Categories
kerala

ട്രാക്കിൽ നിന്ന് മാറിയോ തൃക്കാക്കര പ്രചാരണം??

തൃക്കാക്കരയിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ നടകീയമായ രംഗങ്ങൾ പലതും കേരളക്കര കണ്ടതാണ്.
എൽഡിഎഫ് സ്ഥാനാർഥിയായി ആദ്യം അഡ്വ.കെ എസ് അരുൺ കുമാറാണെന്ന വാർത്ത വരികയും പിന്നീട് സിപിഎം നാടകീയമായി ഹൃദ് രോഗ വിദഗ്ധൻ ഡോ. ജോ ജോസഫിനെ ഔദ്യോഗികമായി എൽഡിഎഫ് സ്ഥാനാർഥിയായി പ്രഖ്യാപിക്കുകയുമായിരുന്നു.

ഐടി മേഖലയിലും ബിസിനസ് രംഗത്തുമുള്ളവർ കൂട്ടമായി താമസിക്കുന്ന തൃക്കാക്കര മണ്ഡലത്തിൽ വികസനം പറഞ്ഞ് മാത്രമേ വോട്ട് പിടിക്കാനാകൂ എന്ന് എല്ലാ മുന്നണികൾക്കും നിശ്ചയമുള്ളതാണ്. ആ രീതിയിൽ തന്നെയാണ് തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചതും.

thepoliticaleditor

സിൽവർ ലൈനിന്റെ നിർദിഷ്ട സ്റ്റേഷനായ കാക്കനാട് കൂടി അടങ്ങുന്നതാണ് തൃക്കാക്കര മണ്ഡലം. ആയത് കൊണ്ട് തന്നെ കെ റെയിൽ പദ്ധതി തന്നെ ആയിരുന്നു തൃക്കാക്കരയിൽ ഏറ്റവും കൂടുതൽ ഉയർന്നു കേട്ട വാക്ക്.

തെരഞ്ഞെടുപ്പ് ഫലം കെ റെയിലിനോടുള്ള സാധാരണ ജനങ്ങളുടെ വിലയിരുത്തലാവും എന്ന് എൽഡിഎഫും യുഡിഎഫും കരുതുന്നു.

എന്നാൽ വികസന രാഷ്ട്രീയം പറഞ്ഞ് തുടങ്ങിയ തൃക്കാക്കരയിലെ പ്രചാരണം ഒരു ഘട്ടമെത്തുമ്പോൾ ട്രാക്ക് തെറ്റുന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് എത്തുമ്പോൾ തീർത്തും വ്യക്തിപരമായ ആരോപണങ്ങൾ ലക്ഷ്യം വെച്ച് നീങ്ങുകയാണ് എൽഡിഎഫും യുഡിഎഫും.

യുഡിഎഫ് സ്ഥാനാർഥി ഉമ തോമസ് ബിജെപി തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ കയറി വോട്ട് അഭ്യർത്ഥിച്ചത് എൽഡിഎഫ് വലിയ വിവാദമാക്കുകയാണ്. ബിജെപി കോൺഗ്രസിന് വോട്ട് മറിച്ച് നൽകാനാണ് പദ്ധതിയിടുന്നതെന്നാണ് എൽഡിഎഫ് ആരോപണം.

സ്ഥാനാർഥി എന്ന നിലയിൽ എല്ലാവരുടെയും വോട്ട് അഭ്യർത്ഥിക്കുക എന്നത് ഉമയുടെ കർത്തവ്യം ആണെന്നേ കരുതാനാകൂ. എൽഡിഎഫ് തൊഴിലാളി സംഘടന ആയ സിഐടിയു ഓഫീസിലും കയറി ഉമ തോമസ് വോട്ട് അഭ്യർത്ഥിച്ചിരുന്നു എന്നതും വസ്തുതയാണ്.

തിരിച്ച്, യുഡിഎഫ് പക്ഷത്ത് നിന്ന് വരുന്നതെന്ന് സിപിഎം ആരോപിക്കുന്ന പ്രവർത്തികൾ ഏറെ ഗുരുതരമാണ്. എൽഡിഎഫ് സ്ഥാനാർഥിക്കെതിരെ അശ്ലീല വീഡിയോ യുഡിഎഫ് പ്രചരിപ്പിക്കുന്നു എന്നാണ് സിപിഎം ആരോപണം. യുഡിഎഫ് മുഖമുള്ള ചില ഫേസ്ബുക് അക്കൗണ്ടുകളിലൂടെയാണ് ഈ പ്രചരണം.

ഈ പ്രവർത്തിയും ഏറ്റവും വൃത്തിഹീനം എന്ന് പറയേണ്ടി വരും. എൽഡിഎഫ് സ്ഥാനാർഥിയെ താറടിച്ച് കാണിക്കാൻ വിഡിയോ പ്രചരിപ്പിക്കുന്നത് യുഡിഎഫ് ആണെങ്കിൽ അത് വിപരീതഫലം ഉണ്ടാക്കാനെ തരമുള്ളൂ. വിഡിയോ പ്രചരിപ്പിക്കുന്നതിനെതിരെ എൽഡിഎഫ് പൊലീസിലും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകിയിട്ടുണ്ട്.

ഈ രീതിയിൽ വികസന രാഷ്ട്രീയം പറഞ്ഞ് ആരംഭിച്ച് വ്യക്‌തിപരമായ വിദ്വേഷ രാഷ്ട്രീയത്തിൽ പ്രചാരണം വഴി തെറ്റുന്നത് ഇരു മുന്നണികൾക്കും ഗുണം ചെയ്യില്ല എന്നാണ് വിലയിരുത്തപ്പെടുന്നത്.

Spread the love
English Summary: thrikkakara by election propgoganda method analysis

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick