Categories
kerala

ഒടുവില്‍ സി.ബി.ഐ.യും ഒത്തു കളിക്കുന്നുവോ…അഭയയുടെ ഘാതകര്‍ ജയിലിനു പുറത്തേക്ക്‌

ശിക്ഷിക്കപ്പെട്ട പ്രതികള്‍ക്ക്‌ പുറത്തിറങ്ങാന്‍ അഡ്‌ജസ്റ്റ്‌മെന്റുകള്‍ എന്നത്‌ ഇന്ത്യന്‍ കോടതി മുറികള്‍ക്ക്‌ പുതുമയല്ല. സിസ്റ്റര്‍ അഭയയെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക്‌ ഇപ്പോള്‍ ഇത്തരം സഹായങ്ങള്‍ കിട്ടിയിട്ടുണ്ടോ…ആരോപണം ഉയരുംവിധം ഇന്ന്‌ ഫാദര്‍ തോമസ്‌ കോട്ടൂരിനും സിസ്‌റ്റര്‍ സെഫിക്കും ജാമ്യം അനുവദിച്ചിരിക്കയാണ്‌ ഹൈക്കോടതി. പ്രതികള്‍ ജാമ്യാപേക്ഷയില്‍ ഉന്നയിച്ച കാര്യങ്ങള്‍ ഫലപ്രദമായി പ്രതിരോധിച്ച്‌ മറുവാദം സ്ഥാപിക്കുന്നതില്‍ പ്രൊസിക്യൂഷന്‍ പരാജയപ്പെട്ടു എന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ കോടതി തീരുമാനം.

സിസ്റ്റര്‍ അഭയ

സി.ബി.ഐ.യുടെ ഭാഗത്തു നിന്നും വേണ്ടത്ര ശ്രദ്ധ ഉണ്ടായില്ല എന്ന്‌ ചുരുക്കം. സി.ബി.ഐ. രജിസ്‌റ്റര്‍ ചെയ്‌ത കേസില്‍ തിരുവനന്തപുരം സി.ബി.ഐ. കോടതി തോമസ്‌ കോട്ടൂരിനെ ഇരട്ട ജീവപര്യന്തത്തിനും സെഫിയെ ജീവപര്യന്തം തടവിനും 2020 ഡിസംബര്‍ 23-ന്‌ തിരുവനന്തപുരം സി.ബി.ഐ. കോടതി ശിക്ഷിച്ചിരുന്നു.
എന്നാല്‍ ശിക്ഷ വേണ്ടത്ര തെളിവുകള്‍ പരിശോധിക്കാതെയാണെന്ന്‌ പ്രതികള്‍ വാദിച്ചു. സിബിഐ കോടതി വിധിച്ച ശിക്ഷയ്‌ക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുമുണ്ട്‌ പ്രതികള്‍. ആ അപ്പീലില്‍ വിധി വരുന്നതു വരെ തങ്ങളെ പുറത്തേക്കു വിടാന്‍ ജാമ്യം അനുവദിക്കണമെന്ന ഹര്‍ജിയിലാണ്‌ ഹൈക്കോടതി ഇന്ന്‌ വിധി പറഞ്ഞത്‌. ജാമ്യം കിട്ടാതിരിക്കാന്‍ പ്രോസിക്യൂഷന്‍ ഭാഗത്തു നിന്നും ജാഗ്രത ഉണ്ടായിരുന്നില്ലെന്ന ആരോപണം ഉയര്‍ന്നു കഴിഞ്ഞു. സാധാരണ ഗതിയില്‍ ക്രിമിനില്‍ കേസുകളില്‍ വിചാരണ കോടതി ശിക്ഷിച്ച്‌ പ്രതികള്‍ അപ്പീല്‍ കോടതിയിലെ വിധി വരുന്നതുവരെ ജയിലില്‍ കിടക്കുക തന്നെയാണ്‌ പതിവ്‌. അല്ലെങ്കില്‍ അസാധാരണമായി എന്തെങ്കിലും സാഹചര്യം ഉണ്ടാവണം.

thepoliticaleditor

ഇവിടെ വിചാരണ കോടതി നല്‍കിയ ശിക്ഷ മരവിപ്പിച്ച്‌ പ്രതികള്‍ക്ക്‌ ജാമ്യം അനുവദിക്കുകയാണ്‌ ഹൈക്കോടതി ചെയ്‌തിരിക്കുന്നത്‌. ഈ ആവശ്യം നിരസിക്കാന്‍ തക്ക ശക്തമായ വാദം പ്രൊസിക്യൂഷന്‍ ഉന്നയിച്ചില്ല എന്ന ആരോപണമാണ്‌ ഉയര്‍ന്നിരിക്കുന്നത്‌. പ്രതികള്‍ക്ക്‌ ശിക്ഷ വാങ്ങിക്കൊടുത്ത സി.ബി.ഐ. എന്തുകൊണ്ട്‌ ആ ശിക്ഷ മരവിപ്പിക്കാതിരിക്കാനുള്ള ശക്തമായ വാദം നടത്തി കോടതിയെ ബോധ്യപ്പെടുത്തിയില്ല എന്ന ചോദ്യമാണ്‌ ഉയരുന്നത്‌.
സി.ബി.ഐ. കോടതി വിധി വരുന്നതുവരെ തോമസ്‌ കോട്ടൂരും സെഫിയും വെളിയില്‍ തന്നെയായിരുന്നു. വിധി വന്ന ശേഷം ഇപ്പോള്‍ വെറും രണ്ടു വര്‍ഷം മാത്രമാണ്‌ ഇവര്‍ ജയിലില്‍ ശിക്ഷ അനുഭവിച്ചത്‌. ഇപ്പോളിതാ വീണ്ടും അവര്‍ സ്വതന്ത്രരായി. കൊല്ലപ്പെട്ട അഭയ എന്ന പെണ്‍കുട്ടിക്ക്‌ നീതി കിട്ടുന്നത്‌ അവരുടെ ഘാതകരെന്ന്‌ തെളിയിക്കപ്പെട്ടവര്‍ ശിക്ഷ അനുഭവിക്കുമ്പോഴാണ്‌. അവര്‍ ഭൂരിഭാഗം കാലവും സ്വതന്ത്രരായി പുറത്ത്‌ വിഹരിക്കുന്ന സ്ഥിതിയാണ്‌ ഉണ്ടാകുന്നതെങ്കില്‍ അത്‌ എന്തു തരം നീതി നടപ്പാക്കലാണ്‌ എന്നതാണ്‌ ഉയരുന്ന ചോദ്യം.

Spread the love
English Summary: bail to abhaya murdercase convicts

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick