Categories
latest news

ബ്രിട്ടീഷുകാർ ഉണ്ടാക്കിയ കരി നിയമം ബിജെപി സർക്കാരിന് പ്രിയപ്പെട്ടതാകുന്നത് എന്ത് കൊണ്ട്? : ഇന്ത്യയിൽ അടുത്തിടെ രജിസ്റ്റർ ചെയ്ത രാജ്യദ്രോഹകുറ്റങ്ങളുടെ വിശദാംശങ്ങൾ…

ഇന്ത്യൻ ശിക്ഷാനിയമത്തിലെ രാജ്യദ്രോഹക്കുറ്റം(ഐപിസി സെക്ഷൻ 124 എ) നിലനിർത്തണമെന്നും രാജ്യദ്രോഹക്കുറ്റത്തിന്റെ ഭരണഘടനാ സാധുത പരിശോധിക്കാൻ വിശാല ബെഞ്ചിലേക്ക് അയക്കേണ്ടതില്ലെന്നുമാണ് അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ കഴിഞ്ഞ ദിവസം സുപ്രീം കോടതിയിൽ അറിയിച്ചത്.

സ്വാതന്ത്ര്യ സമര കാലത്തുണ്ടായിരുന്ന വിമർശനങ്ങളെയും എതിർപ്പുകളെയും അടിച്ചമർത്താൻ ബ്രിട്ടീഷുകാരുണ്ടാക്കിയ
കരി നിയമം ഇന്നും നിലനിർത്തണമെന്ന് അറ്റോർണി ജനറൽ ആവശ്യപ്പെടുന്നതെന്തിനാണ്?

thepoliticaleditor

പെഗാസസ് കേസ് പരിഗണിക്കുന്നതിനിടെ പ്രസ്തുത നിയമത്തിനെതിരെ ചീഫ് ജസ്റ്റിസ്‌ വരെ നിശിതമായ വിമർശനം ഉന്നയിച്ചിട്ടും കേന്ദ്ര സർക്കാരിന് രാജ്യദ്രോഹക്കുറ്റം പ്രിയപ്പെട്ടതാകുന്നത് എന്ത് കൊണ്ടാണ്?

സർക്കാരിനെതിരെ ഉയരുന്ന ശബദങ്ങളെല്ലാം അടിച്ചമർത്താൻ രാജ്യദ്രോഹക്കുറ്റത്തെ ഒരു വജ്രായുധമായി ഉപയോഗിക്കുകയാണ് കേന്ദ്ര സർക്കാർ.

അടുത്ത കാലത്തായി രാജ്യത്ത്, പല സംസ്ഥാനങ്ങളിലായി രജിസ്റ്റർ ചെയ്യപ്പെട്ട രാജ്യദ്രോഹക്കേസുകളുടെ സ്വഭാവം പരിശോധിച്ചാൽ, ആരോപിക്കപ്പെടുന്ന രാജ്യദ്രോഹക്കുറ്റം എത്രത്തോളം ബാലിശവും അപഹാസ്യവുമാണെന്ന് തിരിച്ചറിയാനാകും.

തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രസംഗത്തിൽ പ്രധാനമന്ത്രിക്കെതിരായ പരാമർശങ്ങൾ സർക്കാർ പൂഴ്ത്തിവെച്ചതുമായി ബന്ധപ്പെട്ട എഡിറ്റോറിയലിൽ തുടങ്ങി ഒരു ഹൗസിംഗ് സൊസൈറ്റി വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അയച്ച സന്ദേശത്തിന് വരെ രാജ്യത്ത് രാജ്യദ്രോഹ കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.

ഒരു വർഷത്തിനിടയിൽ ചാർജ് ചെയ്ത 14 രാജ്യദ്രോഹ കേസുകളിൽ നാലെണ്ണവുമായി യുപിയാണ് ഒന്നാം സ്ഥാനത്തുള്ളത്. സർക്കാരിനെ കുറിച്ചുള്ള പരാമർശങ്ങളുടെ പേരിൽ മുൻ യുപി ഗവർണർ അസീസ് ഖുറേഷിക്കെതിരായ കേസും ഇതിൽ ഉൾപ്പെടും.
സംസ്ഥാന തിരഞ്ഞെടുപ്പിലെ പ്രതിപക്ഷ സ്ഥാനാർത്ഥികൾക്കെതിരെയാണ് മറ്റ് രണ്ട് കേസുകൾ ഫയൽ ചെയ്തത്.

കോൺഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഢാണ് രണ്ടാം സ്ഥാനത്ത്. സർക്കാരിനെതിരെ എഴുതിയ മുൻ പോലീസ് ഐജിക്കെതിരെ ഉൾപ്പെടെ രണ്ട് കേസുകളുകളാണ് ഛത്തീസ്ഗഡിൽ ഉള്ളത്.

കഴിഞ്ഞ മാസം മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മുംബൈയിലെ വസതിക്ക് പുറത്ത് ഹനുമാൻ ചാലിസ ചൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ അമരാവതി എംപി നവനീത് റാണയുടെയും ഭർത്താവും എംഎൽഎയുമായ രവി റാണയുടെയും പേരിൽ രാജ്യദ്രോഹക്കുറ്റം ചുമത്തിയതാണ് ലിസ്റ്റിൽ ഏറ്റവും ഒടുവിലത്തേത്.

യുപിയിൽ 4 കേസുകൾ

ഫെബ്രുവരി 3 ന് എസ്പി-ആർഎൽഡി സ്ഥാനാർത്ഥി ഡോ. നീരജ് ചൗധരിയുടെ അനുയായികൾ “പാകിസ്ഥാൻ സിന്ദാബാദ്” മുദ്രാവാക്യം വിളിക്കുന്ന വീഡിയോയുടെ പേരിൽ ബിജ്‌നോർ പോലീസ് കേസെടുത്തു. പോലീസിന്റെ വ്യാഖ്യാനത്തെ സ്ഥാനാർത്ഥി എതിർക്കുകയും തന്റെ കൂട്ടാളിയായ അഖിബ് അൻസാരിയെ അഭിനന്ദിക്കുകയാണ് അവർ യഥാർത്ഥത്തിൽ ചെയ്തതെന്നും പറഞ്ഞു.

കേസ് നില : വീഡിയോ സംസ്ഥാന ഫോറൻസിക് ലാബിലേക്ക് അയച്ചതിന് ശേഷം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ്.

⦾ ജനുവരി 31 ന് ഒരു പൊതുയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും കുറിച്ച് ആക്ഷേപകരമായ പരാമർശം നടത്തിയതിന് ഫെബ്രുവരി 5 ന് കോൺഗ്രസ് നേതാവ് അജയ് റായിക്കെതിരെ വാരണാസി പോലീസ് കേസെടുത്തു .

കേസിൽ അന്വേഷണം നടക്കുന്നു.

⦾ കഴിഞ്ഞ സെപ്റ്റംബറിൽ, ജയിലിൽ കഴിയുന്ന എസ്പി നേതാവ് അസം ഖാന്റെ ഭാര്യയെ കണ്ടതിന് ശേഷം സംസ്ഥാന സർക്കാരിനെക്കുറിച്ച് അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് മുൻ യുപി ഗവർണർ അസീസ് ഖുറേഷിക്കെതിരെ രാംപൂർ പോലീസ് കേസെടുത്തു. പ്രാദേശിക ബിജെപി നേതാവ് ആകാശ് സക്‌സേനയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.

കേസിൽ അന്വേഷണം നടക്കുന്നു.

⦾ കഴിഞ്ഞ ഒക്ടോബറിൽ, ടി20 ലോകകപ്പിൽ ഇന്ത്യയ്‌ക്കെതിരായ പാക്കിസ്ഥാന്റെ വിജയം ആഘോഷിച്ചതിനും വാട്‌സ്ആപ്പിൽ ‘ഇന്ത്യ വിരുദ്ധ’ സന്ദേശങ്ങൾ നൽകിയതിനും കശ്മീരി എഞ്ചിനീയറിംഗ് വിദ്യാർത്ഥികളായ അർഷിദ് യൂസഫ്, ഇനായത്ത് അൽതാഫ് ഷെയ്ഖ്, ഷൗക്കത്ത് അഹമ്മദ് ഗനായി എന്നിവരെ ആഗ്ര പോലീസ് അറസ്റ്റ് ചെയ്തു. ജമ്മു കശ്മീർ വിദ്യാർത്ഥികൾക്കുള്ള പ്രധാനമന്ത്രിയുടെ പ്രത്യേക സ്‌കോളർഷിപ്പ് പദ്ധതിയുടെ ഗുണഭോക്താക്കളായിരുന്നു മൂവരും.

കേസ് നില : കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷന് അനുമതി തേടി സംസ്ഥാന സർക്കാരിന് കത്തയച്ചിരിക്കുകയാണ്.

ഛത്തീസ്ഗഡിൽ 2 കേസുകൾ

⦾ അഴിമതി വിരുദ്ധ ബ്യൂറോയുടെ പരാതിയിൽ 2021 ജൂലൈ 3 ന് മുൻ റായ്പൂർ ഐജി ഐപിഎസ് ഉദ്യോഗസ്ഥൻ ജിപി സിങ്ങിനെതിരെ കേസെടുത്തു. ബന്ധപ്പെട്ട സ്ഥലങ്ങളിൽ സിങ്ങുമായി നടത്തിയ പരിശോധനയിൽ ഗൗരവമേറിയതും തന്ത്രപ്രധാനവുമായ വിവരങ്ങൾ അടങ്ങിയ ഡയറിയും സർക്കാരിനു സർക്കാർ നയത്തിനും എതിരായ പ്രകോപനപരമായ എഴുത്തുകളും കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ജനുവരി 11നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

കേസ് നില : ജുഡീഷ്യൽ കസ്റ്റഡിയിൽ.

⦾ കഴിഞ്ഞ ഡിസംബറിൽ റായ്പൂരിൽ നടന്ന ധരം സൻസദിൽ മഹാത്മാഗാന്ധിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്നാരോപിച്ച് മതനേതാവ് കാളീചരണിനെതിരെ കേസെടുത്തിരുന്നു. കോൺഗ്രസ് നേതാവ് പ്രമോദ് ദുബെയുടെ പരാതിയിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഡിസംബർ 30ന് മധ്യപ്രദേശിൽ നിന്നാണ് കാളീചരൺ അറസ്റ്റിലായത്.

കേസ് നില : ഏപ്രിൽ ആറിന് ജാമ്യം ലഭിച്ചു.

ജമ്മു കാശ്മീർ

⦾ കശ്മീർ വാല ഓൺലൈൻ മാഗസിന്റെ എഡിറ്റർ ഇൻ ചീഫ് ഫഹദ് ഷായെ ഫെബ്രുവരി നാലിന് പുൽവാമ പൊലീസ് അറസ്റ്റ് ചെയ്തു. അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾ നിയമ നിർവ്വഹണ ഏജൻസികളുടെ പ്രതിച്ഛായയ്ക്ക് കോട്ടം തട്ടുന്നതാണെന്നും
രാജ്യത്തിനെതിരെ അതൃപ്തി ഉണ്ടാക്കുന്നവയാണെന്നും ആരോപിച്ചായിരുന്നു അറസ്റ്റ്.

ഫെബ്രുവരി 26ന് ഷായ്ക്ക് ജാമ്യം ലഭിച്ചെങ്കിലും ഷോപിയാനിലെ മറ്റൊരു കേസിൽ വീണ്ടും അറസ്റ്റിലായി. മാർച്ച് 5-ന് ജാമ്യം ലഭിച്ചെങ്കിലും 2020-ൽ ശ്രീനഗറിൽ രജിസ്റ്റർ ചെയ്ത കേസിൽ വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടു. ഒരു വർഷം വരെ വിചാരണ കൂടാതെ തടങ്കലിൽ വയ്ക്കാൻ അനുവദിക്കുന്ന പബ്ലിക് സേഫ്റ്റി ആക്‌ട് (പിഎസ്‌എ) പ്രകാരവും പോലീസ് കേസെടുത്തു.

കേസ് നില : ശ്രീനഗറിൽ തടങ്കലിൽ

ഗുജറാത്ത്

⦾ ഫെബ്രുവരി 20 ന്, ഛത്രപതി ശിവജിയെക്കുറിച്ച് ആക്ഷേപകരമായ പ്രസ്താവന ഹൗസിംഗ് സൊസൈറ്റി വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തതായി അയൽവാസി ആരോപിച്ചതിനെത്തുടർന്ന് അഭിഭാഷകനായ സോഹിൽ മോറിനെതിരെ കേസെടുത്തു.

കേസ് നില : ജുഡീഷ്യൽ കസ്റ്റഡിയിൽ.

തമിഴ്നാട്

⦾ തമിഴ്നാട് ദിനത്തിൽ സംസ്ഥാനത്തിന് പ്രത്യേക പതാക ഉയർത്തിയതിനും പ്രസംഗത്തിൽ വിവാദ പരാമർശം നടത്തിയതിനും നാം തമിഴർ പാർട്ടി നേതാവ് സീമാൻ കഴിഞ്ഞ നവംബറിൽ കേസെടുത്തിരുന്നു.

കേസ് നില : നടപടി തീർച്ചപ്പെടുത്തിയിട്ടില്ല.

മഹാരാഷ്ട്ര

⦾ മസ്ജിദുകളിൽ നിന്ന് ഉച്ചഭാഷിണി നീക്കം ചെയ്യണമെന്ന തങ്ങളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ ഉദ്ധവ് താക്കറെയുടെ വസതിക്ക് പുറത്ത് ഹനുമാൻ ചാലിസ പാരായണം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് അമരാവതി എംപി നവനീത് റാണയും ഭർത്താവും എംഎൽഎയുമായ രവി റാണയും ഏപ്രിൽ 23 ന് അറസ്റ്റിലായി.

ദമ്പതികളുടെ പ്രഖ്യാപനം സർക്കാർ സംവിധാനത്തെ വെല്ലുവിളിക്കുകയും സർക്കാരിനെതിരെ വെറുപ്പും അനിഷ്ടവും പ്രകടിപ്പിക്കുകയും ചെയ്യുന്നതാണെന്ന് പോലീസ് പറഞ്ഞു.

കേസ് നില : ജാമ്യം അനുവദിച്ചു.

അസം

⦾ 2021 ഡിസംബർ 4-ന്, രാഷ്ട്രീയ പ്രവർത്തകനായ പ്രദീപ് ദത്ത് റോയിയുടെ അറസ്റ്റിനെക്കുറിച്ച് കച്ചാറിലെ ഒരു ന്യൂസ് പോർട്ടലിൽ പ്രസിദ്ധീകരിച്ച എഡിറ്റോറിയലിന് അനിർബൻ റോയ് ചൗധരി എന്ന പത്രപ്രവർത്തകനെതിരെ കേസെടുത്തു.

എഡിറ്റോറിയലിനെതിരെ ഓൾ അസം ബംഗാളി ഹിന്ദു അസോസിയേഷനിലെ ഒരു അംഗം സമർപ്പിച്ച പരാതിയിലാണ് കേസ്.

കേസ് നില : ജാമ്യം ലഭിച്ചു.

ഹരിയാന

⦾ കർഷക സമരക്കാരുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ “പീരങ്കി ഉപയോഗിച്ച് സർക്കാരിനെ ആക്രമിക്കുമെന്ന്” പ്രഖ്യാപിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തതിന് ഖാപ് നേതാവ് സുനിൽ ഗുലിയയ്‌ക്കെതിരെ 2021 ജനുവരി 15-ന് ജജ്ജാറിൽ കേസെടുത്തു.

കേസ് നില : പ്രതിഷേധിച്ച കർഷകർക്കെതിരെ രജിസ്റ്റർ ചെയ്ത എല്ലാ കേസുകളും പിൻവലിക്കാൻ സംസ്ഥാന സർക്കാർ സമ്മതിച്ചതിനെത്തുടർന്ന് ചാർജുകൾ ഒഴിവാക്കി.

ജാർഖണ്ഡ്

പാകിസ്ഥാൻ സിന്ദാബാദ് എന്ന മുദ്രാവാക്യം ഉയർത്തിയതിന് ഏപ്രിൽ 20ന് എട്ട് പേർക്കെതിരെ കേസെടുത്തു. ‘പാകിസ്ഥാൻ സിന്ദാബാദ്’ എന്ന മുദ്രാവാക്യം ഉയർത്തി ഭരണകൂടത്തിനെതിരെ കലാപത്തിന് പ്രേരിപ്പിക്കുന്ന പ്രസംഗം നടത്തിയതിന് പ്രതി ഷാക്കിർ ഹുസൈനും മറ്റ് എട്ട് പേർക്കുമെതിരെ തെളിവുകളുണ്ട്.

കേസ് നില : എല്ലാ പ്രതികളും ജയിലിൽ.

മണിപ്പൂർ

⦾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ അപകീർത്തികരമായ ഭാഷ ഉപയോഗിച്ചതിനും പ്രാദേശിക ടിവി ടോക്ക് ഷോയ്‌ക്കിടെ “മെയിൻലാൻഡ് ഇന്ത്യ”ക്കെതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയതിനും ബിജെപിയുടെ യുവജന വിഭാഗമായ ബിജെവൈഎമ്മിന്റെ പരാതിയിൽ സനോജം സമാചാരോൺ എന്ന അഭിഭാഷകനെതിരെ ഏപ്രിൽ 12 ന് കേസെടുത്തു.

കേസ് നില : ജാമ്യം അനുവദിച്ചു.

വിവരങ്ങൾക്ക് കടപ്പാട് : ഇന്ത്യൻ എക്സ്പ്രസ്സ്

Spread the love
English Summary: sedition cases filed in India across states

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick