Categories
kerala

തനിക്കെതിരെ വസ്തുതാ വിരുദ്ധമായ പ്രസ്താവന : ഇടവേള ബാബു മാപ്പ് പറയണമെന്ന് ഷമ്മി തിലകൻ

താരസംഘടന അമ്മയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബുവിനെതിരെ രൂക്ഷവിമർശനവുമായി നടൻ ഷമ്മി തിലകൻ രംഗത്ത്. ബലാത്സം​ഗക്കേസിൽ ആരോപണ വിധേയനായ വിജയ് ബാബുവിനെതിരെ സംഘടന സ്വീകരിച്ച നടപടി സംബന്ധിച്ച വാർത്താക്കുറിപ്പിൽ മറ്റൊരു വിഷയത്തിൽ അച്ചടക്കസമിതി പരിഗണിച്ചു കൊണ്ടിരിക്കുന്ന തൻ്റെ വിഷയം കൂടി ഉൾപ്പെടുത്തിയതിലാണ് വിമർശനം.

അച്ചടക്കസമിതി പരിഗണിച്ചുകൊണ്ടിരിക്കുന്ന തൻ്റെ വിഷയം, ‘മീ ടൂ’ ആരോപണത്താൽ അറസ്റ്റ് ഭയന്ന് ഒളിവിലുള്ള എക്സിക്യൂട്ടീവ് അംഗത്തിനെതിരെയുള്ള ഐ.സി.സിയുടെ നടപടിയുമായി കൂട്ടിക്കലർത്തി ജനറൽ സെക്രട്ടറി പ്രസ്താവനയിറക്കിയത് എന്തിനു വേണ്ടിയാണ് എന്ന് അദ്ദേഹം ചോദിച്ചു.

thepoliticaleditor

ഈ പത്രക്കുറിപ്പിലെ തന്നേക്കുറിച്ചുള്ള പ്രസ്താവന പിൻവലിച്ച് ജനറൽ സെക്രട്ടറി ഖേദം പ്രകടിപ്പിക്കണമെന്ന് ഷമ്മി തിലകൻ ആവശ്യപ്പെട്ടു.

കഴിഞ്ഞദിവസം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ഷമ്മി തിലകൻ താരസംഘടനയുടെ ജനറൽ സെക്രട്ടറിക്കെതിരെയുള്ള പരാമർശം.

അമ്മ പുറത്തുവിട്ട വാർത്താക്കുറിപ്പും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.


ഷമ്മി തിലകനെതിരെയുള്ള അന്വേഷണത്തിനായി ഡിസിപ്ലിനറി കമ്മിറ്റിയുടെ മുമ്പാകെ ഹാജരാകുവാനുള്ള നോട്ടീസ് കൊടുത്തിരുന്നുവെങ്കിലും അദ്ദേഹം കൂടുതൽ സമയം ആവശ്യപ്പെട്ടുകൊണ്ട് മെയ് 17 തീയതി ഹാജരാകുവാൻ ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് വാർത്താക്കുറിപ്പിലുള്ളത്. ഇത് വസ്തുതാ വിരുദ്ധമായ പ്രസ്താവനയാണെന്നും ഈ നിമിഷം വരെ അങ്ങനെയൊരു ആവശ്യം ഉൾക്കൊള്ളുന്ന അറിയിപ്പ് തനിക്ക് ലഭിച്ചിട്ടില്ലെന്നും ഷമ്മി തിലകൻ പറഞ്ഞു.

ഇടവേള ബാബുവിന്റെ പ്രസ്താവന മനഃപൂർവം സമൂഹത്തിന്റെ മുമ്പിൽ തൻറെ പ്രതിഛായ നശിപ്പിക്കണമെന്ന ഗൂഢതാൽപര്യം മുൻനിർത്തി മാത്രമാണെന്നും ഷമ്മി തിലകൻ ആരോപിച്ചു.

പോസ്റ്റിന്റെ പൂർണരൂപം:

01/05/2022-ൽ “അമ്മ” സംഘടന പുറത്തിറക്കിയ പത്രക്കുറിപ്പ് സംബന്ധിച്ച്:-

PoSH Act-2013(പ്രൊട്ടക്ഷൻ ഓഫ് വിമൻ ഫ്രം സെക്ഷ്വൽ ഹരാസ്സ്മെൻഡ് ആക്ട്) പ്രകാരം ‘അമ്മ’ സംഘടനയിൽ രൂപീകരിച്ചിട്ടുള്ള ആഭ്യന്തര പരാതി പരിഹാര സെൽ (I.C.C)ൻ്റെ ശുപാർശ അനുസരിച്ച്, ‘മീറ്റൂ’ ആരോപണം നേരിടുന്നതും, അറസ്റ്റ് ഭയന്ന് ഒളിവിൽ കഴിയുന്നതുമായ സംഘടനയുടെ എക്സിക്യൂട്ടീവ് അംഗത്തിനെതിരെ കൈകൊണ്ട നടപടി സംബന്ധിച്ച് സംഘടനയുടെ ജനറൽ സെക്രട്ടറി ഇന്നലെ പുറത്തിറക്കിയ പത്രക്കുറിപ്പിൽ..; “ഷമ്മി തിലകനെതിരെയുള്ള അന്വേഷണത്തിനായി ഡിസിപ്ലിനറി കമ്മിറ്റിയുടെ മുമ്പാകെ ഹാജരാകുവാനുള്ള നോട്ടീസ് കൊടുത്തിരുന്നുവെങ്കിലും അദ്ദേഹം കൂടുതൽ സമയം ആവശ്യപ്പെട്ടുകൊണ്ട് മെയ് 17 തീയതി ഹാജരാകുവാൻ ആവശ്യപ്പെട്ടിട്ടുണ്ട്” എന്നും കൂടി കുറിച്ചിരിക്കുന്നു.

വസ്തുതാ വിരുദ്ധമായ പ്രസ്താവനയാണത്..!!
ഈ നിമിഷം വരെ അങ്ങനെയൊരു ആവശ്യം ഉൾക്കൊള്ളുന്ന അറിയിപ്പ് എനിക്ക് ലഭിച്ചിട്ടില്ല..!
മാത്രമല്ല, അച്ചടക്കസമിതി പരിഗണിച്ചു കൊണ്ടിരിക്കുക്കുന്ന എൻ്റെ വിഷയം..; ‘മീറ്റൂ’ ആരോപണത്താൽ അറസ്റ്റ് ഭയന്ന് ഒളിവിലുള്ള എക്സിക്യൂട്ടീവ് അംഗത്തിനെതിരെയുള്ള I.C.C യുടെ നടപടിയുമായി കൂട്ടിക്കലർത്തി ജനറൽ സെക്രട്ടറി പ്രസ്താവനയിറക്കിയത് എന്തിനു വേണ്ടിയാണ്..?
പൊതുസമൂഹത്തിൽ തെറ്റിദ്ധാരണ പരത്തുന്നതും, അതുവഴി എനിക്ക് അവമതിപ്പ് ഉണ്ടാക്കിയിരിക്കുന്നതുമായ ടി പ്രസ്താവന ടിയാൻ നടത്തിയത് മനപ്പൂർവമായി സമൂഹത്തിൻറെ മുമ്പിൽ എൻറെ പ്രതിഛായ നശിപ്പിക്കണമെന്ന ഗൂഢതാൽപര്യം മുൻനിർത്തി മാത്രമാണ്. ഇത്തരം നീചമായ പ്രവർത്തികൾ അമ്മയുടെ സെക്രട്ടറിയായി ഇരുന്ന് ചെയ്യുന്നതും സംഘടനയ്ക്ക് അവമതിപ്പ് ഉണ്ടാക്കുന്ന വിഷയമാണ്. ആയതിനാൽ ടി പത്രക്കുറിപ്പിൽ എന്നെ കുറിച്ചുള്ള പ്രസ്താവന പിൻവലിച്ചു ഖേദം പ്രകടിപ്പിക്കുന്നതോടൊപ്പം, വസ്തുത പൊതുജനത്തെ ബോധ്യപ്പടുത്തുന്നതിനും ജനറൽ സെക്രട്ടറി തയ്യാറാകണമെന്ന് ഇതിനാൽ അറിയിക്കുന്നു.

Spread the love
English Summary: shammi thilakan against idavela babu

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick