നെന്മാറ എം.എല്‍.എ. കെ.ബാബു വീണ്ടും ഗ്രാമ്യഭാഷയില്‍ സ്‌ത്രീകളുടെ ശരീരഭാഗ പരാമര്‍ശവുമായി ഫേസ്‌ബുക്കിലെത്തി. മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ടുള്ള കോണ്‍ഗ്രസിന്റെ സമരത്തിനെതിരെ നെന്മാറ പല്ലശ്ശേനയില്‍ നടത്തിയ പ്രസംഗത്തില്‍ നടത്തിയ സ്‌ത്രീവിരുദ്ധമെന്ന് ആരോപിക്കപ്പെട്ട മോശം പദ പ്രയോഗം വിവാദമായതിനു പിന്നാലെയാണ് ആ പ്രസംഗത്തിനെ ന്യായീകരിച്ച് ഫേസ്‌ബുക്കില്‍ വീണ്ടും കുറിപ്പിട്ടത്. അതിലും സ്‌ത്രീകളുടെ ശരീരഭാഗത്തെ പരാമര്‍ശിക്കുന്ന പദത്തെ വിശകലനം ചെയ്യുന്ന ഭാഗമായിരുന്നു മുഖ്യം. ഇത് കൂനിന്‍മേല്‍ കുരു പോലെയായി. വിവാദം വീണ്ടും ഉയര്‍ന്നതോടെ ഫേസ്‌ബുക്ക് പോസ്‌റ്റ് മുക്കി എം.എല്‍.എ. തടിയൂരിയിരിക്കയാണ്. പക്ഷേ മുക്കിയ പോസ്‌റ്റ് അപ്പോഴേക്കും സ്‌ക്രീന്‍ ഷോട്ടായി നാടാകെ വായിക്കേണ്ടവരൊക്കെ വായിച്ചു കഴിഞ്ഞിരുന്നു.
മായ്ച്ചുകളഞ്ഞ കുറിപ്പില്‍ നിന്ന് :
” യൂത്ത് കോണ്‍ഗ്രസ് സമരത്തില്‍ പങ്കെടുത്ത മാന്യ സഹോദരിയെ ആസനം(നിതംബം, ചന്തി,കുണ്ടി) തള്ളി വിടുന്ന ചിത്രം വാട്‌സ് ആപ്പില്‍ കാണാനിടയായി. അത്തരത്തില്‍ സമരത്തില്‍ ജനപങ്കാളിത്തമില്ലാതെയും, അക്രമസമരങ്ങള്‍ കണ്ടപ്പോഴുണ്ടായ പ്രതികരണം മാത്രമാണ്.സമരത്തില്‍ പങ്കെടുത്ത സ്‌ത്രീകളെയോ സഹോദരിമാരെയോ ഉദ്ദേശിച്ചിട്ടില്ല.

ചന്തി എന്ന പദപ്രയോഗം നടത്തിയിരുന്നത് ഇന്നു ഞാന്‍ ഡിക്ഷനറി പരിശോധിച്ചു. ബട്ടക്ക് എന്ന ഇംഗ്ലീഷ് വാക്കിന്റെ അര്‍ഥം ആസനം, നിതംബം, കുണ്ടി, ചന്തി എന്ന നിലയിലാണ് കണ്ടത്. പാലക്കാട്ടുകാരനായ ഞാന്‍ പൊതുവില്‍ ചന്തി എന്ന പദമാണ് ഉപയോഗിക്കുന്നത്….”

പട്ടികജാതിക്കാരിയായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തക ബാരിക്കേഡിനു മുകളില്‍ കയറിയ ഫോട്ടോ ഉള്‍പ്പെടയായിരുന്നു ഫേസ്‌ബുക്ക് പോസ്‌റ്റ്.
തിങ്കളാഴ്‌ച നെന്‍മാറയ്‌ക്കടുത്ത പല്ലശ്ശേനയില്‍ ചേര്‍ന്ന പ്രതിഷേധ പൊതുയോഗത്തില്‍ ബാബു സ്‌ത്രീകള്‍ക്ക് ആക്ഷേപകരമായ രീതിയില്‍ സംസാരിച്ചെന്ന ആരോപണം ഉയര്‍ന്നിരുന്നു. കഴിഞ്ഞദിവസം പത്തനംതിട്ടയില്‍ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനിടയില്‍ വനിതാ പ്രവര്‍ത്തകയെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ബാരിക്കേഡിന് മുകളില്‍ കയറുവാന്‍ സഹായിച്ചിരുന്നു. ഈ ചിത്രം വ്യാപകമായി സാമൂഹ്യ മാധ്യമങ്ങളില്‍ അശ്ലീല രീതിയില്‍ പ്രചരിപ്പിച്ചിരുന്നു. ഇതിന്റെ സൂചനയിലായിരുന്നു ബാബുവിന്റെ പ്രസംഗം.
” സ്‌ത്രീകള്‍ കയറിക്കഴിഞ്ഞാലുടനെ അവരാ സമരത്തിന്റെ മുന്‍പില്‍ നില്‍ക്കും. അങ്ങനെ നിന്നാല്‍ തന്നെ അവിടെ ബാരിക്കേഡ് തീര്‍ത്തിട്ടുണ്ടെങ്കില്‍ അത് മുകളിലേക്ക് ചാടിക്കയറും. ചാടിക്കയറി മുകളിലെത്തിയില്ലെങ്കില്‍…….”ഇതിനു ശേഷമായിരുന്നു ആക്ഷേപകരമായ പ്രയോഗം എം.എല്‍.എ. നടത്തിയത്.
“എത്ര നാണംകെട്ട സമരങ്ങളാണിവിടെ. ആള്‍ വേണ്ടേ, ആളെ കൂട്ടണ്ടേ അവര്‍. നിങ്ങള്‍ കാണുന്നില്ലേ പ്രതിഷേധം. ഏഴും മൂന്നും പത്താളുണ്ടോ എവിടെയെങ്കിലും.
നാലും മൂന്നും ഏഴാള് കേറും. അതില്‍ ഏതെങ്കിലും രണ്ട് പെണ്ണുങ്ങള്‍ കേറും” എന്നായിരുന്നു എം.എല്‍.എയുടെ തുടർ പ്രസംഗം.
ഇതിന്റെ വീഡിയോ പ്രചരിച്ചതോടെയാണ് പ്രസംഗത്തെ ന്യായീകരിച്ച് അദ്ദേഹം ഫേസ്‌ബുക്കില്‍ കുറിച്ചത്. അതാകട്ടെ കൂടുതല്‍ അബദ്ധവും ആക്ഷേപകരവുമായിത്തീരുകയും ചെയ്‌തു.