തിരുവനന്തപുരം ആറ്റിങ്ങലിൽ ടാങ്കർ ലോറിയിൽ കാറിടിച്ച് അച്ഛനും മകനും മരിച്ച സംഭവം ആത്മഹത്യ എന്ന് നിഗമനം.ടാങ്കര്‍ ലോറിയില്‍ കാര്‍ ഇടിപ്പിച്ചാണ് നെടുമങ്ങാട് നല്ലമ്പ്രക്കോണം സ്വദേശി പ്രകാശ് ദേവരാജന്‍, മകന്‍ ശിവദേവ് (12) എന്നിവര്‍ മരിച്ചത്.
കാറിൽ നിന്ന് പ്രകാശ് എഴുതിയതെന്ന് സംശയിക്കുന്ന ഒരു കുറിപ്പ് പോലീസിന് ലഭിച്ചു. കൂടാതെ മരണത്തിന് മുമ്പായി പ്രകാശ് ഫെയ്സ്ബുക്കിലിട്ട പോസ്റ്റും ആത്മഹത്യ ആണെന്ന സൂചനയാണ് നൽകുന്നത്. ‘എന്റെയും എന്റെ മക്കളുടേയും മരണത്തിന് കാരണക്കാരായ ഇവരെ നിയമത്തിന് മുമ്പിൽ കൊണ്ടുവന്ന് പരമാവധി ശിക്ഷ വാങ്ങി കൊടുക്കണമെന്ന് അപേക്ഷിക്കുന്നു’-രണ്ടു പേരുടെ ചിത്രങ്ങളും പോസ്റ്റ് ചെയ്ത പ്രകാശിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ചില സാമ്പത്തിക-കുടുംബ പ്രശ്നങ്ങൾ പ്രകാശിനെ അലട്ടിയിരുന്നതായാണ് ലഭിക്കുന്ന വിവരം.
ഇന്നലെ രാത്രി ആറ്റിങ്ങല്‍ മാമത്ത് ദേശീയപാതയിലാണ് സംഭവം. രാത്രി 12 മണിയോടെയാണ് ഇവർ സഞ്ചരിച്ച കാറ് ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ചത്. ആറ്റിങ്ങൽ ഭാഗത്തേക്ക് പോകുകയായിരുന്ന കാർ എതിരെ വരുകയായിരുന്ന ലോറിയിലിടിക്കുകയായിരുന്നു. ഇന്ധന ടാങ്കറിന്റെ നിയന്ത്രണം നഷ്ടമാകാത്തതിനാൽ വൻ ദുരന്തം ഒഴിവായി.
അപകടത്തിൽ പ്രകാശ് തത്ക്ഷണം മരിച്ചിരുന്നു. കാറ് വെട്ടിപൊളിച്ചെടുത്ത് ശിവദേവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്.