അഭയ കേസില്‍ ജാമ്യം ലഭിച്ചത് ദൈവം തന്ന അവസരമായി കണക്കാക്കുന്നുവെന്ന് ജയിൽ മോചിതനായ ഫാദർ തോമസ് കോട്ടൂർ. എല്ലാം കോടതി നോക്കിക്കോളുമെന്നും തനിക്കൊന്നും അറിയില്ലെന്നും തോമസ് കോട്ടൂർ പറഞ്ഞു. കർത്താവിന്‍റെ ഇടയനാണ് താന്‍. എനിക്കൊരു ബുദ്ധിമുട്ടും ഉണ്ടാവില്ലെന്നും തോമസ് കോട്ടൂർ കൂട്ടിച്ചേര്‍ത്തു.
‘ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ’ എന്ന് മാത്രമാണ് സിസ്റ്റർ സെഫി പ്രതികരിച്ചത്. കുറ്റബോധമുണ്ടോയെന്ന മാധ്യമപ്രവര്‍ത്തകരരുടെ ചോദ്യത്തിന് ഇല്ല എന്ന് സിസ്റ്റര്‍ സെഫി മറുപടി നൽകി.
കഴിഞ്ഞ ദിവസങ്ങളിൽ ജയിൽ മോചിതരായ ഇരുവരും ഇന്ന് രാവിലെ സിബിഐ ഓഫിസിൽ ഒപ്പിടാൻ എത്തിയപ്പോൾ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കാണ് പ്രതികരണം. കോടതി ഉത്തരവിലെ ജാമ്യവ്യവസ്ഥയുടെ ഭാഗമായിട്ടാണ് സിബിഐ ഓഫീസിലെത്തി ഒപ്പിടുന്നത്.
വിധി വന്നു തൊട്ടുപിന്നാലെ തന്നെ ജാമ്യത്തുക കെട്ടിവച്ച് അട്ടക്കുളങ്ങര ജയിലിൽ നിന്നു സിസ്റ്റർ സെഫി പുറത്തിറങ്ങിയിരുന്നു.എന്നാൽ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നില്ല. കന്യാസ്ത്രീകൾ ഉൾപ്പടെയുള്ളവരുടെ സംഘം എത്തിയാണ് സെഫിയെ കൂട്ടിക്കൊണ്ടു പോയത്. ഇന്നലെയാണ് ഫാദർ തോമസ് കോട്ടൂർ ജയിൽ മോചിതനായത്.
അഭയ കേസിൽ ഫാ.തോമസ് കോട്ടൂരിന്റെയും സിസ്റ്റർ സെഫിയുടെയും ശിക്ഷാവിധി മരവിപ്പിച്ചാണ് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
വിചാരണ കോടതിയുടെ ശിക്ഷ റദ്ദാക്കണമെന്ന പ്രതികളുടെ ഹർജിയിൽ തീർപ്പാകും വരെ ഇരുവർക്കും ജാമ്യത്തിൽ തുടരാം.
ജാമ്യാപേക്ഷയിൽ പ്രതികളുടെ ഉയർത്തിയ വാദങ്ങൾ പ്രതിരോധിക്കാൻ പ്രോസിക്യൂഷന് ആയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിവിഷൻ ബെഞ്ച് ഇരുവർക്കും ജാമ്യം നൽകിയത്.
അഞ്ച് ലക്ഷം രൂപ ഇരുവരും കെട്ടി വയ്ക്കണം, സംസ്ഥാനം വിടരുത്, ജാമ്യ കാലയളവിൽ മറ്റ് കുറ്റകൃത്യങ്ങളിൽ പങ്കാളികളാകരുത് എന്നിവയായിരുന്നു ജാമ്യവ്യവസ്ഥകൾ. പ്രതികൾക്ക് ജാമ്യം കിട്ടുന്നതിന് സിബിഐയുടെ ഭാഗത്ത് നിന്ന് അനുകൂല നടപടി ഉണ്ടായെന്ന് കേസിലെ പ്രധാന കക്ഷിയായ ജോമോൻ പുത്തൻപുരയ്ക്കൽ കുറ്റപ്പെടുത്തി.
2021 ഡിസംബർ 23-നായിരുന്നു അഭയ കേസിൽ പ്രതികളെ ഇരട്ട ജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ചത്. 28 വർഷം നീണ്ട നിയമ നടപടികൾക്ക് ശേഷമാണ് അഭയ കേസിൽ ഒന്നാം പ്രതി ഫാദർ തോമസ് കോട്ടൂരും, മൂന്നാം പ്രതി സിസ്റ്റർ സ്റ്റെഫിയും കൊലക്കുറ്റമടക്കം വകുപ്പുകൾ പ്രകാരം കുറ്റക്കാരണെന്ന് കണ്ടെത്തി ശിക്ഷിക്കുന്നത്. എന്നാൽ രണ്ട് സാക്ഷി മൊഴികളുടെ മാത്രം അടിസ്ഥാനത്തിൽ കൊലക്കുറ്റം ചുമത്തിയ നടപടിയെ അപ്പീൽ ഹർജിയിൽ പ്രതികൾ ചോദ്യം ചെയ്യുകയായിരുന്നു. മാത്രമല്ല കേസിലെ സാക്ഷിയായ അടയ്ക്കാ രാജു എന്നറിയപ്പെടുന്ന രാജു വർഷങ്ങൾക്ക് ശേഷം നടത്തിയ വെളിപ്പെടുത്തലിന്‍റെ ആധികാരികതയും ഹർജിയിൽ ചോദ്യം ചെയ്യപ്പെടുന്നുണ്ട്.