റിസർവ് ബാങ്ക് രാജ്യത്തെ റിപ്പോ നിരക്കും സി ആർ ആർ നിരക്കും വർധിപ്പിച്ചിരിക്കുകയാണ്. പണപ്പെരുപ്പ നിരക്ക് ഉയര്‍ന്ന് നില്‍ക്കുന്ന സാഹചര്യം പരിഗണിച്ചാണ് റിപ്പോ നിരക്ക് 0.40 ശതമാനമായും സിആര്‍ആര്‍ 0.50ശതമാനമായും വര്‍ധിപ്പിച്ചത്. ഇതോടെ റിപ്പോ നിരക്ക് 4.40ശതമാനവും സിആര്‍ആര്‍ 4.50 ശതമാനവുമായി.
വിപണിയിലെ പണലഭ്യത കുറച്ച് വിലക്കയറ്റം നിയന്ത്രിക്കാനുള്ള നടപടികളുടെ ഭാഗമായാണ് നിരക്ക് വര്‍ധന.
വർധിച്ചു വരുന്ന പണപ്പെരുപ്പ, ഭൗമ രാഷ്ട്രീയ സംഘര്‍ഷം, അസംസ്‌കൃത എണ്ണവില, ആഗോളതലത്തിലെ ചരക്കുകളുടെ ദൗര്‍ലഭ്യം എന്നിവ രാജ്യത്തിന്റെ സമ്പദ്ഘടനയെ സ്വാധീനിച്ച സാഹചര്യത്തിലാണ് തീരുമാനമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്താ ദാസ് പറഞ്ഞു.
എന്താണ് റിപ്പോ നിരക്ക്?
‘REPO’ എന്നാൽ ‘റീ പർച്ചേസിങ് ഓഫർ’ അല്ലെങ്കിൽ ‘റീ പർച്ചേസിങ് എഗ്രിമെന്റ്’ എന്നാണ് അർത്ഥമാക്കുന്നത്. റിസർവ് ബാങ്കിൽ നിന്ന് ബാങ്കുകൾ വായ്പയെടുക്കുന്ന നിരക്കിനെയാണ് റിപ്പോ നിരക്ക് എന്ന് സൂചിപ്പിക്കുന്നത്. പണപ്പെരുപ്പം നിയന്ത്രണത്തിലാക്കാനുള്ള ആർബിഐയുടെ പ്രധാന ഉപകരണങ്ങളിലൊന്നായാണ് റിപ്പോ നിരക്ക് കണക്കാക്കുന്നത്.
ജനങ്ങളെ എങ്ങനെ ബാധിക്കും?
ആർബിഐ റിപ്പോ നിരക്ക് കുറയ്ക്കുമ്പോൾ വാണിജ്യ ബാങ്കുകൾക്ക് വായ്പയെടുക്കാനുള്ള ചെലവ് കുറവായിരിക്കും. അതിനാൽ, റിപ്പോ നിരക്ക് കുറയുമ്പോൾ ബാങ്കുകൾ സാധാരണയായി ഉപഭോക്താക്കളിൽ നിന്നുള്ള വായ്പകൾക്ക് കുറഞ്ഞ പലിശ നിരക്ക് നൽകും.
ഇപ്പോൾ റിസർവ് ബാങ്ക് റിപ്പോ നിരക്ക് വർദ്ധിപ്പിച്ചതിനാൽ ഭവനവായ്പ, കാർ വായ്പകൾ എന്നിവയ്‌ക്കുള്ള പലിശ നിരക്കുകൾ ബാങ്കുകൾ ഉയർത്താൻ സാധ്യതയുണ്ട്. ബാങ്കുകൾ പലിശ നിരക്ക് വർധിപ്പിച്ചാൽ, തുല്യമായ പ്രതിമാസ തവണകളും (ഇഎംഐ) വർദ്ധിക്കും, ഇത് വായ്പക്കാരെ ബാധിക്കും.
ആർക്കാണ് ഉപകാരം?
റിപ്പോ നിരക്ക് വർധിപ്പിക്കാനുള്ള ആർബിഐയുടെ നീക്കം സേവിംഗ്‌സ് അക്കൗണ്ടുകളിലും ഫിക്സഡ് ഡിപ്പോസിറ്റുകളിലും (എഫ്‌ഡി) പണം നിക്ഷേപിച്ചവർക്ക് ഗുണം ചെയ്യും. എഫ്ഡികൾക്ക് ബാങ്കുകൾ കൂടുതൽ പലിശ നൽകാനാണ് സാധ്യത.