കൂറുമാറ്റ നിയമപ്രകാരം അയോഗ്യരാക്കണമെന്ന ശിവസേനാ നേതൃത്വത്തിന്റെ കത്തിനെത്തുടര്‍ന്ന് 16 ശിവസേനാ വിമത എം.എല്‍.എ.മാര്‍ക്ക് മഹാരാഷ്ട്ര ഡെപ്യൂട്ടി സ്‌പീക്കര്‍ നോട്ടീസ് അയച്ചു. ഔദ്യോഗിക പക്ഷത്തിന് അനുകൂലമായി നില്‍ക്കുന്ന ആളാണ് ഡെപ്യൂട്ടി സ്‌പീക്കര്‍ നര്‍ഹരി സിര്‍വാള്‍. 16 എം.എല്‍.എ. മാര്‍ അയോഗ്യരാക്കപ്പെട്ടാല്‍ സഭയിലെ പിന്നീടുള്ള അംഗ ബലാബലത്തില്‍ വിമതര്‍ക്ക് മഹാ അഖാഡി സഖ്യത്തെ തോല്‍പിക്കാനാവില്ല എന്ന നിഗമനമാണുള്ളത്. മാത്രമല്ല സഭാതലത്തില്‍ ബലാബലം തീരുമാനമായാല്‍ ഇപ്പോള്‍ അസമിലെ സുഖവാസ ഹോട്ടലില്‍ കഴിയുന്ന വിമത എം.എല്‍.എ.മാര്‍ മഹാരാഷ്ട്രയിലേക്ക് തിരിച്ചു വരേണ്ടിവരും. ഇവര്‍ക്കെതിരെ നാട്ടില്‍ പലയിടത്തും ശിവസേന വന്‍ പ്രതിഷേധം ഉയര്‍ത്തുമെന്നതിന്റെ സൂചനകള്‍ പുറത്തു വന്നു കഴിഞ്ഞു. വിമത എംഎൽഎമാർക്കെതിരെ ശിവസേന പ്രവർത്തകർ പ്രതിഷേധിക്കുകയും ഖാർഘറിലെ പാർട്ടി ഓഫീസിന് പുറത്ത് കോലം കത്തിക്കുകയും ചെയ്തു. പൂനെയിലെ കത്‌രാജിലെ ബാലാജി ഏരിയ എംഎൽഎ താനാജി സാവന്തിന്റെ ഓഫീസ് ശിവസേന പ്രവർത്തകർ തകർത്തു. വിമത എംഎൽഎമാരിൽ ഒരാളാണ് സാവന്ത് . ഇത് ഒരു തുടക്കം മാത്രമാണെന്നും കൂടുതൽ എംഎൽഎമാരുടെ ഓഫീസുകൾ തകർക്കുമെന്നും ശിവസൈനികർ പറഞ്ഞതായി റിപ്പോർട്ട് ഉണ്ട്.
.സംസ്ഥാനത്ത് നിന്നുള്ള വിമതർ താമസിക്കുന്ന ഗുവാഹത്തിയിലെ റാഡിസൺ ബ്ലൂ ഹോട്ടലിന് പുറത്ത് അസം സംസ്ഥാന ശിവസേനയും എൻസിപി പ്രവർത്തകരും പ്രതിഷേധിച്ചു.
അതിനിടെ, ഡെപ്യൂട്ടി സ്പീക്കർ നർഹരി സിർവാൾ തനിക്കെതിരെ ഷിൻഡെ ക്യാമ്പ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ശരിയല്ലാത്ത ഇമെയിൽ വിലാസം വഴി അയച്ചതിനാലും ഒരു എംഎൽഎയും ഓഫീസിൽ നേരിട്ട് സമർപ്പിക്കാത്തതിനാലും നിരസിച്ചു.