Categories
latest news

‘അഗ്നിപഥ്’; പ്രതിഷേധം തെക്കേ ഇന്ത്യയിലും ശക്തമാകുന്നു

സായുധ സേനയിൽ നാലുവർഷത്തെ കരാർ നിയമനത്തിനുള്ള കേന്ദ്രത്തിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെ തെക്കേ ഇന്ത്യയിലും പ്രതിഷേധം കനക്കുന്നു. തെലങ്കാനയിലെ സെക്കന്ദരാബാദിൽ പ്രതിഷേധത്തിനിടെ ഒരാൾ മരിച്ചു.15 പേർക്കു പരുക്കേറ്റു.

മൂന്നു പാസഞ്ചർ ട്രെയിനുകൾക്ക് പ്രതിഷേധക്കാർ തീവച്ചു. റെയിൽവേ സ്റ്റേഷൻ കല്ലെറിഞ്ഞു തകർത്തു. പ്രതിഷേധക്കാർ ട്രെയിനിൽ നിന്ന് ചരക്ക്‌ സാധനങ്ങൾ ട്രാക്കിലേക്ക് വലിച്ചിട്ട് കത്തിച്ചു. സംഘർഷാവസ്ഥയെ തുടർന്ന് സ്റ്റേഷൻ പരിസരത്തെ കടകൾ അടച്ചു.റെയിൽവേ സ്റ്റേഷനിലെ പ്രതിഷേധക്കാരെ പിരിച്ചു വിടുന്നതിനു പൊലീസ് ആകാശത്തേയ്ക്കു വെടിവെച്ചു.

thepoliticaleditor

ബിഹാറിലാണ് കനത്ത പ്രതിഷേധം. ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ രേണു ദേവിയുടെ വെസ്റ്റ് ചമ്പാരൻ ജില്ലയിലുള്ള വീടിനു നേരേ ആക്രമണമുണ്ടായി. ബിജെപി സംസ്ഥാന അധ്യക്ഷന്റെ വീടും ആക്രമിച്ചു. മധേപുരയിൽ ബിജെപി ഓഫിസിനു തീയിട്ടു. മൊഹിദ്യുനഗറില്‍ ജമ്മുതാവി എക്‌സ്പ്രസിന്റെ ബോഗികള്‍ക്ക് തീവച്ചു. ഹാജിപുര്‍-ബറൗണി റെയില്‍വേ ലൈനില്‍ വച്ചുണ്ടായ സംഭവത്തിൽ ആർക്കും പരുക്കേറ്റിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. ബെഗുസരായ് ജില്ലയിൽ, വിദ്യാർഥികൾ ട്രെയിനിനു നേരേ കല്ലെറിഞ്ഞു. ദർഭംഗയിൽ സ്കൂൾ ബസിനു നേരേ ആക്രമണമുണ്ടായി.

യുപിയിലെ ബലിയ ജില്ലയില്‍ റെയില്‍വേ സ്‌റ്റേഷനില്‍ അതിക്രമിച്ചു കയറിയ പ്രതിഷേധക്കാര്‍ ട്രെയിനും സ്‌റ്റേഷന്‍ പരിസരവും തകര്‍ത്തു. ഒരു ട്രെയിനിനു തീവച്ചു. ഹാജിപുരിൽ ട്രെയിൻ അടിച്ചുതകർത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയിൽ പ്രതിഷേധക്കാർ ബസുകൾ തകർത്തു. മധ്യപ്രദേശ്, ഹരിയാന എന്നിവിടങ്ങളിലും പ്രതിഷേധം രൂക്ഷമാണ്. ഹരിയാനയിലെ പൽവാൾ ജില്ലയിൽ സംഘർഷാവസ്ഥയെ തുടർന്ന് 24 മണിക്കൂർ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദ് ചെയ്തു. ബംഗാളിലെ ഹൗറയിലും പ്രതിഷേധം റിപ്പോർട്ടു ചെയ്തിട്ടുണ്ട്.

200 ട്രെയിനുകളെ പ്രതിഷേധം ബാധിച്ചതായാണ് റെയിൽവേ റിപ്പോർട്ട്‌. 35 ട്രെയിനുകൾ പൂർണമായും 13 ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി. ബിഹാർ, ജാർഖണ്ഡ്, യുപി സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന ഈസ്റ്റ് സെൻട്രൽ റെയിൽവേയാണ് പ്രതിഷേധം ഏറ്റവുമധികം ബാധിച്ചത്. ഇതുവരെ എത്ര രൂപയുടെ നാശനഷ്ടമുണ്ടായെന്ന് കണക്കാക്കാൻ സാധിച്ചിട്ടില്ലെന്നു റെയിൽവേ അധികൃതർ അറിയിച്ചു.

പ്രതിഷേധം ശക്തമായതോടെ വ്യാഴാഴ്ച രാത്രി വൈകി, പ്രായപരിധി 21 വയസ്സില്‍ നിന്ന് 23 ആയി കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നു.

Spread the love
English Summary: Agnipath protest intensifies

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick