കന്നഡ നടൻ സതീഷ് വജ്രയെ (36) വീട്ടിൽ കുത്തേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. സംഭവത്തിൽ ഭാര്യാസഹോദരൻ സുദർശൻ ഉൾപ്പെടെ രണ്ടു പേരെ പോലീസ് അറസ്റ്റുചെയ്തു.
ബെംഗളൂരുവിലെ ആർആർ നഗർ പട്ടണഗെരെയിലെ വീട്ടിൽ ശനിയാഴ്ച രാവിലെയാണ് സതീഷിനെ കുത്തേറ്റു മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹം ആദ്യ കണ്ട അയൽവാസി വീട്ടുടമസ്ഥനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തിയശേഷമാണ് വീടു തുറന്നത്. സതീഷിന്റെ വയറ്റിലും കഴുത്തിലും ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. മാണ്ഡ്യ മദ്ദൂർ സ്വദേശിയായ സതീഷ് നാലുവർഷം മുൻപാണ് വിവാഹം കഴിച്ചത്. ഒരു കുട്ടിയുണ്ട്. ഭാര്യ ഏഴുമാസം മുൻപു മരിച്ചു. ഇത് ആത്മഹത്യയാണെന്ന് അഭ്യൂഹമുണ്ടായിരുന്നു. കൃത്യസമയത്ത് ചികിത്സ നൽകാത്തതിനാലാണു മരിച്ചതെന്ന് ഭാര്യവീട്ടുകാർ ആരോപിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
