്തു.

ബാനറുകളും പ്ലക്കാർഡുകളും ഉയർത്തി മുദ്രാവാക്യം വിളിച്ച പ്രതിഷേധക്കാർ യോഗാ ദിനാചരണം നിർത്തിവെക്കണമെന്നും സദസ്സിലുള്ളവർ ഉടൻ സ്റ്റേഡിയം ഒഴിയണമെന്നും ആവശ്യപ്പെട്ടു. ജനക്കൂട്ടം തങ്ങളെ ഭീഷണിപ്പെടുത്തിയതായും പരിപാടിയിൽ പങ്കെടുത്തവരിൽ ചിലർ പറഞ്ഞു.
നിരവധി നയതന്ത്രജ്ഞരും സർക്കാർ ഉദ്യോഗസ്ഥരും മാലിദ്വീപ് സർക്കാരിലെ മന്ത്രിമാരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
യോഗ അഭ്യസിക്കുന്ന ആളുകൾക്ക് നേരെ വടികളും ആയുധങ്ങളുമായി അക്രമികൾ പാഞ്ഞടുക്കുന്ന വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.
പ്രതിഷേധക്കാർ വേദി നശിപ്പിക്കുന്നതിന്റെയും ഭക്ഷണ സ്റ്റാളുകൾ ചവറ്റുകുട്ടയിൽ തള്ളുന്നതിന്റെയും ദൃശ്യങ്ങൾ രാജ്ജെ ടിവി പുറത്ത് വിട്ടു. സ്ഥിതി രൂക്ഷമാകുന്നതിന് മുമ്പ് പോലീസ് ഇടപെട്ടു.
സംഭവത്തിൽ മാലിദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹ് അന്വേഷണത്തിന് ഉത്തരവിട്ടു.
“ഇന്ന് രാവിലെ ഗലോൽഹു സ്റ്റേഡിയത്തിൽ നടന്ന സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ഇത് ഗുരുതരമായ ആശങ്കയുണ്ടാക്കുന്ന കാര്യമായാണ് പരിഗണിക്കുന്നത്, ഉത്തരവാദികളായവരെ വേഗത്തിൽ നിയമത്തിന് മുന്നിൽ കൊണ്ടുവരും,” സോലിഹ് ട്വീറ്റ് ചെയ്തു.
ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനമായി ആചരിക്കുന്നതിനുള്ള യുഎൻ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്ത 177 രാജ്യങ്ങളിൽ മാലിദ്വീപും ഉൾപ്പെടുന്നുണ്ട്.