അഫ്ഗാനിസ്ഥാനില്‍ ഭൂചലനത്തില്‍ 950 പേർ മരിച്ചെന്ന് റിപ്പോർട്ട്. 600 ഓളം പേർക്ക് പരുക്കേറ്റിട്ടുണ്ട്.മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തത്.

കിഴക്കന്‍ അഫ്ഗാനിലെ പക്തിക പ്രവിശ്യയിലെ ബര്‍മല, സിറുക്, നക, ഗയാന്‍ ജില്ലകളിലാണ് ചൊവ്വാഴ്ച രാത്രി ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 6.1 രേഖപ്പെടുത്തിയ ഭൂചലനത്തിൽ വൻ നാശ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
ഹെലികോപ്റ്റര്‍ അടക്കം ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

രണ്ടു ദശകത്തിലെ ഏറ്റവും മാരകമായ ഭൂകമ്പമാണിതെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
അഫ്ഗാനിസ്ഥാനിലെ പക്ടിക പ്രവിശ്യയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് പാക്കിസ്ഥാൻ മെറ്റീരിയോളജിക്കൽ വിഭാഗം അറിയിച്ചു. പാക്കിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ഹിന്ദുക്കുഷ് മലനിരകൾ സ്ഥിരം ഭൂചലന മേഖലയാണ്.

500 കി.മീ. ചുറ്റളവിൽ അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, ഇന്ത്യ എന്നിവിടങ്ങളിൽ പ്രകമ്പനം അനുഭവപ്പെട്ടതായി യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്ററിനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. പെഷവാർ, ഇസ്ലാമാബാദ്, ലാഹോർ, പഞ്ചാബിന്റെ മറ്റ് ഭാഗങ്ങളിലും ഖൈബർ-പഖ്തൂൺഖ്വ പ്രവിശ്യകളിലും ഭൂചലനം അനുഭവപ്പെട്ടു. ഇവിടങ്ങളില്‍ ഇതുവരെ ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല.