Categories
latest news

എന്തുകൊണ്ട്‌ ത്രിപുരയില്‍ ബിപ്ലബ്‌ ദേബിനെ മാറ്റി? സി.പി.എം. ത്രിപുരയില്‍ തോറ്റ അതേ കാരണം കൊണ്ടുതന്നെ!!

തിരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ ബിജെപി എല്ലാ സംസ്ഥാനത്തും കളിക്കാറുള്ള കളിയാണ്‌ ത്രിപുരയിലും കളിച്ചിരിക്കുന്നത്‌. നിയമസഭാ തിരഞ്ഞെടുപ്പിന്‌ ഒരു വര്‍ഷം മുമ്പ്‌ അവിടെ ഭരിക്കുന്ന മുഖ്യമന്ത്രിയില്‍ ഏതെങ്കിലും തരത്തില്‍ അതൃപ്‌തിയുണ്ടെങ്കില്‍ പിടിച്ചു പുറത്താക്കുക, പുതിയ മുഖത്തെ വെച്ച്‌ തിരഞ്ഞെടുപ്പിനെ നേരിടുക. ഉത്തരാഖണ്ഡിലും കര്‍ണാടകയിലും ഗുജറാത്തിലുമൊക്കെ ഇത്‌ ചെയ്‌തിട്ടുണ്ട്‌. അതേ മാതൃകയിലാണ്‌ ത്രിപുരയിലും വളരെ ധൃതിയിലും നാടകീയവുമായി അമിത്‌ഷാ-മോദി ചാണക്യ തന്ത്രം നടപ്പാക്കിയതും. എന്നാല്‍ എന്തു കൊണ്ടാണ്‌ ഇന്ത്യയിലെ ഒരു പക്ഷേ ഏറ്റവും വലിയ അട്ടിമറി ഭരണം നേടിയ ത്രിപുരയില്‍ ഇങ്ങനെ ചെയ്യേണ്ടി വന്നത്‌- അതിനുള്ള ഉത്തരമാണ്‌ രാഷ്ട്രീയഭാരതം ഇപ്പോള്‍ തേടുന്നത്‌.

സിപിഎമ്മിന്റെ കാല്‍നൂറ്റാണ്ട്‌ നീണ്ട അധികാരചരിത്രം അവസാനിപ്പിച്ച്‌ ത്രിപുര പിടിച്ചെടുത്ത ബിജെപി നിയോഗിച്ച മുഖ്യമന്ത്രിക്ക്‌ എന്തായിരുന്നു ബിജെപി പൊടുന്നനെ കണ്ടെത്തിയ അയോഗ്യത. ബിപ്ലബ്‌ കുമാര്‍ ദേബ്‌ താന്‍ രാജി നല്‍കിയ ശേഷം പറഞ്ഞ കാര്യങ്ങള്‍ മോദിയുടെ നേതൃത്വം അംഗീകരിച്ച്‌ താന്‍ സംസ്ഥാനത്തെ ജനങ്ങള്‍ക്കു വേണ്ടിയും വികസനത്തിനായും ആവും മട്ടില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌ എന്നാണ്‌. പിന്നെ എന്തിനാണ്‌ ഈ മനുഷ്യനെ തിരഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപി എടുത്തു ദൂരെ കളയാന്‍ തീരുമാനിച്ചത്‌.?!

thepoliticaleditor

ത്രിപുരയിലെ സി.പി.എം.വിരുദ്ധ ഭരണത്തിന്റെ കുന്തമുനയായിരുന്നു ബിപ്ലബ്‌കുമാര്‍ ദേബ്‌ എങ്കിലും ബി.ജെ.പി. തിരിച്ചറിഞ്ഞ മറ്റു ചില കാര്യങ്ങള്‍ ഉണ്ടായിരുന്നു എന്നാണ്‌ പുതിയതായി പുറത്തു വരുന്ന രഹസ്യം. അത്‌ മറ്റൊന്നുമല്ല, പ്രാദേശിക ജനവിഭാഗങ്ങള്‍ക്കിടയില്‍ ബിപ്ലബിനെക്കുറിച്ച്‌ വളരുന്ന അതൃപ്‌തിയും വിമര്‍ശനങ്ങളും ആണ്‌. ത്രിപുര ബി.ജെ.പി. പിടിച്ചത്‌ തനിച്ചായിരുന്നില്ല. തനിച്ച്‌ അവര്‍ക്കത്‌ കഴിയുമായിരുന്നില്ല എന്നതാണ്‌ വാസ്‌തവം. ബി.ജെ.പി.യുടെ മത,സാമുദായിക,ജാതി,വംശീയക്കളിയുടെ പരിണിത ഫലമായിരുന്നു ത്രിപുരയിലെ അവരുടെ നേട്ടം.

സി.പി.എം. ഭരണമുള്ളപ്പോള്‍ അവരുമായി നിരന്തരം പോരാടിക്കൊണ്ടിരുന്ന ഒരു സംഘടനയുണ്ടായിരുന്നത്‌ പലരും ഓര്‍ക്കുന്നുണ്ടാവണം-ഇന്‍ഡിജനസ്‌ പീപ്പിള്‍ ഫ്രണ്ട്‌ ഓഫ്‌ ത്രിപുര അഥവാ ഐ.പി.എഫ്‌.ടി. ത്രിപുരയിലെ ഗോത്രവര്‍ഗങ്ങള്‍ക്കിടയില്‍ അപാരമായ സ്വാധീനമുള്ള പാര്‍ടിയായിരുന്നു അത്‌. സി.പി.എം.ഭരണകാലത്ത്‌ നിരന്തരം സമരങ്ങളും കലാപവും നടത്തി വളര്‍ന്ന പ്രസ്ഥാനം. പരദേശികളായ ബംഗാളികള്‍ക്കെതിരെ ഗോത്രവര്‍ഗങ്ങള്‍ക്കിടയിലുള്ള അതൃപ്‌തിയായിരുന്നു ഈ പാര്‍ടിയുടെ ഊര്‍ജ്ജകേന്ദ്രം.

ബി.ജെ.പി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സഖ്യകക്ഷിയാക്കിയത്‌ ഈ ഐപിഎഫ്‌ടി യെ ആയിരുന്നു. അവരുടെ തോളിലേറിയാണ്‌ ബി.ജെ.പി. ത്രിപുര പിടിച്ചത്‌. ആ ഐപിഎഫ്‌ടി ബിപ്ലബ്‌ ദേബിന്റെ പ്രവര്‍ത്തനങ്ങളില്‍ കുറേക്കാലമായി അസംതൃപ്‌തിയിലായിരുന്നു. അവര്‍ ബിജെപി കേന്ദ്രനേതൃത്വത്തെ ഇക്കാര്യം അറിയിക്കുകയും ചെയ്‌തിരുന്നു. മാത്രമല്ല മറ്റൊരു ഗോത്രവര്‍ഗ പ്രസ്ഥാനമായ ടി.ഐ.പി.ആര്‍.എ.-യും അതിന്റെ നേതാവായ പ്രദ്യുത്‌ കിഷോര്‍ ദേബ്‌ ബര്‍മനും ഗോത്രമേഖലാ സീറ്റുകളില്‍ കണ്ണുവെച്ചിരിക്കുന്നതായി സൂചനകളും പുറത്തു വന്നു.

ത്രിപുരയിലെ ഗോത്രവിഭാഗങ്ങളുടെ ഇടയില്‍ അതൃപ്‌തിയുണ്ടായാല്‍, വിശ്വാസനഷ്ടം ഉണ്ടായാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ തിരിച്ചടി ഉണ്ടാവുമെന്ന്‌ കുശാഗ്രബുദ്ധികളായ അമിത്‌ഷാ-മോദി സഖ്യം തിരിച്ചറിഞ്ഞിടത്താണ്‌ ഇപ്പോള്‍ ഈ സംസ്ഥാനത്തെ “ബിപ്ലവ”കരമായ മാറ്റം ഉണ്ടായത്‌!

ത്രിപുരയില്‍ സി.പി.എമ്മിന്‌ സംഭവിച്ചത്‌ സംഭവിക്കാതിരിക്കാനാണ്‌ ബി.ജെ.പി. ശ്രമിച്ചത്‌ എന്നാണ്‌ വ്യക്തമാകുന്നത്‌. ത്രിപുരയിലെ പരാജയത്തെക്കുറിച്ച്‌ സി.പി.എം. ഇതുവരെ യുക്തിയുള്ള വിശദീകരണം അണികള്‍ക്ക്‌ നല്‍കിയിട്ടില്ലെങ്കിലും നടന്ന കാര്യം എന്താണെന്ന്‌ നേതൃത്വത്തിന്‌ അറിയാത്തതല്ല. ത്രിപുരയിലെ ജനങ്ങളില്‍ വലിയൊരു ഭാഗം ബംഗാളഇകളാണ്‌. സി.പി.എമ്മില്‍ വലിയ സ്വാധീനമുളളത്‌ ബംഗാളികള്‍ക്കാണ്‌. ത്രിപുരയില്‍ സി.പി.എം. തലപ്പത്തും ഭരണത്തിലും ബംഗാളികള്‍ക്കുള്ള സ്വാധീനവും പ്രാധാന്യവും സ്വാഭാവികമായും അവിടുത്ത പ്രാദേശിക വാദത്തിന്‌ കൂടുതല്‍ ഊര്‍ജ്ജം നല്‍കി. ദശരഥ്‌ ദേബിനെ പോലുള്ള തദ്ദേശീയ നേതാക്കളെ സി.പി.എം. കുറച്ചു കാലത്തേക്ക്‌ മുഖ്യമന്ത്രിയാക്കിയിട്ടുണ്ടെങ്കിലും അതൊന്നും ത്രിപുരയിലെ തദ്ദേശീയ ഗോത്രവര്‍ഗങ്ങളിലെ രാഷ്ട്രീയ അഭിലാഷങ്ങളെ തൃപ്‌തിപ്പെടുത്താന്‍ പര്യാപ്‌തമായിരുന്നില്ല. പ്രാദേശിക വികാരത്തെ മനസ്സിലാക്കിയും ഇണക്കിച്ചേര്‍ത്തും ആ സംസ്‌്‌ഥാനത്തിന്റെ കാലാവസ്ഥയ്‌ക്കു യോജിച്ച പ്രായോഗിക പദ്ധതി സി.പി.എം നടപ്പിലാക്കുന്നതില്‍ പരാജയപ്പെട്ടു. ഫലമോ സി.പി.എം. ഭരണത്തിനെതിരെ വലിയ തോതില്‍ അമര്‍ഷം ഗോത്രവര്‍ഗങ്ങളിലും ബംഗാളികളുടെ പ്രാമാണ്യത്തിനെതിരെ വന്‍ രോഷം തദ്ദേശീയരിലും ഉണ്ടായി. ഇത്‌ സമര്‍ഥമായി മനസ്സിലാക്കി അവരെ സഖ്യകക്ഷികളാക്കി ചേര്‍ത്തതോടെ സി.പി.എം. ഭരണത്തെ ത്രിപുര തൂത്തെറിഞ്ഞു-ഇതാണ്‌ സംഭവിച്ചത്‌.

