Categories
alert

വീണ്ടും കൊവിഡ് കൂടുന്നു… കേരളത്തിനടക്കം ജാഗ്രതാ നിർദേശം

രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ അഞ്ച് സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി കേന്ദ്ര സർക്കാർ. കേരളം, തമിഴ്‌നാട്, കർണാടക, തെലങ്കാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളോടാണ് കേന്ദ്ര സർക്കാർ ജാഗ്രത പാലിക്കാൻ നിർദേശം നൽകിയത്.

ഇന്നലെ 4,033 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. മൂന്ന് മാസങ്ങൾക്ക് മുൻപ് മാർച്ച് 10നാണ് രാജ്യത്ത് അവസാനമായി പ്രതിദിന കൊവിഡ് കണക്ക് നാലായിരത്തിൽ എത്തിയത്. ചില സംസ്ഥാനങ്ങളിലെ കൊവിഡ് കേസുകളിലെ വർധനയാണ് രാജ്യത്തെ കൊവിഡ് വർധനയ്ക്ക് കാരണമെന്നും ഇത്ര നാൾ കൊവിഡിനെതിരായി ഉണ്ടാക്കിയ മുന്നേറ്റം നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധിക്കണമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൻ അറിയിച്ചു.

thepoliticaleditor

കേന്ദ്ര സർക്കാർ ഏപ്രിൽ 18ന് സംസ്ഥാനങ്ങൾക്ക് നൽകിയ കത്തിലെ നിർദേശങ്ങൾ അനുസരിച്ച് വാക്‌സിനേഷൻ, ടെസ്റ്റിംഗ്, നിരീക്ഷണം തുടങ്ങിയവ കർശനമായി പാലിക്കണമെന്ന് രാജേഷ് ഭൂഷൻ വ്യക്തമാക്കി.

അതേസമയം, കൊവിഡ് കേസുകള്‍ ചെറുതായി ഉയര്‍ന്നെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോ‍‍ർജ് അറിയിച്ചു. ഇപ്പോള്‍ ബാധിച്ചിരിക്കുന്നത് ഒമിക്രോണ്‍ വകഭേദമാണ്. പരിശോധനകളില്‍ മറ്റ് വകഭേദങ്ങള്‍ കണ്ടെത്തിയിട്ടില്ല. കൊവിഡിനോടൊപ്പം ജീവിക്കുക എന്നതാണ് പ്രധാനം. എല്ലാവരും മാസ്‌ക് നിര്‍ബന്ധമായും ധരിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. കിടപ്പ് രോഗികള്‍, വയോജനങ്ങള്‍ എന്നിവരെ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണം. രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാനുള്ളവരും പ്രികോഷന്‍ ഡോസ് എടുക്കാനുള്ളവരും അതെടുക്കേണ്ടതാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ബന്ധമായും പ്രികോഷന്‍ ഡോസ് എടുക്കണമെന്നും വീണ ജോ‍ർജ് നിർദേശിച്ചു.

നിലവിൽ എറണാകുളം, തിരുവനന്തപുരം, കോട്ടയം ജില്ലകളിലാണ് കൊവിഡ് കേസുകള്‍ കൂടുതലുള്ളതെന്നും മന്ത്രി പറഞ്ഞു. ഈ ജില്ലകള്‍ പ്രത്യേകം ശ്രദ്ധ പുലർത്തണം. രോഗലക്ഷണങ്ങളുള്ളവര്‍ പരിശോധന നടത്തണം. അനുബന്ധ രോഗങ്ങളുള്ളവര്‍ക്ക് കോവിഡ് രോഗ ലക്ഷണങ്ങളുണ്ടെങ്കില്‍ ഉടന്‍ തന്നെ കോവിഡ് പരിശോധന നടത്തി ചികിത്സ തേടേണ്ടതാണ്. പ്രദേശികമായി വാക്‌സിന്‍ എടുക്കാത്തവരുടെ കണക്ക് ശേഖരിക്കാനും വാക്‌സിന്‍ എടുക്കുന്നു എന്നുറപ്പാക്കാനും ഫീല്‍ഡ് വര്‍ക്കര്‍മാരെ ചുമതലപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

എല്ലാ കുട്ടികള്‍ക്കും വാക്‌സീന്‍ ഉറപ്പാക്കും. സ്‌കൂള്‍ തുറന്ന സാഹചര്യത്തില്‍ എല്ലാ കുട്ടികള്‍ക്കും വാക്‌സീനെടുക്കാനുള്ള നടപടികള്‍ വിദ്യാഭ്യാസ വകുപ്പുമായി ആലോചിച്ച് നടപ്പിലാക്കുമെന്നും വീണ ജോർജ് അറിയിച്ചു.

Spread the love
English Summary: covid cases rising again including kerala

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick