Categories
latest news

ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം…നൂപുര്‍ ശര്‍മയെ തള്ളിപ്പറഞ്ഞെങ്കിലും ബിജെപിയുടെ ന്യൂനപക്ഷ വിരുദ്ധത കൂടുതൽ നഗ്നമായി

ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന്‌ ആഹ്വാനം ചെയ്യുന്ന ട്വിറ്റര്‍ ട്രെന്‍ഡ്‌ പല വിദേശ രാജ്യങ്ങളിലും വ്യാപകമായി പ്രചരിക്കുന്നതിന്‌ കാരണമായിരിക്കയാണ്‌. കുവൈറ്റിലെ ഒരു സൂപ്പർമാർക്കറ്റ് തിങ്കളാഴ്ച ഇന്ത്യൻ ഉൽപ്പന്നങ്ങൾ അതിന്റെ അലമാരയിൽ നിന്ന് പിൻവലിച്ചതായി വാർത്താ ഏജൻസിയായ എഎഫ്‌പി റിപ്പോർട്ട് ചെയ്തു. ‘ഇസ്ലാമോഫോബിക്’ എന്ന് അപലപിക്കപ്പെട്ട അഭിപ്രായങ്ങൾക്കെതിരായ പ്രതിഷേധത്തിൽ ‘അൽ-അർദിയ കോ-ഓപ്പറേറ്റീവ് സൊസൈറ്റി’ സ്റ്റോറിലെ തൊഴിലാളികൾ ഇന്ത്യൻ ചായയും മറ്റ് ഉൽപ്പന്നങ്ങളും ട്രോളികളിൽ കൂട്ടിയിട്ടു.

 “ഞങ്ങൾ ഇന്ത്യൻ ഉൽപ്പന്നങ്ങൾ നീക്കം ചെയ്തു” എന്ന്‌ അച്ചടിച്ച ബോര്‍ഡുകള്‍ സ്ഥാപിച്ചു. “കുവൈത്ത് മുസ്ലീം ജനതയെന്ന നിലയിൽ ഞങ്ങൾ പ്രവാചകനെ അപമാനിക്കുന്നത് അംഗീകരിക്കുന്നില്ല,” സ്റ്റോറിന്റെ സിഇഒ നാസർ അൽ മുതൈരി എഎഫ്‌പിയോട് പറഞ്ഞു. 

thepoliticaleditor
കുവൈറ്റിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നത്‌ ബഹിഷ്‌കരിച്ച്‌ പ്ലാസ്റ്റിക്‌ കടലാസ്‌ കൊണ്ട്‌ മൂടി ഇട്ടിരിക്കുന്നു( A VEDIO STILL @AFP)

സൗദി അറേബ്യയും ഖത്തറും മേഖലയിലെ മറ്റ് രാജ്യങ്ങളും കെയ്‌റോയിലെ സ്വാധീനമുള്ള അൽ-അസ്ഹർ സർവകലാശാലയും ശർമയുടെ പരാമർശത്തെ അപലപിച്ചു. ഇറാന്‍ ഇന്ത്യന്‍ അംബാസഡറെ വിളിച്ചു വരുത്തി പ്രതിഷേധം അറിയിച്ചു.

പ്രവാചകനെതിരായ നൂപൂര്‍ ശര്‍മയുടെ ടി.വി.ചര്‍ച്ചാ പരാമര്‍ശവും ഇത്‌ എടുത്ത്‌ ട്വീറ്റ്‌ ചെയ്‌ത, ഇപ്പോള്‍ നീക്കം ചെയ്‌തു കഴിഞ്ഞ നവീന്‍ ജിന്‍ഡാലിന്റെ ട്വീറ്റുകളും. അപായ സിഗ്നല്‍ പെട്ടെന്നു ലഭിച്ച ബി.ജെ.പി. നൂപുറിനെ പാര്‍ടിയില്‍ നിന്നു സസ്‌പെന്‍ഡ്‌ ചെയ്യുകയും ഡെല്‍ഹിയിലെ മാധ്യമ വിഭാഗം ചുമുതലക്കാരനായ ജിന്‍ഡാലിനെ പാര്‍ടിയില്‍ നിന്നു തന്നെ പുറത്താക്കുകയും ചെയ്‌തു എങ്കിലും പ്രതിഷേധം അടങ്ങുന്നില്ല. ലോകത്ത്‌ ബി.ജെ.പി.യുടെ ന്യൂനപക്ഷ വിരുദ്ധ മുഖം കൂടുതല്‍ തെളിഞ്ഞു നില്‍ക്കാന്‍ കാരണമായിത്തീര്‍ന്നിരിക്കയാണ്‌ നൂപുര്‍ ശര്‍മയുടെ പ്രതികരണം. പാര്‍ടിയുടെയോ സര്‍ക്കാരിന്റെയോ സമീപനം നൂപുറിന്റെ പ്രതികരണത്തില്‍ പ്രതിഫലിക്കുന്നില്ലെന്ന്‌ പറഞ്ഞ്‌ കേന്ദ്രസര്‍ക്കാര്‍ പ്രസ്‌താവനയിറക്കേണ്ടി വന്നു. പക്ഷേ പാര്‍ടി ദേശീയ വക്താവായ നൂപുറിന്റെ വിവാദ വാക്കുകള്‍ വെറുതെയെന്നു കരുതാന്‍ പ്രത്യേകിച്ച്‌ അറബ്‌ ലോകം തയ്യാറല്ല. അവര്‍ മാപ്പ്‌ ആവശ്യപ്പെടുന്നു- നൂപുര്‍ മാപ്പ്‌ പറഞ്ഞെങ്കിലും രാജ്യം ക്ഷമാപണം നടത്തണമെന്നാണ്‌ ഖത്തര്‍ ആവശ്യപ്പെട്ടിരിക്കുന്നത്‌. ഇതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ രംഗത്തു വന്നതോടെ സ്ഥിതി അത്യന്തം വഷളായിരിക്കയാണ്‌.

പത്ത്‌ ദിവസം മുമ്പാണ്‌ ഗ്യാന്‍വാപി വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ ഒരു ടിവി ചാനലില്‍ നൂപുര്‍ ശര്‍മ പ്രവാചകനെ അധിക്ഷേപിക്കുംവിധമുള്ള പരാമര്‍ശം നടത്തിയത്‌. ഇതിനെതിരെ അന്ന്‌ തന്നെ കാണ്‍പൂരിലെ മൂന്ന്‌ ടൗണുകളില്‍ മുസ്ലീങ്ങളില്‍ നിന്നുള്ള പ്രതിഷേധവും തുടര്‍ന്ന്‌ സംഘര്‍ഷവും ഉണ്ടായി. ഇത്‌ ലോകമാകെ ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്നാണ്‌ അറബ്‌ രാജ്യങ്ങള്‍ വന്‍ പ്രതിഷേധവുമായി മുന്നോട്ടു വരികയും ബി.ജെ.പി.ക്ക്‌ മുഖം രക്ഷിക്കല്‍ തന്ത്രവുമായി ഇറങ്ങേണ്ടി വരികയും ചെയ്‌തത്‌.

അതേസമയം നൂപുര്‍ ശര്‍മ്മ പാര്‍ടിയുടെ ദേശീയ വക്താവാണ്‌. ഒട്ടേറെ നൂപുര്‍ ശര്‍മമാര്‍ ബി.ജെ.പി.യില്‍ ഉണ്ട്‌. ന്യൂനപക്ഷ വിരോധവും ഈര്‍ഷ്യയും വിദ്വേഷ രാഷ്ട്രീയവും ലയിപ്പിച്ചു ചേര്‍ത്ത മാനസികാവസ്ഥയുള്ള നേതൃനിരയെയും അതു വഴി അണികളെയുമാണ്‌ ബി.ജെ.പി. രാജ്യത്ത്‌ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നതെന്ന്‌ വലിയ വിമര്‍ശനം ഒരു ഭാഗത്ത്‌ ഉണ്ട്‌. നൂപുര്‍ ശര്‍മയുടെ മനോഭാവമുള്ളവര്‍ ഒറ്റപ്പെട്ട വ്യക്തികള്‍ അല്ല എന്ന്‌ തെളിയിക്കുന്ന ഒട്ടേറെ സംഭവങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നതായി പ്രതിപക്ഷ കക്ഷികള്‍ നിരന്തരമായി വിമര്‍ശിക്കുന്നുണ്ട്‌. എട്ട്‌ വര്‍ഷമായി ഭാരതമാതാവ്‌ നാണം കെട്ടു കൊണ്ടിരിക്കയാണെന്ന്‌ ബി.ജെ.പി.യില്‍ തന്നെയുള്ള നേതാവ്‌ സുബ്രഹ്മണ്യന്‍ സ്വാമി ട്വീറ്റ്‌ ചെയ്‌തതും ആഗോളമായി തന്നെ ചര്‍ച്ച ചെയ്യപ്പെടുകയാണ്‌.

നയതന്ത്രപരമായും പ്രതിച്ഛായാപരമായും കനത്ത പ്രത്യാഘാതമാണ്‌ ഉണ്ടാവാന്‍ പോകുന്നതെന്ന്‌ തിരിച്ചറിഞ്ഞ്‌ പെട്ടെന്നു തന്നെ നൂപുര്‍ ശര്‍മയെ സസ്‌പെന്‍ഡ്‌ ചെയ്യുകയും തള്ളിപ്പറയുകയും ചെയ്‌തെങ്കിലും ബി.ജെ.പി.യുടെ രാഷ്ട്രീയ ശരീരത്തില്‍ നൂപുര്‍ ശര്‍മമാര്‍ ഉയര്‍ത്തുന്ന ചിന്തകള്‍ സജീവമാണ്‌. നൂപുറിനെ പരസ്യമായി തള്ളിപ്പറയേണ്ടി വന്നെങ്കിലും പാര്‍ടിയുടെ അകത്തളത്തില്‍ വ്യത്യസ്‌തമായ ചിന്തകളാണ്‌ നിലനില്‍ക്കുന്നത്‌ എന്നതിന്‌ തെളിവാണ്‌ കേരള ഗവര്‍ണര്‍ ആരിഫ്‌ മുഹമ്മദ്‌ഖാന്റെ അനവസരത്തിലുള്ള പ്രതികരണം. ഗവര്‍ണര്‍ എന്ന നിലയില്‍ ഭരണഘടനാ സംരക്ഷകനായ, ഭരണഘടനാ പദവിയിലുള്ള ആള്‍ ബി.ജെ.പി. നേതാവിനെപ്പോലെയാണ്‌ പ്രതികരിച്ചിരിക്കുന്നത്‌. നേരത്തെയും ഖാന്‍ സ്വന്തം കക്ഷിരാഷ്ട്രീയ ആവേശം ഗവര്‍ണര്‍ പദവിക്ക്‌ നാണക്കേടുണ്ടാക്കും വിധം പരസ്യ പ്രതികരണങ്ങളിലൂടെ പ്രകടിപ്പിച്ചിട്ടുണ്ട്‌.

ആരാണ്‌ നൂപുര്‍ ശര്‍മ്മ

ഇപ്പോൾ ബിജെപി സസ്‌പെൻഡ് ചെയ്തിരിക്കുന്ന നൂപുർ ശർമ്മ പാർട്ടിയുടെ ദേശീയ വക്താവായിരുന്നു. 2015ൽ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ അരവിന്ദ് കെജ്‌രിവാളിനെതിരെ ബിജെപി മത്സരിച്ചതോടെയാണ് നൂപുർ ശർമ്മ ശ്രദ്ധയാകർഷിച്ചത്.
ഡൽഹി യൂണിവേഴ്‌സിറ്റിയിൽ പഠിച്ചത് മുതൽ വിദ്യാർത്ഥി രാഷ്ട്രീയത്തിലാണ് നൂപൂർ ശർമ്മ തന്റെ രാഷ്ട്രീയ യാത്ര ആരംഭിച്ചത്. ബിജെപിയുടെ വിദ്യാർത്ഥി സംഘടനയായ അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് അംഗമായി. 2008ൽ ഡൽഹി യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയൻ പ്രസിഡന്റായി . പിന്നീട് പഠനത്തിനായി വിദേശത്തേക്ക് പോയി. തിരിച്ചെത്തിയ ശേഷം ഭാരതീയ ജനതാ യുവമോർച്ചയിൽ പ്രവർത്തിച്ചു. ദേശീയ എക്‌സിക്യൂട്ടീവ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

Spread the love
English Summary: Kuwait Supermarket Removes Indian Products From Shelves

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick