രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥി ദ്രൗപതി മുർമുവിന് പിന്തുണ നൽകുമെന്ന് ബഹുജൻ സമാജ് പാർട്ടി നേതാവ് മായാവതി അറിയിച്ചു.മുൻ കേന്ദ്രമന്ത്രി യശ്വന്ത് സിൻഹയെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി തിരഞ്ഞെടുത്തപ്പോൾ തങ്ങളോട് കൂടിയാലോചിച്ചില്ലെന്നും മായാവതി പറഞ്ഞു.
“ഈ തീരുമാനമെടുത്തത് ബിജെപിയെയോ എൻഡിഎയെയോ പിന്തുണയ്ക്കാനോ പ്രതിപക്ഷമായ യുപിഎയ്‌ക്കെതിരെ നിൽക്കാനോ അല്ല , മറിച്ച് കഴിവും അർപ്പണ ബോധമുള്ള ഒരു ആദിവാസി സ്ത്രീയെ രാജ്യത്തിന്റെ പ്രസിഡന്റാക്കണമെന്നുള്ള ഞങ്ങളുടെ പാർട്ടിയുടെ ലക്ഷ്യം മനസ്സിൽ വച്ചാണ്.”- മായാവതി പറഞ്ഞു.

ബിഎസ്പിക്ക് 10 ലോക്‌സഭാ സീറ്റുകളും മൂന്ന് രാജ്യസഭാ എംപിമാരുണ്ട്, എന്നാൽ മൂന്ന് പാർലമെന്റംഗങ്ങളിൽ രണ്ട് പേർ തെരഞ്ഞെടുപ്പിന് 14 ദിവസം മുമ്പ് വിരമിക്കും. യുപി നിയമസഭയിലും പാർട്ടിക്ക് ഒരു സീറ്റുണ്ട്.
മുൻ കേന്ദ്രമന്ത്രി യശ്വന്ത് സിൻഹയെ തിരഞ്ഞെടുത്തപ്പോൾ തന്നോട് കൂടിയാലോചിക്കാത്തതിന് പ്രതിപക്ഷത്തെയും മായാവതി വിമർശിച്ചു.
“പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള പ്രതിപക്ഷ സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കാൻ ജൂൺ 15 ന് വിളിച്ച യോഗത്തിലേക്ക് തിരഞ്ഞെടുത്ത പാർട്ടികളെ മാത്രമാണ് മമത ബാനർജി ക്ഷണിച്ചത്. ജൂൺ 21 ന് ശരദ് പവാർ യോഗം വിളിച്ചപ്പോഴും ബിഎസ്പിയെ ക്ഷണിച്ചില്ല. ഇത് അവരുടെ ജാതീയമായ തരംതിരിവാണ് കാണിക്കുന്നത്,” മായാവതി പറഞ്ഞു.
ദ്രൗപതി മുർമുവിന് ഒഡീഷയിലെ ബിജു ജനതാദളും പിന്തുണ നേരത്തെ അറിയിച്ചിട്ടുണ്ട്. 64-കാരിയായ മുര്‍മു വോടെടുപ്പില്‍ വിജയിച്ചാല്‍ രാഷ്‌ട്രപതിയാകുന്ന ആദ്യ ആദിവാസി വനിതയാകും.
ഇന്നലെയാണ് മുർമു നാമനിർദേശ പത്രിക സമർപ്പിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ബിജെപി അധ്യക്ഷൻ ജെപി നദ്ദ എന്നിവരുടെ സാന്നിധ്യത്തിലാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്.