തിരിച്ച്‌ ബംഗാളില്‍ സി.പി.എം. കട പുഴകിയപ്പോള്‍ അതിന്റെ സബ്‌സിഡിയറി പോലെ പ്രവര്‍ത്തിച്ചിരുന്ന ത്രിപുരയിലും സി.പി.എം. കൂട്ടമായി തകര്‍ന്നു. ത്രിപുരയിലെ ബംഗാളികള്‍ക്കിടയില്‍ ഇന്ന്‌്‌ തൃണമൂല്‍ കോണ്‍ഗ്രസ്‌ ശക്തമാണ്‌. കഴിഞ്ഞ മാസങ്ങളില്‍ നടന്ന തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ്‌ നടത്തിയ മുന്നേറ്റം ശ്രദ്ധിക്കപ്പെട്ടിരുന്നു. ബി.ജെ.പി.ക്ക്‌ ത്രിപുരയില്‍ സിപിഎമ്മല്ല മുഖ്യ എതിരാളിയാവുക തൃണമൂല്‍ ആയിരിക്കുമെന്ന ആപല്‍സൂചന ബി.ജെ.പി. തിരിച്ചറിഞ്ഞു. ബംഗാളില്‍ ബി.ജെ.പി.യെ നിലം തൊടാതാക്കിയ തൃണമൂലിന്‌ ഇവിടെയും ചില മാറ്റങ്ങള്‍ സൃഷ്ടിക്കാനാവുമെന്ന ആലോചനയും ഉണ്ടായിരിക്കാനിടയുണ്ട്‌.

കഴിഞ്ഞ മൂന്നു വര്‍ഷമായി ത്രിപുരിയിലെ ബി.ജെ.പി. സംഘടനയില്‍ ഉള്‍പ്പോരും മുറുകിയിട്ടുണ്ട്‌. അത്‌ ഭരണത്തെയും ബാധിച്ചു. എന്നു മാത്രമല്ല, 2018-ലെ വിപ്ലവഭരണമാറ്റത്തിന്‌ വലിയ തോതില്‍ നേതൃത്വം നല്‍കിയ എം.എല്‍.എ.മാരായ സുദീപ്‌ റോയ്‌ ബര്‍മന്‍, ആശിഷ്‌ സാഹ എന്നിവര്‍ ബി.ജെ.പി. വിട്ട്‌ കോണ്‍ഗ്രസില്‍ ചേരുകയും ചെയ്‌തതോടെ അടുത്ത തിരഞ്ഞെടുപ്പ്‌ അടുത്ത വര്‍ഷം മാര്‍ച്ചില്‍ നടക്കുമ്പോള്‍ തിരിച്ചടിയുണ്ടായേക്കുമെന്ന കണക്കുകൂട്ടലും ബി.ജെ.പി. കേന്ദ്ര നേതൃത്വത്തിലുണ്ടായി. ത്രിപുരയില്‍ ഭരണം ആവര്‍ത്തിക്കേണ്ടത്‌ അമിത്‌ഷാ-മോദി ദ്വയത്തിന്റെ അഭിമാന വിഷയമാണ്‌. അതിനാല്‍ കടുത്ത നടപടിക്ക്‌ അവര്‍ മുതിര്‍ന്നു.( visit- thepoliticaleditor.com)

Spread the love
English Summary: Why Did Biplab Deb, BJP’s First CM In Tripura Stepped Down

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick