Categories
latest news

രാജ്യസഭാ തിരഞ്ഞെടുപ്പിൽ കുതിരക്കച്ചവട ഭയം : കോൺഗ്രസ് എംഎൽഎമാരെ റിസോർട്ടുകളിലേക്ക് മാറ്റുന്നു…

രാജ്യസഭ തെരഞ്ഞെടുപ്പിലും കോൺഗ്രസിന് തലവേദനയായി കുതിരകച്ചവടവും ക്രോസ് വോട്ടിംഗും മാറുമെന്ന് ഭയം.രാജസ്ഥാനിലും ഹരിയാനയിലും മത്സരം കടുക്കുന്ന സാഹചര്യത്തിൽ എം എൽ എമാരെ റിസോർട്ടുകളിലേക്ക് മാറ്റിയേക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.

സംസ്ഥാനത്തിന് പുറത്തുള്ളവർക്ക് സീറ്റു നൽകിയതിൽ കോൺഗ്രസ്സ് എംഎൽഎമാർ അതൃപ്തി പ്രകടിപ്പിച്ചതോടെയാണ് ഇത്തരത്തിൽ ഒരു നീക്കമെന്നാണു വിവരം.

thepoliticaleditor

രാജസ്ഥാനിൽ കോൺഗ്രസ്‌ സ്ഥാനാർഥി പ്രമോദ് തിവാരിയെ വിജയിപ്പിക്കാൻ വോട്ടുകൾ തികയാതെ നിൽക്കുന്ന പാർട്ടിക്ക് തലവേദന സൃഷ്ടിച്ചുകൊണ്ട് സീ ഗ്രൂപ്പ്‌ മേധാവിയായ സുഭാഷ് ചന്ദ്രയെ ബിജെപി സ്വതന്ത്രനായി നിർത്തിയിട്ടുണ്ട്.
ഇവിടെ കുതിരക്കച്ചവടം ഭയന്ന് കോൺഗ്രസ് എംൽഎമാരെ റിസോർട്ടിലേക്ക് മാറ്റിയേക്കുമെന്നാണ് റിപ്പോർട്ട്. ഉദയ്പൂരിലെ ആരവലി റിസോർട്ടിലേക്കാണ് ഇവരെ മാറ്റുക. ജയ്‌സാൽമീറിലെ സൂര്യഗഢിൽ 40 മുറികളും ബുക്ക് ചെയ്തിട്ടുണ്ട്. ഹരിയാന കോൺഗ്രസ് എംഎൽഎമാരെയും ജയ്പൂരിലേക്ക് കൊണ്ടുപോകും. ​​ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.

നാല് രാജ്യസഭാ സീറ്റുകളാണ് രാജസ്ഥാനിൽ ഒഴിവുള്ളത്. നിലവിലെ നിയമസഭാ കക്ഷിനിലയനുസരിച്ച് ഇതിൽ മൂന്നെണ്ണത്തിൽ കോൺഗ്രസും ഒരു സീറ്റിൽ ബി.ജെ.പിയും ജയം ഉറപ്പിച്ചതായിരുന്നു.

പ്രമോദ് തിവാരിക്കെതിരെ സ്വതന്ത്രനായി സുഭാഷ് ചന്ദ്ര മത്സരിക്കുമ്പോൾ ഉത്തർപ്രദേശുകാരനായ പ്രമോദ് തിവാരിയെ രാജസ്ഥാനിൽ മത്സരിപ്പിക്കുന്നതിൽ കോൺഗ്രസ് എംഎൽഎമാർക്കിടയിലുള്ള അതൃപ്തി തങ്ങൾക്കനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി.

പ്രമോദ് തിവാരിയെ കൂടാതെ രൺദീപ്സിങ് സുർജെവാല, മുകുൾ വാസ്നിക് എന്നിവരാണ് രാജസ്ഥാനിലെ കോൺഗ്രസ് രാജ്യസഭാ സ്ഥാനാർഥികൾ. മൂന്ന് പേരും രാജസ്ഥാനിൽ നിന്ന് പുറത്തുള്ളവരാണ്. വസുന്ധര രാജെയുടെ മന്ത്രിസഭയിൽ അംഗമായിരുന്ന ഘൻശ്യാം തിവാരിയാണ് ബിജെപിയുടെ സ്ഥാനാർഥി.

200 അംഗ രാജസ്ഥാൻ നിയമസഭയിൽ ഒരു രാജ്യസഭാ സ്ഥാനാർഥിക്കു വേണ്ടത് 41 വോട്ടുകളാണ്. കോൺഗ്രസിന് 108 വോട്ടുകളും ബിജെപിക്ക് 71 വോട്ടുകളുമുണ്ട്.

കോൺഗ്രസിന് രണ്ട് സീറ്റിലും ബിജെപിക്ക് ഒരു സീറ്റിലും മറ്റുള്ളവരുടെ പിന്തുണയില്ലാതെ ജയിക്കാം. മൂന്നാമത്തെ സീറ്റ് കോൺഗ്രസിന് നേടണമെങ്കിൽ 15 വോട്ടുകൾ കൂടി ആവശ്യമാണ്. ചെറു പാർട്ടികളുടേയും സ്വതന്ത്രരുടേയും പിന്തുണയാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്.

എന്നാൽ ബിജെപിക്ക് രണ്ടാമതൊരു സ്ഥാനാർഥിയെ വിജയപ്പിക്കണമെങ്കിൽ 11 വോട്ടുകൾ കൂടി മതി. സ്വതന്ത്രനായി സുഭാഷ് ചന്ദ്രയെ ഇറക്കുന്നതിലൂടെ ചെറുപാർട്ടികളുടേയും സ്വതന്ത്രരുടേയും പിന്തുണ തങ്ങൾക്ക് നേടിയെടുക്കാമെന്ന കണക്കുകൂട്ടലിലാണ് ബിജെപി.

13 സ്വതന്ത്ര എംഎൽഎമാരുണ്ട് രാജസ്ഥാൻ നിയമസഭയിൽ. രാഷ്ട്രീയ ലോക് താന്ത്രിക് പാർട്ടി, ഭാരതീയ ട്രൈബൽ പാർട്ടി, സിപിഎം എന്നിവർക്ക് രണ്ട് വീതം അംഗങ്ങളുണ്ട്. രാജ്യസഭാ തിരഞ്ഞെടുപ്പിൽ ഇവരുടെ തീരുമാനം നിർണായകമാകും.

ഹരിയാനയിൽ കോൺഗ്രസിന് ജയിക്കാൻ സാധിക്കുന്ന ഒരു രാജ്യസഭാ സീറ്റ് മുതിർന്ന നേതാവ് അജയ് മാക്കന് നൽകിയതിൽ എം എൽ എ മാർ അതൃപ്തരാണ്. ഇതോടെയാണ് സംസ്ഥാനത്ത് കുതിരകച്ചവടത്തിന് സാധ്യത തെളിഞ്ഞത്. അജയ് മാക്കനെതിരെ മാധ്യമ മേധാവിയും മുൻ കോൺഗ്രസ് നേതാവിന്റെ മകനുമായ കാർത്തികേയ ശർമ്മയെയാണ് ബിജെപി സ്ഥാനാർഥിയായി നിർത്തിയിട്ടിട്ടുള്ളത്. കാർത്തികേ ശർമ്മയുടെ കോൺഗ്രസ്‌ പാരമ്പര്യം കോൺഗ്രസിനെ ഭയപ്പെടുത്തുന്ന വസ്തുതയാണ്.

ചില കോൺഗ്രസ് എം എൽ എമാർ ക്രോസ് വോട്ടിംഗിൽ ഏർപ്പെടുമെന്നും അതുവഴി രാജ്യസഭാ സീറ്റ് ജയിക്കാനുള്ള സാധ്യത ഇല്ലാതാക്കുമെന്നുള്ള ആശങ്ക പാ‍ർട്ടിയിൽ വർധിച്ചു വരുന്ന സാഹചര്യത്തിലാണ് കോൺഗ്രസ് എം എൽ എമാരെ ഛത്തീസ്ഗഡിലേക്ക് മാറ്റാനുള്ള തീരുമാനം.

റായ്പൂരിലെ റിസോർട്ടിലാകും ഇവരെ പാർപ്പിക്കുക. അങ്ങനെയെങ്കിൽ ജൂൺ 10 ന് തിരഞ്ഞെടുപ്പിനാകും ഇവർ സംസ്ഥാനത്ത് മടങ്ങിയെത്തുക.

90 അംഗ ഹരിയാന നിയമസഭയിൽ ബി ജെ പിക്കും ജെ ജെ പിക്കും യഥാക്രമം 40, 10 സീറ്റുകളും കോൺഗ്രസിന് 31 എം എൽ എമാരുമുണ്ട്. നിയമസഭയിലെ നിലവിലെ അംഗബലത്തിന്റെ അടിസ്ഥാനത്തിൽ ബി ജെ പിക്കും കോൺഗ്രസിനും ഓരോ സീറ്റ് വീതം ജയിക്കാവുന്നതാണ്. എന്നാൽ കോൺഗ്രസിന്‍റെ എം എൽ എമാർ മാറി കുത്തുകയും സ്വതന്ത്രരടക്കമുള്ളവ‍ർ പിന്തുണയ്ക്കുകയും ചെയ്താൽ ബിജെപിക്ക് രണ്ടാമതൊരു സീറ്റ് ലഭിക്കുന്ന സാഹചര്യമുണ്ടാകും.
ഇത് ഒഴിവാക്കാനാണ് കോൺഗ്രസ് വീണ്ടും റിസോർട്ട് രാഷ്ട്രീയത്തിലേക്ക് നീങ്ങുന്നത്.

നേരത്തെ ഗുജറാത്തിൽ രാജ്യസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നപ്പോഴും കോൺഗ്രസ് എം എൽ എമാരെ റിസോർട്ടിലേക്ക് മാറ്റിയിരുന്നു. അന്ന് തന്ത്രപരമായ നീക്കത്തിനൊടുവിൽ അഹമ്മദ് പട്ടേലിനെ വിജയിപ്പിക്കാൻ കോൺഗ്രസിന് സാധിച്ചിരുന്നു.

15 സംസ്ഥാനങ്ങളിലായി ആകെ 57 രാജ്യസഭ സീറ്റുകളിലേക്കാണ് ജൂൺ 10 ന് വോട്ടെടുപ്പ് നടക്കുന്നത്.

Spread the love
English Summary: Congress to shift MLAs to hotels ahead of RajyaSabha polls

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick