പയ്യന്നൂരില്‍ സി.പി.എം. ഏരിയാ സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കം ചെയ്യപ്പെട്ട വി. കുഞ്ഞികൃഷ്‌ണന്‍ തന്റെ സ്വന്തം നാട്ടിലെ പാര്‍ടി ചടങ്ങില്‍ സദസ്സിലിരുന്നത് കണ്ണൂര്‍ ജില്ലയിലെ സി.പി.എമ്മില്‍ വലിയ ചര്‍ച്ചയാണ്. കുഞ്ഞികൃഷ്‌ണന്റെ സദസ്സിലിരിപ്പ് വലിയൊരു പ്രതിഷേധമായി കാണാനാണ് ആ നാട് തയ്യാറായത്. പാര്‍ടിയുടെ ശക്തികേന്ദ്രമായ വെള്ളൂരില്‍ പാര്‍ടിയുടെ ബ്രാഞ്ച് കമ്മിറ്റി ഓഫീസിന്റെ ഉദ്‌ഘാടനച്ചടങ്ങിലാണ് മുന്‍ ഏരിയാ സെക്രട്ടറി സദസ്സിലിരുന്ന് പ്രതീകാത്മകമായി പ്രതിഷേധിച്ചത്.

പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവനായിരുന്നു ഓഫീസ് ഉദ്‌ഘാടകന്‍. വിജയരാഘവനെ ആനയിച്ചു കൊണ്ടുവരുമ്പോള്‍ കുഞ്ഞികൃഷ്‌ണന്‍ വഴിയരികില്‍ പ്രവര്‍ത്തകര്‍ക്കൊപ്പം കാഴ്‌ചക്കാരനായി നിന്ന് നേതാവിനെ അഭിവാദ്യം ചെയ്‌തെങ്കിലും വിജയരാഘവന്‍ അത് കണ്ടെന്ന് നടിക്കാതെ നടന്നുപോയി. ഒപ്പം നടന്നിരുന്ന മുതിര്‍ന്ന നേതാക്കള്‍, സി.പി.എം. സംസ്ഥാന സമിതി അംഗവും ഇപ്പോള്‍ പയ്യന്നൂരില്‍ ഏരിയാ സെക്രട്ടറി ചുമതല വഹിക്കുന്ന ടി.വി.രാജേഷ് ഉള്‍പ്പെടെ കുഞ്ഞികൃഷ്‌ണനെ നോക്കി ചിരിച്ച് പരിഗണിച്ചിട്ടും വിജയരാഘവന്‍ തലകുനിച്ച് നടന്നു നീങ്ങിയെന്നാണ് കാഴ്‌ചക്കാര്‍ പറയുന്നത്. ഈ അവഗണന കുഞ്ഞികൃഷ്‌ണന്‍ തീര്‍ച്ചയായും പ്രതീക്ഷിക്കേണ്ടതു തന്നെയാണ്.
വേദിയില്‍ ഇരിക്കുവാനായി കുഞ്ഞികൃഷ്‌ണനെ നേതൃത്വം മൈക്കിലൂടെ ക്ഷണിച്ചെങ്കിലും അദ്ദേഹം സദസ്സില്‍ തന്നെയിരുന്നു. വേദിയില്‍ താന്‍ ഇരിക്കേണ്ടത് താന്‍ ശക്തമായ നിലപാട് എടുത്തതു കാരണം അച്ചടക്ക നടപടിക്കു വിധേയനായ ടി.ഐ.മധുസൂദനന്‍ എം.എല്‍.എ.യോടൊപ്പമാണ് എന്നത് തരിച്ചറിയുന്ന കുഞ്ഞികൃഷ്‌ണന്‍ തന്റെ ശക്തമായ വിയോജിപ്പ് മൗനമായി രേഖപ്പെടുത്തിയായിരിക്കണം സദസ്സില്‍ ഉറച്ചിരുന്നത്. പുതിയ പാര്‍ടി ഓഫീസില്‍ പതാക ഉയര്‍ത്തിയത് മധുസൂദനന്‍ ആയിരുന്നു. പ്രസംഗകരില്‍ ഒരാളായും അദ്ദേഹം ഉണ്ടായിരുന്നു.



പതിവുപോലെ മാധ്യമങ്ങളെ അടച്ചാക്ഷേപിച്ചായിരുന്നു എ.വിജയരാഘവന്റെ പ്രസംഗം. എല്ലാം മാധ്യമങ്ങളുടെ വികടത്തരങ്ങളാണ്. പാര്‍ടി പ്രവര്‍ത്തകരെ തെറ്റിദ്ധരിപ്പിക്കുക, നേതാക്കളെ കരിവാരിത്തേക്കുക, പാര്‍ടിയുടെ നടപടികളെ നിരന്തരം വിമര്‍ശിച്ചുകൊണ്ടേയിരിക്കുക-ഇതാണ് മാധ്യമങ്ങള്‍ ചെയ്‌തുകൊണ്ടിരിക്കുന്ന പണിയെന്ന് വിജയരാഘവന്‍ പറഞ്ഞു. ഈ വാക്കുകള്‍ കുഞ്ഞുകൃഷ്‌ണനോടൊപ്പം ഇരുന്ന പാര്‍ടിക്കാരുടെ സദസ്സ് എങ്ങിനെയായിരിക്കും ഉള്‍ക്കൊണ്ടിരിക്കുക!! കുഞ്ഞികൃഷ്‌ണന്‍ ഫണ്ട് വെട്ടിപ്പ് ആരോപിച്ച, തിരിമറി കണ്ടെത്തിയ കെട്ടിട നിര്‍മാണ, രക്തസാക്ഷി ധനസഹായ ഫണ്ടുകളുടെ കണക്കുകള്‍ ഇതുവരെയും പാര്‍ടി കമ്മിറ്റികളില്‍ അവതരിപ്പിക്കപ്പെട്ടിട്ടില്ല എന്ന യാഥാര്‍ഥ്യവും പാര്‍ടി പ്രവര്‍ത്തകര്‍ ചര്‍ച്ച ചെയ്യുന്നത് വെറും മാധ്യമസൃഷ്ടിയാണെന്ന് പയ്യന്നൂരില്‍ ആരെങ്കിലും വിശ്വസിക്കുന്നുണ്ടോ.
എന്നാല്‍ മികച്ചൊരു കീഴ് വഴക്കവും ഇപ്പോഴത്തെ സാഹചര്യത്തില്‍ നേതൃത്വത്തിന് മികച്ചൊരു മറുപടിയുമായി ഈ ചടങ്ങ് മാറിയത് കാണാതിരുന്നുകൂടാ. ഉദ്‌ഘാടനം ചെയ്യപ്പെട്ട പാര്‍ടി മന്ദിരത്തിന്റെ നിര്‍മ്മാണ വരവു-ചെലവു കണക്ക് അതേ വേദിയില്‍ തന്നെ അവതരിപ്പിച്ച് ബ്രാഞ്ച് നേതാക്കള്‍ കാണിച്ച മാതൃക കുഞ്ഞികൃഷ്‌ണനുള്ള താത്വികമായ ഐക്യദാര്‍ഢ്യമായി കാണേണ്ട കാവ്യാത്മകമായ പ്രതികരണമാണ്. സംഘാടക സമിതി കണ്‍വീനര്‍ റിപ്പോര്‍ട്ടവതരിപ്പിച്ചപ്പോള്‍ ഒപ്പം ആ കെട്ടിടം നിര്‍മ്മിച്ചതിന്റെ മുഴുവന്‍ സാമ്പത്തിക കണക്കുകളും നാട്ടുകാര്‍ക്കു മുന്നില്‍ സുതാര്യമാക്കി. ടി.ഐ. മധുസൂദനനെ വേദിയിലിരുത്തി, കുഞ്ഞികൃഷ്‌ണന്‍ ഇരുന്ന സദസ്സില്‍, വിജയരാഘവനെന്ന ഏറ്റവും വലിയ നേതാവിനെ സാക്ഷിയാക്കി നടത്തിയ ഉടനടി കണക്കവതരണത്തില്‍ പരം ശക്തമായ, എന്നാല്‍ അച്ചടക്കമുള്ള ഒരു പ്രതികരണം പയ്യന്നൂരിലെ പാര്‍ടി അച്ചടക്കനടപടിയോട് താഴെത്തട്ടിലെ പ്രവര്‍ത്തകര്‍ കാണിക്കാനില്ല എന്നതാണ് സത്യം.
മാധ്യമങ്ങളെ വിമര്‍ശിച്ച് നേതാക്കള്‍ നടത്തുന്ന പ്രസംഗത്തില്‍ സി.പി.എം. പ്രവര്‍ത്തകര്‍ ആവേശഭരിതരാവാറാണ് പതിവ്. എന്നാല്‍ എ. വിജയരാഘവന്റെ മാധ്യമവിമര്‍ശനം സദസ്സ് കേട്ടിരുന്നത് കാര്യമായ ആവേശമൊന്നുമില്ലാതെയായിരുന്നു എന്നതും ശ്രദ്ധേയമാണ്. ഉദ്‌ഘാടന പരിപാടി കഴിഞ്ഞപ്പോള്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജനും കൃഞ്ഞികൃഷ്‌ണനോട് സൗഹൃദം പങ്കിട്ട് മടങ്ങിയെന്നതും ശ്രദ്ധിക്കപ്പെട്ടു.
കുഞ്ഞികൃഷ്‌ണനെ അനുനയിപ്പിക്കാനുള്ള പാലങ്ങള്‍ പാര്‍ടിയില്‍ സജീവമാണ്. പക്ഷേ, കുഞ്ഞികൃഷ്‌ണന്റെ നിലപാടുകള്‍ ശക്തമാണ്. പാര്‍ിക്കാരനായല്ലാതെ ജീവിക്കാന്‍ കുഞ്ഞികൃഷ്‌ണനുണ്ടാവില്ല, എന്നാല്‍ പാര്‍ടി നേതാവായി ജീവിക്കുമോ എന്ന് പറയാനുമാവില്ല. കുഞ്ഞികൃഷ്‌ണനെതിരായ നടപടി പയ്യന്നൂരിലെ സാധാരണ പാര്‍ടി പ്രവര്‍ത്തകര്‍ക്ക് ഭൂരിപക്ഷത്തിനും ദഹിക്കാതെ കിടക്കുന്നതിന്റെ സൂചനകള്‍ ശക്തമാണ്. അച്ചടക്കത്തിന്റെ മറയ്‌ക്കകത്ത് ചര്‍ച്ചകളും അതൃപ്‌തി പ്രകടനങ്ങളും തുടരുക തന്നെയാണ്.