Categories
kerala

ബിനീഷ് കോടിയേരി വിഷയം ചർച്ച ചെയ്യുമ്പോൾ വീട്ടിലിരിക്കുന്ന താൻ അമ്മയുടെ യോ​ഗത്തിൽ ശബ്ദമുയർത്തുന്നു എന്ന് വാർത്തയിൽ കാണിക്കുന്നു : ഗണേഷ്കുമാർ

‘അമ്മ’ സംഘടന ക്ലബ്‌ ആണെന്ന പരാമർശത്തെ ചൊല്ലിയുള്ള വാദപ്രതിവാദത്തിൽ
ഇടവേള ബാബുവിനെതിരെ വീണ്ടും കെ.ബി. ​ഗണേഷ് കുമാർ രംഗത്ത്.

താരസംഘടന സ്വന്തം സ്വകാര്യവസ്തുവാണെന്ന് ധരിക്കരുതെന്ന് ഗണേഷ്കുമാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇടവേള ബാബുവിന്റെ പരാമർശം വിക്കിപീ‍ഡിയ നോക്കിയാണെന്ന് ഗണേഷ് കുമാർ പരിഹസിച്ചു. ക്ലബിന്റെ ഇംഗ്ലീഷ് അർഥമല്ല ചോദിച്ചത്. ചോദിച്ച കാര്യത്തിനു മറുപടി കിട്ടിയിട്ടില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു.

thepoliticaleditor

ഇടവേള ബാബുവിനെ കേരള ചലച്ചിത്ര വികസന കോർപ്പറേഷന്റെ വൈസ് ചെയർമാനായി ഇരുത്തിയത് ​ഗണേഷ് കുമാറാണ്. അത് അദ്ദേഹം ചിലപ്പോൾ മറന്നിട്ടുണ്ടാവും. വൈസ് ചെയർമാൻ എന്നൊരു പോസ്റ്റ് മുമ്പ് അവിടെയുണ്ടായിരുന്നില്ല. അദ്ദേഹം ചിലപ്പോൾ അമ്മ കണ്ടുപിടിച്ച ആളായിരിക്കാം. അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ പലരേയും വലിച്ചിഴച്ചതിൽ ദുഃഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിനീഷ് കോടിയേരിയെ പുറത്താക്കുന്ന ചർച്ച നടന്നു എന്ന് പറയുന്ന ദിവസം അമ്മയുടെ യോ​ഗത്തിൽ താൻ പങ്കെടുത്തിട്ടില്ലെന്നും ഗണേഷ്കുമാർ വ്യക്തമാക്കി.

‘‘അതിജീവിത ഉന്നയിച്ച കാര്യങ്ങൾക്കു മറുപടി പറയുകയാണു വേണ്ടത്. അമ്മ ഇടവേള ബാബുവിന്റെ സ്വകാര്യ സ്വത്തല്ല. ഇടവേള ബാബു അസത്യം പ്രചരിപ്പിക്കുകയാണ്. ദിലീപ് വിഷയത്തിൽ എടുത്ത നിലപാട് വിജയ് ബാബുവിനോടും വേണം. വിജയ് ബാബുവിന്റെ കേസ് പോലെയല്ല ബിനീഷ് കോടിയേരിയുടെ കേസ്. ഇടവേള ബാബു ക്ലബെന്നു പറഞ്ഞപ്പോൾ മോഹൻലാൽ തിരുത്തേണ്ടതായിരുന്നു.’’ ഇക്കാര്യങ്ങൾ ചോദിച്ച് മോഹന്‍ലാലിന് കത്തു നൽകുമെന്നും ഗണേഷ് കുമാർ പ്രതികരിച്ചു.

“ബിനീഷ് കോടിയേരിയെ പുറത്താക്കുന്ന ചർച്ച നടന്നു എന്നു പറയുന്ന ദിവസം അമ്മയുടെ യോ​ഗത്തിൽ ഞാൻ പങ്കെടുത്തിട്ടില്ല. അന്ന് കൊട്ടാരക്കരയിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടക്കാൻപോകുന്ന സമയമാണ്. പ്രചാരണത്തിന് സമയമാകുമ്പോൾ വിളിക്കാമെന്ന് പറഞ്ഞ് വീട്ടിലിരിക്കുമ്പോൾ ടിവിയിൽ വാർത്തയിൽ അമ്മയുടെ യോ​ഗത്തിൽ ഞാനും മുകേഷും ശബ്ദമുയർത്തുന്നു എന്ന് കാണിക്കുന്നു. അന്ന് അച്ഛനുമുണ്ടായിരുന്നു കൂടെ. അദ്ദേഹമാണ് ഇക്കാര്യം കാണിച്ചുതന്നത്. ഇടവേള ബാബുവിനോട് ഇക്കാര്യത്തേക്കുറിച്ച് അന്വേഷിച്ചു. അതിന് ശേഷം ആ വാർത്ത കാണിച്ചില്ല. അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ടാവാം”.

“ബിനീഷ് കോടിയേരിയുടെ കേസ് വിജയ് ബാബുവിന്റേതുപോലുള്ള കേസല്ല. ബിസിനസുമായി ബന്ധപ്പെട്ട സാമ്പത്തിക കുറ്റാരോപണമാണ് ബിനീഷിനെതിരെയുള്ളത്. വിജയ് ബാബുവിന്റേത് മാനഭം​ഗക്കേസാണ്. അതിജീവിവതയായ പെൺകുട്ടിക്കുവേണ്ടിയാണ് നമ്മൾ സംസാരിച്ചത്. അതിന് ബാബു മറുപടി പറഞ്ഞിട്ടില്ല. ഇടവേള ബാബുവിന്റെ പോസ്റ്റിൽ അദ്ദേഹം എന്നെ ഇം​ഗ്ലീഷ് പഠിപ്പിച്ചിരിക്കുകയാണ്. അത്രയും പരിജ്ഞാനമുള്ള പ്രൊഫസറൊന്നുമല്ല ഞാൻ”.

“ജ​ഗതി ശ്രീകുമാറിന്റെ കാര്യമാണ് അടുത്തത്. ആരോ​ഗ്യപരമായ പ്രശ്നങ്ങളേത്തുടർന്ന് ഒരിടത്തിരിക്കുമ്പോൾ ആരും ഓർക്കാത്ത ഒരു വിഷയം ഇതിലേക്ക് വലിച്ചിഴച്ചുകൊണ്ടുവന്നത് ഒട്ടും ശരിയായില്ല. ജ​ഗതി ശ്രീകുമാറിനെ അദ്ദേഹത്തിന്റെ കേസിൽ നിന്ന് കോടതി കുറ്റവിമുക്തനാക്കിയിട്ടുണ്ട്. അദ്ദേഹം ഒരു വലിയ നടനാണ്. അതൊക്കെ നടക്കുമ്പോൾ ഇടവേള ബാബു അമ്മയുടെ കമ്മിറ്റിയിലൊന്നുമില്ല. അമ്മ സ്വന്തം സ്വകാര്യ വസ്തുവാണെന്ന് ഇടവേള ബാബു ധരിക്കരുത്”.

വിജയ് ബാബു സ്വയം രാജിവെയ്ക്കണം, അല്ലെങ്കിൽ പ്രസിഡന്റ് മോഹൻലാൽ രാജി ആവശ്യപ്പെടണം എന്നാണ് താൻ പറഞ്ഞതെന്നും ​ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.

Spread the love
English Summary: KB Ganesh kumar against idavela Babu

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick