നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡ് കേന്ദ്ര ലാബിൽ പരിശോധിക്കുന്നത് സംബന്ധിച്ച നിലപാട് മാറ്റി സർക്കാർ. കേന്ദ്ര ഫൊറൻസിക് ലാബിൽ പരിശോധിക്കുന്നതിനു സമ്മതമാണെന്നാണ് പ്രോസിക്യൂഷൻ ഇന്ന് ഹൈക്കോടതിയിൽ അറിയിച്ചത്.
കേന്ദ്ര ഫൊറൻസിക് ലാബിൽ മെമ്മറി കാർഡ് പരിശോധിക്കാമോ എന്ന് കോടതി ചോദിച്ചപ്പോൾ അത് സംസ്ഥാനത്തെ ലാബുകളുടെ വിശ്വാസ്യതയെ ബാധിക്കുമെന്നതിനാൽ സാധ്യമല്ല എന്നാണ് മുൻപ് സർക്കാർ നിലപാടെടുത്തത്.
ഇക്കാര്യത്തിൽ വ്യക്തമായ മറുപടി നൽകാനായിരുന്നു കോടതിയുടെ നിർദേശം.
മെമ്മറി കാർഡിലെ ഫയലുകൾ പരിശോധിക്കുന്നത് കാർഡിന്റെ ഹാഷ് വാല്യു മാറാൻ കാരണമാകുമെന്ന് സംസ്ഥാന ഫൊറൻസിക് ലാബിലെ അസിസ്റ്റന്റ് ഡയറക്ടർ കോടതിയെ അറിയിച്ചിട്ടുണ്ട്. എന്നാൽ വീഡിയോയുടെ ഹാഷ് വാല്യു മാറാത്തതിനാൽ ഇതാരും കോപ്പി ചെയ്തിട്ടില്ലെന്നും അസിസ്റ്റന്റ് ഡയറക്ടർ വ്യക്തമാക്കി ]
കാർഡ് കേന്ദ്ര ഫൊറൻസിക് ലാബിൽ പരിശോധിക്കുന്നതിനെ നേരത്തെ എതിർത്തത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. എന്നാൽ, ഇപ്പോൾ ഇക്കാര്യത്തിൽ എതിർപ്പില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിക്കുകയായിരുന്നു.
അതേസമയം, അന്വേഷണം നീട്ടിക്കൊണ്ടു പോകാനുള്ള ക്രൈംബ്രാഞ്ചിന്റെ പുതിയ അടവാണ് ഇതെന്നായിരുന്നു ദിലീപിന്റെ അഭിഭാഷകന്റെ വാദം. ഫൊറൻസിക് ലാബിൽ പരിശോധനയ്ക്ക് അയച്ചാൽ ഫലം ലഭിക്കാൻ കൂടുതൽ സമയമെടുക്കുമെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. എന്നാൽ, പരിശോധനയ്ക്ക് ഒരു സമയപരിധി നിശ്ചയിക്കാം എന്നായിരുന്നു കോടതിയുടെ മറുപടി.
കേസിന്റെ വാദം അടുത്ത ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.