മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി തൃശൂർ കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സഹകരണ വകുപ്പ് ഉദ്യോഗസ്ഥരുടെ സസ്‌പെൻഷൻ പിൻവലിച്ചു. പതിനാറ് ഉദ്യോഗസ്ഥരുടെ സസ്‌പെൻഷനാണ് പിൻവലിച്ചത്. പതിനാറ് ഉദ്യോഗസ്ഥരിൽ രണ്ടുപേർ വിരമിച്ചു. ബാക്കി പതിനാല് പേരെ തിരിച്ചെടുക്കണമെന്നാണ് ഉത്തരവില്ലുള്ളത്. അതേസമയം, കേസ് അട്ടിമറിക്കാനുള്ള നീക്കമാണിതെന്ന് പരാതിക്കാരനായ എം വി സുരേഷ് പ്രതികരിച്ചു.
കരുവന്നൂർ സഹകരണ ബാങ്കിൽ 100 കോടിയിലധികം രൂപയുടെ വായ്പാ തട്ടിപ്പ് നടന്നതായാണ് സഹകരണ ജോയിൻ്റ് രജിസ്ട്രാറുടെ കണ്ടെത്തൽ. സിപിഎം നേതൃത്വത്തിലുള്ള 13 അംഗ ഭരണ സമിതിയായിരുന്നു ബാങ്കിലേത്. ഈ ഭരണസമിതിയെ തട്ടിപ്പ് പുറത്തായതിനെത്തുടർന്ന് പിരിച്ചു വിട്ടിരുന്നു. പല രീതിയിലാണ് വായ്പാ തട്ടിപ്പ് നടത്തിയിരിക്കുന്നത്. 100ലധികം വ്യാജ വായ്പകളാണ് ഭരണസമിതിയുടെ വ്യക്തമായ പങ്കോട് കൂടി നടത്തിയതെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തൽ. കേസിൽ 12 ഭരണസമിതി അംഗങ്ങളെ ക്രൈം ബ്രാഞ്ച് പ്രതിചേർത്തിട്ടുണ്ട്.