Categories
alert

ഷവർമ ഉണ്ടാക്കണോ? ഇനി ഈ നിർദേശങ്ങൾ കർക്കശമായി പാലിക്കേണ്ടി വരും

ഷവർമ കടകളിലെ ജീവനക്കാർക്കു പരീശീലനം നിർബന്ധമാക്കാനൊരുങ്ങി ഭക്ഷ്യസുരക്ഷാ വകുപ്പ്.
ഷവർമ കടകളിലെ സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷമാണ് നിർബന്ധമായും പരിശീലനം നൽകണമെന്ന നിർദേശം ഭക്ഷ്യസുരക്ഷാ വകുപ്പ് മുന്നോട്ടു വയ്ക്കാനൊരുങ്ങുന്നത്. റിപ്പോർട്ട് ഉടൻ സർക്കാരിനു സമർപിക്കും.

ഷവർമ കഴിച്ചു വിഷബാധയേറ്റ് കാസർകോട് ചെറുവത്തൂരിൽ പ്ലസ് വൺ വിദ്യാർഥിനി മരിച്ച സാഹചര്യത്തിലാണ് നടപടി.

thepoliticaleditor

പരിശീലനം നേടി സർട്ടിഫിക്കറ്റ് ലഭിക്കാത്ത ജീവനക്കാരുള്ള കടകളെ പ്രവർത്തിക്കാൻ അനുവദിക്കില്ല.

പാചകക്കാരന്റെ ശുചിത്വം വളരെ പ്രധാനപ്പെട്ടതാണെന്നും പരിശീലനം നൽകുന്നതോടെ വലിയ മാറ്റമുണ്ടാകുമെന്നും ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു.

മയോണൈസ് തയാറാക്കുന്നത് ശ്രദ്ധയോടെ വേണമെന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മറ്റൊരു നിർദേശം.
സ്റ്റെറിലൈസ്ഡ് മുട്ടയിൽനിന്നു മാത്രമേ ഇനി മയോണൈസ് ഉണ്ടാക്കാന്‍ പാടൂള്ളൂ. ഇത്തരം മയോണൈസ് വിപണിയിൽ ലഭ്യമാണ്.

പച്ചമുട്ടയിൽ മയോണൈസ് ഉണ്ടാക്കിയശേഷം സാധാരണ താപനിലയിൽ ആറു മണിക്കൂറിലേറെ സൂക്ഷിക്കുന്നത് സാൽമൊണല്ല ബാക്ടീരിയയുടെ സാന്നിധ്യത്തിന് കാരണമാകും.

കേടാകാത്ത വൃത്തിയുള്ള ഇറച്ചിയാണ് ഉപയോഗിക്കുന്നതെന്ന് പരിശോധനയിലൂടെ ഉറപ്പാക്കും.

ഷവർമയ്ക്കായി പ്രത്യേക താപനിലയിൽ ഗ്രിൽ ചെയ്യണമെന്നും നിർദേശിക്കും.

മാംസത്തിന്റെ വ്യത്യസ്തമായ പാചകരീതിയും ഭക്ഷ്യ വിഷബാധയിലേക്കു നയിക്കുന്നുണ്ട്. വേവാത്ത മാംസത്തിൽ അപകടകാരികളായ ബാക്ടീരിയകൾ വളരും.

ഭക്ഷ്യമേഖലയിൽ 59,000 ലൈസൻസും 2.15 ലക്ഷത്തിനു മുകളിൽ റജിസ്ട്രേഷനും ഉണ്ടെന്നു ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതർ പറഞ്ഞു.

എന്നാൽ, ഭക്ഷണസാധനങ്ങൾ വിൽക്കുന്ന കടകളുടെ കൃത്യമായ കണക്കില്ല. തട്ടുകടകൾ അടക്കമുള്ള കടകൾ പെട്ടെന്നു തുറക്കുകയും പൂട്ടുകയും ചെയ്യുന്ന സാഹചര്യമുണ്ട്.

ഇനിമുതൽ ലൈസൻസില്ലാതെ കടകൾ തുറക്കാൻ കഴിയില്ലെന്നു നിർദേശം നൽകും.

ഇപ്പോൾത്തന്നെ ലൈസൻസില്ലാത്ത സ്ഥാപനങ്ങൾ പരിശോധനയിലൂടെ അടച്ചു പൂട്ടുന്നുണ്ട്. എന്നാൽ, ഇത്തരം കടകൾക്കു നോട്ടിസ് കൊടുത്തശേഷമേ പൂട്ടാൻ കഴിയൂ. ഇനിമുതൽ അസി. കമ്മിഷണർമാരുടെ പ്രത്യേക അധികാരം ഉപയോഗിച്ച് കടകൾ ഉടനെ പൂട്ടുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് പറയുന്നു. തുറക്കണമെങ്കിൽ നിയമ നടപടികളെല്ലാം പൂർത്തിയാക്കേണ്ടിവരും. തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് ലൈസൻസില്ലാതെ കടകൾ തുറക്കില്ലെന്ന് ഉറപ്പാക്കും.

കഴിഞ്ഞ ദിവസങ്ങളിലായി നടത്തിയ പരിശോധനയിൽ വീഴ്ച കണ്ടെത്തിയ 110 കടകളാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് പൂട്ടിച്ചത്.
രജിസ്‌ട്രേഷൻ ഇല്ലാത്ത 61 കടകളും വൃത്തിഹീനമായ 49 കടകളും ഇക്കൂട്ടത്തിലുണ്ട്. 1132 പരിശോധനകളാണ് നടത്തിയത്.347 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.140 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. സംസ്ഥാനത്ത് ഇന്നും ശക്തമായ പരിശോന തുടരുന്നുണ്ട്.

Spread the love
English Summary: compulsary training for shawarma makers

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick