Categories
latest news

പ്രക്ഷോഭങ്ങൾ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കുന്നു ;എന്താകും ശ്രീലങ്കയുടെ ഭാവി?

1948 ൽ ബ്രിട്ടന്റെ അധീനതയിൽ നിന്ന് സ്വാതന്ത്ര്യം നേടിയ ശേഷം ശ്രീലങ്ക നേരിടുന്ന ഏറ്റവും സാമ്പത്തിക പ്രതിസന്ധിയിലെ രോഷമാണ് ശ്രീലങ്കൻ തെരുവുകളിലെങ്ങും കാണുന്നത്. കാര്യങ്ങൾ കയ്യിൽ നിൽക്കില്ല എന്ന് മനസ്സിലായതോടെ മന്ത്രിസഭയിലെ അവസാന അംഗമായിരുന്ന പ്രധാനമന്ത്രി മഹിന്ദ രജപക്സെയും ഇന്നലെ രാജിവെച്ചു. ബാക്കി എല്ലാ മന്ത്രിമാരും ഒരു മാസം മുമ്പ് രാജിവെച്ചിരുന്നു.

സാമ്പത്തിക പ്രതിസന്ധിയിലും പ്രക്ഷോഭങ്ങളിലും ഉഴലുന്ന ശ്രീലങ്കയുടെ ഭാവിയെന്താകും എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇന്ത്യ പോലുള്ള രാജ്യങ്ങൾ ഏത് നിലയിൽ ശ്രീലങ്കയെ സഹായിക്കും എന്ന ചോദ്യവും ഉയരുന്നുണ്ട്.

thepoliticaleditor

പുതിയ തിരഞ്ഞെടുപ്പിലേക്ക് കടക്കാമെന്ന് വിചാരിച്ചാലും ഉടനെ നടക്കില്ല. പുതിയ സർക്കാർ നിലവിൽ വന്ന് രണ്ടര വർഷം കഴിയാതെ പാർലമെന്റ് പിരിച്ച് വിടാൻ ഭരണഘടനാ പ്രകാരം പ്രസിഡന്റിന് അധികാരമില്ല. ആ നിലയ്ക്ക്‌ ശ്രീലങ്ക അടുത്ത വർഷം വരെ കാക്കേണ്ടി വരും.

പ്രധാന മന്ത്രിയുടെ രാജിക്ക് ശേഷവും കടുത്ത കലാപമാണ് ശ്രീലങ്കയിൽ നടക്കുന്നത്. പ്രക്ഷോഭം കൂടുതലിടങ്ങളിലേക്ക് വ്യാപിക്കുന്നതായാണ് റിപ്പോർട്ട്‌.

സംഘർഷത്തിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. 200 ലേറെ പേർക്ക് പരിക്കേറ്റു. പ്രധാനമന്ത്രിയടക്കം ഭരണപക്ഷ നേതാക്കളുടെ വീടുകൾക്ക് പ്രതിഷേധക്കാർ തീയിട്ടു. പലയിടത്തും സമരക്കാരും പൊലീസും തമ്മിൽ ഏറ്റുമുട്ടി.
സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ദേശവ്യാപക കർഫ്യു നാളെ വരെ നീട്ടി.

കർഫ്യു പ്രഖ്യാപിച്ചിട്ടും ആയിരങ്ങൾ തെരുവിൽ തുടരുകയാണ്. പ്രസിഡന്‍റ് ഗോതബായ രജപക്സേയും രാജിവയ്ക്കണമെന്നാണ് സർക്കാർ വിരുദ്ധ പ്രക്ഷോഭകരുടെ ആവശ്യം.

പ്രധാനമന്ത്രി മഹിന്ദ രജപക്സെയുടെയും കെഗല്ലയിൽ എംപി മഹിപാല ഹെറാത്തിന്റെയും വീടുകൾക്കാണ് പ്രതിഷേധക്കാർ തീവെച്ചത്. ഹമ്പൻതോട്ടയിലെ ഡിആർ രജപക്സെ സ്മാരകം തകർത്തു. രജപക്സെ വിഭാഗത്തിന് പിന്തുണ പ്രഖ്യാപിച്ച കൊളംബോയിലെ മൊറതുവാ മേയർ ലാൽ ഫെർണാണ്ടോയുടെ വീടിനും തീയിട്ടു.

രജപക്സെ അനുയായി ജോൺസൺ ഫെർണാണ്ടോയുടെ വീടിനും തീയിട്ടു. ഇവിടെ 12 ലേറെ വാഹനങ്ങളും പ്രതിഷേധക്കാർ കത്തിച്ചു.

ഭരണകക്ഷിയിൽ പെട്ട മറ്റൊരു എംപി സനത് നിശാന്തയുടെ വീടിന് നേരെ പ്രതിഷേധക്കാർ കല്ലേറ് നടത്തി. പിന്നാലെ വീട് തീവെച്ച് നശിപ്പിച്ചു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച ജനക്കൂട്ടത്തിന് നേരെ പൊലീസ് ടിയർ ഗ്യാസ് പ്രയോഗിച്ചു. മുൻ മന്ത്രി നിമൽ ലൻസയുടെ വീടും അഗ്നിക്കിരയാക്കി. മറ്റൊരു എംപിയായ അരുന്ദിക ഫെർണാണ്ടോയുടെ വീടും തീവെച്ച് നശിപ്പിച്ചു.

രജപക്സെ അനുയായികളുമായി പോയ മൂന്ന് ബസുകൾ പ്രതിഷേധക്കാർ ആക്രമിച്ച് തകർത്തു. പ്രതിഷേധക്കാർ പ്രധാന പാതകളെല്ലാം പിടിച്ചെടുത്ത് സർക്കാർ അനുകൂലികളെ ആക്രമിക്കുകയാണെന്നാണ് കൊളംബോയിൽ നിന്നുള്ള വിവരം.

Spread the love
English Summary: sri lanka on fire

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick