മഹാരാഷ്ട്രയിൽ മഹാ വികാസ് അഖാഡി സഖ്യ ഭരണം പ്രതിസന്ധിയിൽ. മന്ത്രി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ 20 ശിവസേന എംഎൽഎമാർ ഗുജറാത്തിലേക്ക് കടന്നതോടെയാണ് മഹാരാഷ്ട്രയിലെ കൂട്ടുകക്ഷി സർക്കാർ പ്രതിസന്ധിയിലായത്. ഇന്നലെ മഹാരാഷ്ട്ര നിയമസഭാ കൗൺസിലിലെ 10 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിനു പിന്നാലെയാണ് മന്ത്രി ഷിൻഡെയെയും എംഎൽഎമാരെയും കാണാതായത്.
ഷിൻഡെ ഗുജറാത്തിലേക്ക് മാറിയതിന് പിന്നാലെ ശിവസേന അദ്ദേഹത്തെ നിയമസഭാ കക്ഷി നേതൃസ്ഥാനത്ത് നിന്ന് മാറ്റി. സേവ്രിയിൽ നിന്നുള്ള എംഎൽഎ ആയ അജയ് ചൗധരി ആണ് പുതിയ ചീഫ് വിപ്പ്.
ശിവസേനയുടെ മുഖമായ ഏക്നാഥ് ഷിൻഡെ. പൊതുമരാമത്ത്, നഗരവികസന മന്ത്രിയാണ്. പാർട്ടിയിലും മന്ത്രിസഭയിലും വേണ്ടത്ര പ്രാധാന്യം ലഭിക്കുന്നില്ലെന്ന് ഏറെക്കാലമായി ഷിൻഡെയ്ക്ക് പരാതി ഉന്നയിച്ചിരുന്നു.
അഭ്യൂഹങ്ങൾക്കിടെ താൻ ശിവസൈനികനായി തുടരുമെന്ന് ഷിൻഡെ ട്വിറ്ററിലൂടെ പ്രതികരിച്ചിട്ടുണ്ട്. ഷിൻഡെയുടെ പത്രസമ്മേളനവും ഉടൻ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ട്.
അതേസമയം എംഎൽഎമാരുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും സ്ഥിതിഗതികൾ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണെന്നും സർക്കാരിന് യാതൊരു പ്രതിസന്ധിയുമില്ലെന്നുമാണ് ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് പ്രതികരിച്ചത്.

രാഷ്ട്രീയ പ്രതിസന്ധി മൂർച്ഛിക്കുന്നതിനിടെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഭരണകക്ഷിയായ ശിവസേന-എൻസിപി-കോൺഗ്രസ് എംഎൽഎമാരുടെ യോഗം വിളിച്ചുചേർത്തിരുന്നു.
288 അംഗ നിയമസഭയിൽ 165 എംഎൽഎമാരാണ് സഖ്യത്തിനുള്ളത്. യോഗത്തിൽ ശിവസേനയുടെ 56 എംഎൽഎമാരിൽ 15 എംഎൽഎമാർ മാത്രമാണ് പങ്കെടുത്തത്.
ഇതോടെ മുഖ്യമന്ത്രി പദം ഒഴിയാൻ ഉദ്ധവ് താക്കറെ സന്നദ്ധത അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്.
അതിനിടെ, കോൺഗ്രസിൽ നിന്ന് 10 എംഎൽഎമാരും കൂറുമാറിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഏകനാഥ് ഷിൻഡെയെ അനുനയിപ്പിക്കാനായി അദ്ദേഹത്തിന് ശിവസേന ഉപമുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തു. എന്നാൽ ദേവേന്ദ്ര ഫഡ്നാവിസിനെ മുഖ്യമന്ത്രിയാക്കി ബിജെപി-ശിവസേന കൂട്ടുകക്ഷി സർക്കാരിനെ നിർമ്മിക്കാനാണ് ഷിൻഡെയുടെ നീക്കങ്ങളെന്നാണ് സൂചന.
അതേ സമയം മഹാരാഷ്ട്രയിൽ സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാനുള്ള ബിജെപിയുടെ പാഴ്ശ്രമമാണ് നടക്കുന്നതെന്ന് ശിവസേന കുറ്റപ്പെടുത്തി. മധ്യപ്രദേശോ രാജസ്ഥാനോ അല്ല മഹാരാഷ്ട്രയെന്ന് ബി ജെ പി ഓർക്കണമെന്ന് ശിവ സേനാ നേതാവ് സഞ്ജയ് റാവത്ത് പ്രതികരിച്ചു.