Categories
kerala

മമത ബാനർജി ശരദ് പവാറിനെ നേരിട്ട് കണ്ടു…നാളത്തെ പ്രതിപക്ഷ യോഗത്തിൽ നിർണായകം …ഈ വിശകലനം വായിക്കൂ

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ചൊവ്വാഴ്ച നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി അധ്യക്ഷൻ ശരദ് പവാറുമായി ഡൽഹിയിലെ വസതിയിൽ കൂടിക്കാഴ്ച നടത്തി. വരാനിരിക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള സംയുക്ത തന്ത്രം രൂപീകരിക്കാൻ വിളിച്ച ബിജെപി ഇതര പാർട്ടികളുടെ യോഗത്തിനായി മമത ബാനർജി ചൊവ്വാഴ്ച ഡൽഹിയിൽ എത്തിയിരുന്നു. മമത ബാനർജിയും ശരദ് പവാറും കൂടിക്കാഴ്ചയിൽ വരാനിരിക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പിനെക്കുറിച്ച് ചർച്ച ചെയ്തതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം രാഷ്ട്രപതി സ്ഥാനാര്‍ഥിയാകാന്‍ ഇല്ലെന്നാണ്‌ ശരദ്‌ പവാര്‍ ഇപ്പോള്‍ പറയുന്നത്‌. സ്ഥാനാർത്ഥിയാകാനില്ലെന്ന് ശരദ് പവാർ ഇടതുനേതാക്കളെ അറിയിക്കുകയായിരുന്നു. ഗുലാം നബി ആസാദിനെ രാഷ്ട്രപതി സ്ഥാനാർത്ഥിയാക്കാനുള്ള നിർദേശവും ശരദ് പവാർ മുന്നോട്ടുവച്ചു. സിപിഎം അഖിലേന്ത്യാ സെക്രട്ടറി സീതാറാം യച്ചൂരി, സിപിഐ ദേശീയ സെക്രട്ടറി ഡി രാജ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ശരദ് പവാർ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. പ്രതിപക്ഷ പാർട്ടികളാണ് രാഷ്ട്രപതി സ്ഥാനാർത്ഥിയായി ശരദ് പവാറിന്റെ പേര് മുന്നോട്ടുവച്ചത്. പവാർ സ്ഥാനാർത്ഥിയായാൽ അംഗീകരിക്കാമെന്ന് കോൺഗ്രസും ഇടതുപക്ഷവും സൂചന നൽകുകയും ചെയ്തിരുന്നു. പവാറിനെ അംഗീകരിക്കാമെന്ന് ആം ആദ്‌മി പാർട്ടിയും വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് സ്ഥാനാർത്ഥിയാകാനില്ലെന്ന് പവാർ അറിയിച്ചത്. പവാറിന് പുറമേ ഗുലാം നബി ആസാദ്, യശ്വന്ത് സിൻഹ, ഗോപാൽകൃഷ്ണ ഗാന്ധി എന്നിവരുടെ പേരാണ് പരിഗണനയിലുള്ളത്.

thepoliticaleditor

ജൂൺ 15ന് ന്യൂഡൽഹിയിലെ കോൺസ്റ്റിറ്റിയൂഷൻ ക്ലബിൽ നടക്കുന്ന യോഗത്തിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് 22 പ്രതിപക്ഷ നേതാക്കൾക്കും മുഖ്യമന്ത്രിമാർക്കും കഴിഞ്ഞ ആഴ്ച ടിഎംസി അധ്യക്ഷ മമത ബാനർജി കത്തയച്ചിരുന്നു.

കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി എന്നിവരുൾപ്പെടെയുള്ള ബിജെപി ഇതര പാർട്ടികളോട് യോഗത്തിൽ പങ്കെടുക്കാൻ അഭ്യർത്ഥിച്ചിട്ടുണ്ട്. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പറയപ്പെടുന്ന എൻസിപി അധ്യക്ഷൻ ശരദ് പവാറും യോഗത്തിൽ പങ്കെടുക്കും.

ശരദ്‌ പവാറിനെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാണിക്കണമെന്ന ആശയം പല പ്രതിപക്ഷ പാര്‍ടികളും പങ്കുവെച്ചിട്ടുണ്ട്‌. കോണ്‍ഗ്രസ്‌ ഇത്തവണ സ്ഥാനാര്‍ഥിത്വത്തിനില്ല എന്ന്‌ വ്യക്തമാക്കിയിട്ടുണ്ട്‌. മമത ബാനര്‍ജി നിര്‍ദ്ദേശിക്കുന്ന സ്ഥാനാര്‍ഥി ഇപ്പോള്‍ സ്വന്തം പാര്‍ടി സഹയാത്രികനായ മുന്‍ ബി.ജെ.പി. നേതാവും ധനകാര്യമന്ത്രിയുമായിരുന്ന യശ്വന്ത്‌ സിന്‍ഹയാണ്‌. എന്നാല്‍ ശരദ്‌ പവാര്‍ സംയുക്ത സ്ഥാനാര്‍ഥിയായി വന്നാല്‍ തൃണമൂല്‍ പിന്തുണയ്‌ക്കും എന്നാണ്‌ സൂചന.

എന്നാല്‍ പ്രതിപക്ഷ കക്ഷികളുടെ നേതൃ സ്ഥാനം കോണ്‍ഗ്രസ്‌ ഏറ്റെടുക്കുന്നതില്‍ തൃണമൂലിന്‌ താല്‍പര്യമില്ല. തെലങ്കാന രാഷ്ട്ര സമിതിയും ഇത്‌ ഇഷ്ടപ്പെടുന്നില്ല. എന്നാല്‍ കോണ്‍ഗ്രസില്ലാതെ പ്രതിപക്ഷ കൂട്ടായ്‌മയ്‌ക്ക്‌ അര്‍ഥമില്ല എന്നാണ്‌ എന്‍.സി.പി.യുടെ പ്രഖ്യാപിത നിലപാട്‌. തങ്ങളെ ഒഴിവാക്കിയുള്ള പ്രതിപക്ഷ പാര്‍ടി കൂട്ടായ്‌മയോട്‌ കോണ്‍ഗ്രസ്‌ ശക്തമായി വിയോജിച്ചു കഴിഞ്ഞിട്ടുണ്ട്‌.

“വിഭജന ശക്തി” ഇന്ത്യൻ രാഷ്ട്രീയത്തെ ബാധിച്ചിരിക്കുമ്പോൾ, എല്ലാ പുരോഗമന പ്രതിപക്ഷ പാർട്ടികൾക്കും വീണ്ടും സമ്മേളിക്കാനും ഭാവിയെക്കുറിച്ച് ആലോചിക്കാനും രാഷ്ട്രപതി തിരഞ്ഞെടുപ്പ് മികച്ച അവസരമാണ് നൽകുന്നതെന്ന് കത്തിൽ മമത ബാനർജി പറഞ്ഞു.

Spread the love
English Summary: mamata banerjee met sharad pawar in delhi

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick