Categories
kerala

അതിജീവിതയുടെ പോരാട്ടം: അഭിഭാഷകരിലേക്ക്‌ നീണ്ടപ്പോള്‍ അന്വേഷണം നിലച്ചതിനു പിന്നില്‍ ആരാണ്‌

2017-ല്‍ തുടങ്ങിയതാണ്‌ ആ അനുഗൃഹീതയായ നടിയുടെ ആത്മാഭിമാന പോരാട്ടം. സിനിമാമേഖലയിലെ ഒട്ടേറെ സ്‌ത്രീപീഢനങ്ങളും ലൈംഗീകാതിക്രമങ്ങളും ഇരകള്‍ പറയാതെ സമൂഹം അറിയാതെ പോകുന്ന സാഹചര്യം പതിവാണ്‌. പ്രധാനമായും അതിന്‌ കാരണം ഭീഷണിയും സമ്മര്‍ദ്ദവുമാണെന്ന്‌ സിനിമാ മേഖലയിലുള്ളവര്‍ പറയുന്നു. നീ ഇത്‌ മിണ്ടിയാല്‍ നിന്റെ കരിയര്‍ ഇല്ലാതാക്കിക്കളയും എന്ന ഭീഷണിക്കു മുന്നില്‍ നടിമാര്‍ നിശ്ശബ്ദരായി എല്ലാം സഹിക്കാറായിരുന്നു പതിവ്‌. ആ പതിവ്‌ തിരുത്തിക്കുറിച്ച തീരുമാനമായിരുന്നു അന്ന്‌ ആക്രമിക്കപ്പെട്ട നടിയുടെത്‌-ചരിത്രത്തില്‍ അടയാളപ്പെടുത്തേണ്ട ധീരമായ തീരുമാനം. പക്ഷേ അഞ്ച്‌ വര്‍ഷം കഴിയുമ്പോള്‍ ആ യുവതി തന്റെ മാനം കവര്‍ന്നവര്‍ക്കും അതിന്‌ ഗൂഢാലോചന നടത്തിയവര്‍ക്കും എതിരായ പോരാട്ടത്തില്‍ ആരില്‍ നിന്നെല്ലാമാണ്‌ വെല്ലുവിളി നേരിടുന്നത്‌ !! അതി സമ്പന്നനായ പ്രതിനടനില്‍ നിന്ന്‌, അയാളുടെ ഗൂഢ സംഘത്തില്‍ നിന്ന്‌, നടന്റെ അഭിഭാഷകരില്‍ നിന്ന്‌, 50 ലക്ഷവും അതിനു മേലുമെല്ലാം പണം വാങ്ങി നടനു വേണ്ടി ഒത്താശ ചെയ്യുന്ന ഉന്നത പൊലീസുദ്യോഗസ്ഥരില്‍ നിന്ന്‌ , നടി തന്നെ ആരോപിക്കുന്നതു പ്രകാരം വിചാരണക്കോടതി ജഡ്‌ജിയില്‍ നിന്ന്‌, എല്ലാറ്റിലും മീതെ തരാതരം നിറം മാറ്റം കാണിക്കുന്ന സര്‍ക്കാരില്‍ നിന്ന്‌.
ഒരു പറ്റം അഭിഭാഷകര്‍ പ്രതികളാകാന്‍ തുടങ്ങുന്ന സാഹചര്യം ഉണ്ടായപ്പോഴാണ്‌ സര്‍ക്കാരിന്റെ ഏതോ നിലയില്‍ നിന്നുളള സ്വാധീനത്താല്‍ കേസ്‌ ഇപ്പോള്‍ ദുര്‍ബലപ്പെടുന്നത്‌ എന്ന്‌ ന്യായമായും സംശയിക്കുന്നുണ്ട്‌. കേസന്വേഷണം നടത്തിയ ഉദ്യോഗസ്ഥരെ അപായപ്പെടുത്താനുള്ള ഗൂഢാലോചനാക്കേസുമായി ബന്ധപ്പെട്ട്‌ പ്രതിഭാഗം അഭിഭാഷകന്റെ നടപടികള്‍ അന്വേഷണ സംഘം പരിശോധിക്കാന്‍ തുടങ്ങിയപ്പോഴാണ്‌ ചില കേന്ദ്രങ്ങള്‍ക്ക്‌ പ്രയാസമുണ്ടാകുന്നത്‌. പ്രതിയുടെ വക്കീല്‍ പ്രൊസിക്യൂഷന്‍ സാക്ഷികളെ സ്വാധീനിക്കുന്നു എന്നും ഭീഷണിപ്പെടുത്തുന്നു എന്നും അതിജീവിത ആരോപിക്കുന്നത്‌ വസ്‌തുതകളുടെ പിന്‍ബലത്തോടെയാണ്‌. തെളിവുകള്‍ നശിപ്പിക്കാന്‍ ചില അഭിഭാഷകരുടെ സഹായവും ഉണ്ടായി എന്ന്‌ തെളിഞ്ഞതോടെ അഭിഭാഷകരെ ചോദ്യം ചെയ്യാന്‍ തുടരന്വേഷണ സംഘം തീരുമാനിച്ചപ്പോഴേക്കും അന്വേഷണത്തില്‍ അതു വരെയുണ്ടായ ഗതിവേഗം നിലയ്‌ക്കുന്നു. പിന്നെ എത്രയും വേഗം എല്ലാം അവസാനിപ്പിച്ച്‌ കുറ്റപത്രം മെയ്‌ 30 തന്നെ നല്‍കണം എന്ന്‌ നിര്‍ദ്ദേശം അന്വേഷണ സംഘത്തിന്‌ കിട്ടുന്നു. ഒരു കാരണവശാലും ഇനി കൂടുതല്‍ പേരെ ചോദ്യം ചെയ്യേണ്ടതില്ല എന്ന്‌ നിര്‍ദ്ദേശം വാക്കാല്‍ കിട്ടുന്നു. കാവ്യാ മാധവനെ മാത്രമല്ല അഭിഭാഷകരെയും വിടുന്നു. ഉള്ള തെളിവുകള്‍ വെച്ച്‌ കുറ്റപത്രം സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചതായി അന്വേഷണസംഘത്തെ ഉദ്ധരിച്ച്‌ മാധ്യമവാര്‍ത്തകള്‍ വരുന്നു.

അന്വേഷണം അഭിഭാഷകരിലേക്കെത്തിയപ്പോഴേക്കും ആരാണ്‌ ഇടപെട്ടത്‌. എന്തുകൊണ്ടാണ്‌ അതിജീവിതയ്‌ക്കൊപ്പം എന്നു പറയുന്ന സര്‍ക്കാര്‍ പെട്ടെന്ന്‌ എല്ലാം മടക്കിക്കെട്ടി കുറ്റപത്രം സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചതായി പറയുന്നത്‌. തൃക്കാക്കരയുടെ എം.എല്‍.എ. ആയിരുന്ന പി.ടി.തോമസിന്റെ സമയോചിതമായ ഇടപെടലിലൂടെയാണ്‌ ഇന്ന്‌ കാണുന്ന കേസ്‌ ജനിക്കുന്നത്‌ തന്നെ. അതിനു പകരം ആ നടി മാനഭംഗപ്പെട്ട്‌ കാറില്‍ നിന്നും ഇറക്കിവിടപ്പെട്ടത്‌ എല്ലാം കോംപ്രമൈസ്‌ ആക്കുന്ന മറ്റേതെങ്കിലും നേതാവിന്റെയോ രാഷ്ട്രീയ കേന്ദ്രത്തിലോ ആയിരുന്നെങ്കില്‍ എന്തു സംഭവിക്കുമായിരുന്നു.

thepoliticaleditor

കേസില്‍ ദിലീപിനെ അറസ്റ്റ്‌ ചെയ്‌തു കൊണ്ട്‌ പിണറായി വിജയന്റെ ആദ്യ സര്‍ക്കാര്‍ വലിയ പ്രതീക്ഷയും പിന്തുണയുമായിരുന്നു നടിക്ക്‌ നല്‍കിയത്‌. എന്നാല്‍ പിന്നീട്‌ പലപ്പോഴും അതിജീവിതയ്‌ക്ക്‌ തിരിച്ചടികള്‍ നേരിട്ടുകൊണ്ടിരുന്നു. ഒരു ഘട്ടത്തില്‍ കേസില്‍ നിന്നും ദിലീപ്‌ സമര്‍ഥമായി ഊരിപ്പോകാനിടയുണ്ടെന്ന സാഹചര്യം പോലും ഉണ്ടായി എന്നാണ്‌ കേസന്വേഷണ മേഖലയിലുള്ളവര്‍ പറയുന്നത്‌. അതിജീവിതയ്‌ക്ക്‌ പല തവണ ഉന്നത നീതിപീഠത്തെ പ്രത്യേക ഹര്‍ജികളുമായി സമീപിക്കേണ്ടി വന്നു. വിചാരണകോടതി ജഡ്‌ജി പ്രതിക്കനുകൂലമായി പെരുമാറുന്നു എന്ന്‌ പരാതിപ്പെടേണ്ടി വന്നു. കോടതിയില്‍ തന്റെ മനോനില തകര്‍ക്കുന്ന രീതിയില്‍ വിചാരണ കോടതി ജഡ്‌ജി (അവര്‍ ഒരു സ്‌ത്രീയാണ്‌!!) ചോദ്യം ചെയ്‌ത്‌ അവഹേളിക്കുന്നു എന്ന്‌ പരാതിപ്പെടേണ്ടി വന്നു. ഏറ്റവും ഒടുവില്‍ കോടതിയില്‍ സമര്‍പ്പിച്ച, നടിയെ മാനഭംഗപ്പെടുത്തുന്ന ദൃശ്യങ്ങളുടെ ഹാഷ്‌ വാല്യൂ മാറിയ സംഭവം ഉണ്ടാകുന്നു. കോടതിയിലുള്ള ചില രേഖകള്‍ പ്രതിയുടെ പക്കല്‍ എത്തുന്ന സ്ഥിതി ഉണ്ടാകുന്നു. ഇതിനൊന്നിനും പരിഹാര ക്രിയകള്‍ കാര്യമായി എന്താണ്‌ ഉണ്ടായത്‌. കേസന്വേഷണം അവസാനിപ്പിക്കുന്നതിനെതിരെ നടിക്ക്‌ പല തവണ ഉന്നത നീതി പീഠത്തെ സമീപിക്കേണ്ടിവന്നു.

കേസ്‌ വെറും പള്‍സര്‍ സുനിയില്‍ അവസാനിക്കാന്‍ പോകുന്നു എന്ന പ്രതീതി വന്ന ഘടത്തില്‍ ദൈവത്തിന്റെ കൈസഹായം പോലെ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലും ഡിജിറ്റല്‍ തെളിവുകളും വരുന്നതോടെ കേസ്‌ മറ്റൊരു തലത്തിലേക്ക്‌ വളരുകയായിരുന്നു. നടിയെ ആക്രമിക്കാന്‍ മാത്രമല്ല, ആ കേസ്‌ അന്വേഷിച്ച ഉദ്യോഗസ്ഥരെ കൊല്ലാനും ക്വട്ടേഷന്‍ ഉണ്ടായി എന്ന രീതിയിലേക്ക്‌ തെളിവുകള്‍ വളരുകയായിരുന്നു. എന്നിട്ടു പോലും ആദ്യ ഘട്ടത്തില്‍ ബാലചന്ദ്രകുമാറിന്റെ കേസ്‌ തിരിച്ചടി നേരിട്ടു. ഇദ്ദേഹത്തിന്റെ മൊഴി വെച്ചു മാത്രം വധഗൂഢാലോചനാ കേസില്‍ അന്വേഷണം പറ്റില്ലെന്ന നിലപാട്‌ ആദ്യ ഘട്ടത്തില്‍ ഉയര്‍ന്നു.
പക്ഷേ തുടരന്വേഷണം നടത്താന്‍ അന്തിമമായി ഉന്നത നീതിപീഠം ഉത്തരവിട്ടത്‌ മറ്റൊരു വഴിത്തിരിവായി. അതിന്‌ സമയവും അനുവദിക്കപ്പെട്ടു. പ്രൊസിക്യൂഷനും സര്‍ക്കാരും ഈ സമയത്തെല്ലാം അതിജീവിതയ്‌ക്ക്‌ ഒപ്പം നില്‍ക്കുന്ന കാഴ്‌ചയും കണ്ടു. പ്രത്യേകിച്ച്‌ അന്വേഷണസംഘത്തിന്റെ നിശ്ചയദാര്‍ഢ്യത്തോടെയുള്ള നിലപാട്‌ നിര്‍ണായകമായിരുന്നു.
ചലച്ചിത്ര അക്കാദമി അന്തര്‍ദ്ദേശീയ ചലച്ചിത്രോല്‍സവത്തിന്റെ ഉദ്‌ഘാടന വേദിയില്‍ അതിജീവിതയെ മുഖ്യാതിഥിയായി അവതരിപ്പിച്ചപ്പോള്‍ കേരളം ശരിക്കും അഭിമാനത്തോടെയാണ്‌ അത്‌ ഏറ്റെടുത്തത്‌. ആത്മധൈര്യം അവസാനിക്കാത്ത പോരാട്ടത്തിന്റെ പ്രതീകമായി അതിജീവിത മനസ്സാക്ഷിയുള്ള മലയാളിയുടെ മനസ്സില്‍ നിറഞ്ഞു.
കേസില്‍ വീണ്ടും വഴിത്തിരിവുണ്ടായി. അന്വേഷണം വ്യാപിക്കുകയും പല വമ്പന്‍മാരും ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയിലേക്ക്‌ വരികയും ചെയ്‌തു. ദിലീപ്‌ ഫോണ്‍ തെളിവുകള്‍ നശിപ്പിച്ച മുംബൈ ലാബിലെ സൈബര്‍ വിദഗ്‌ധന്‍ സുപ്രധാന മാപ്പു സാക്ഷിയായി. അയാള്‍ എല്ലാ സത്യങ്ങളും മൊഴിയായി നല്‍കി. ദിലീപിന്റെ ആലുവയിലെ പത്മസരോവരം എന്ന വീട്ടില്‍ പീഡനദൃശ്യങ്ങള്‍ എത്തിച്ച്‌ ദിലീപിന്‌ കാണിച്ചു കൊടുത്തുവെന്ന്‌ ആരോപിക്കപ്പെടുന്ന ശരത്‌ പിടിയിലായി. ആ സന്ദര്‍ഭത്തില്‍ ഇടപെട്ടതായി ആരോപണം ഉയര്‍ന്ന കാവ്യ മാധവനെ ചോദ്യം ചെയ്‌തു. ദിലീപിനെ പ്രതിയാക്കാതിരിക്കാന്‍ പൊലീസില്‍ അന്നുണ്ടായിരുന്ന ഏതോ ഉന്നതന്‍ 50 ലക്ഷം വാങ്ങിയെന്ന ശബ്ദരേഖ പുറത്തു വന്നു. നീതിപീഠത്തിന്റെ നീതിക്കെതിരെയും വിമര്‍ശനം ഉയര്‍ന്നു. പ്രതിഭാഗം അഭിഭാഷക പ്രമുഖന്റെ നിയമവിരുദ്ധമായ ഇടപെടല്‍ സംബന്ധിച്ച്‌ വന്‍ വിമര്‍ശനം ഉയര്‍ന്നു. അന്വേഷണസംഘം അഭിഭാഷകനെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നു എന്ന വാര്‍ത്ത വന്നു.

പൊടുന്നനെയാണ്‌ എല്ലാ അവസാനിപ്പിക്കുന്നു എന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തു വരുന്നത്‌. അന്വേഷണത്തിന്‌ നേതൃത്വം നല്‍കി വരുന്ന ഉന്നതോദ്യോഗസ്ഥന്‍ എസ്‌. ശ്രീജിത്തിനെ ചുമതലയില്‍ നിന്നും പൊടുന്നനെ മാറ്റി. കേസെല്ലാം മടക്കിക്കെട്ടുന്നു, നടത്തിയത്ര അന്വേഷണം മതി, മെയ്‌ 30-ന്‌ തന്നെ അവസാനിപ്പിക്കണം. ഇനി സമയം നീട്ടിച്ചോദിക്കേണ്ടതില്ല.-ഇങ്ങനെ പോയി കാര്യങ്ങള്‍. ജനങ്ങള്‍ മൂക്കത്ത്‌ വിരല്‍ വെച്ചു-ഇതിലെവിടെയാണ്‌ സര്‍ക്കാര്‍ അതിജീവിതയ്‌ക്കൊപ്പം.?

ആരൊക്കെ വഴിയില്‍ ഉപേക്ഷിച്ചാലും ആത്മവേദനയുടെ അണയാത്ത കനല്‍ ഹൃദയത്തില്‍ പേറുന്ന അതിജീവിതയ്‌ക്ക്‌ പോരാട്ടമല്ലാതെ വേറെ വഴിയുണ്ടാകില്ല. അവര്‍ അത്‌ ചെയ്‌തു. മുന്നോട്ടു പോകുന്നു എന്ന്‌ പ്രഖ്യാപിച്ചു. എല്ലാ വിവേചനങ്ങളും തുറന്നു പറഞ്ഞ്‌, സര്‍ക്കാരിന്റെ നയത്തിലെ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്‌തുകൊണ്ട്‌ ഉന്നത നീതി പീഠത്തെ സമീപിച്ചിരിക്കയാണ്‌-മറ്റ്‌ പല സമയത്തും ചെയ്‌തതു പോലെ. അവരുടെ ദൃഢമായ ഇടപെടലാണ്‌ ഈ കേസിനെ എപ്പോഴും രക്ഷിച്ചിട്ടുള്ളത്‌. നീതിക്കായുള്ള ഒടുവിലത്തെ പോരാട്ടമാണത്‌. എന്നാല്‍ സര്‍ക്കാര്‍ തലത്തില്‍ നിന്നും ആദ്യ പ്രതികരണം നടിയെ വ്യക്തമായും സംശയമുനയില്‍ നിര്‍ത്തും വിധമായിരുന്നു. നടി രാഷ്ട്രീയ മുതലെടുപ്പിനായി കേസിനെ ഉപയോഗിക്കുന്നു എന്നതായിരുന്നു വിമര്‍ശനത്തിന്റെ ചുരുക്കം. മെയ്‌ 30-നകം കേസ്‌ തീര്‍ക്കാന്‍ നിര്‍ദ്ദേശിക്കപ്പെട്ട കേസില്‍ മെയ്‌31-ന്‌ തൃക്കാക്കര തിരഞ്ഞെടുപ്പ്‌ ഉണ്ട്‌ എന്ന്‌ വെച്ച്‌, ഒരാള്‍ക്ക്‌ താന്‍ നേരിടുന്ന വിവേചനത്തിനെതിരെ പ്രതികരിക്കാതിരിക്കാനാവുമോ. വെള്ളം ഒഴുകിപ്പോയിട്ട്‌ ചിറ കെട്ടിയിട്ട്‌ കാര്യമുണ്ടോ.

അനവസരത്തിലുള്ള ഇടപെടലെന്ന്‌ തോന്നിപ്പിച്ച ഈ മനം മാറ്റം സര്‍ക്കാരിനെതിരായ വലിയ വിമര്‍ശനത്തിനാണ്‌ അവസരം നല്‍കിയത്‌. അത്‌ തൃക്കാക്കരയിലെ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകും എന്ന്‌ തിരിച്ചറിഞ്ഞ മുഖ്യമന്ത്രി തന്നെ തിരുത്തി-സര്‍ക്കാര്‍ എന്നും അതിജീവിതയ്‌ക്കൊപ്പം. ഉചിതമായ ഇടപെടൽ എന്നതിൽ രണ്ടു പക്ഷം ഉണ്ടാവില്ല.

അന്വേഷണം തീര്‍ക്കാന്‍ ധൃതിയില്ല, സമയം നീട്ടിച്ചോദിക്കാന്‍ അന്വേഷണസംഘത്തിനും പ്രൊസിക്യൂഷനും അനുമതി-ഇത്തരം വിവരങ്ങളും പിന്നാലെ പുറത്തു വന്നു. ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പിന്‍വലിക്കാന്‍ അതിജീവിതയോട്‌ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ അതിന്റെ ആവശ്യമെന്ത്‌ എന്ന ചോദ്യം കോടതി തന്നെ ഉയര്‍ത്തിയിരിക്കുന്നു. ഒരു ചോദ്യം ബാക്കിയാവുന്നു–അഭിഭാഷകരുള്‍പ്പെടെയുള്ള ഉന്നതരിലേക്ക്‌ അന്വേഷണവും ചോദ്യം ചെയ്യലും നീണ്ടപ്പോള്‍, പൊടുന്നനെ അന്വേഷണം മടക്കിക്കെട്ടാനുള്ള നീക്കത്തിനു പിന്നില്‍ ആരാണ്‌…എന്താണ്‌.

Spread the love
English Summary: WHO IS BEHIND THE MOVE TO WIND UP THE SURVIVOR ACTRESS CASE

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick