Categories
exclusive

പി.ശശിയുടെ നിയമനത്തില്‍ കണ്ണൂരിലെ പാര്‍ടി അടിത്തട്ടില്‍ അമര്‍ഷം…പി.ജയരാജന്റെ നിലപാടിന്‌ സ്വീകാര്യത

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പി.ശശിയെ നിയമിച്ച സി.പി.എം. തീരുമാനത്തില്‍ പുറമേ ആരും പ്രതികരിക്കുന്നില്ലെങ്കിലും പാര്‍ടി അണികളിലും ജില്ലയിലെ മധ്യതലം വരെയുള്ള പ്രാദേശിക നേതൃനിരയില്‍ പലയിടത്തും വലിയ അമര്‍ഷം പ്രകടമാണ്‌. പി.ജയരാജന്റെ സ്വീകരിച്ചുവെന്ന്‌ പറയപ്പെടുന്ന നിലപാടിന്‌ വലിയ സ്വീകാര്യതയാണ്‌ വീണ്ടും കിട്ടിയിരിക്കുന്നത്‌. പി.ജെ. ആര്‍മി എന്നൊക്കെ പേരിലുള്ള കൂട്ടായ്‌മകളില്‍ മുമ്പ്‌ ഉണ്ടായിരുന്നവര്‍ ജയരാജന്റെ വിമര്‍ശനം പതിന്‍മടങ്ങ്‌ ശക്തിയായി ഏറ്റെടുത്ത്‌ ഉന്നയിക്കാന്‍ തുടങ്ങിയിരിക്കയാണ്‌.

ശശിയെക്കുറിച്ച്‌ ജയരാജന്‍ ഉന്നയിച്ചതായി പറയുന്ന വിമര്‍ശനത്തില്‍ വലിയ തോതില്‍ കഴമ്പുണ്ട്‌ എന്ന്‌ പരോക്ഷമായി പറയുന്നവര്‍ മധ്യനിര നേതൃത്വത്തില്‍ ഉണ്ട്‌. അതു പോലെ ശശിക്കെതിരെ പതിനൊന്നു വര്‍ഷം മുമ്പ്‌ അച്ചടക്ക നടപടി വരാനിടയാക്കിയ സംഭവങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വന്ന അന്ന്‌ സംസ്ഥാനസമിതി അംഗവും കേരള കര്‍ഷക സംഘം സംസ്ഥാന പ്രസിഡണ്ടുമായിരുന്ന സി.കെ.പി. പത്മനാഭന്റെ ഇന്നത്തെ നില പി.ശശിയുടെതുമായി താരതമ്യം ചെയ്‌തുകൊണ്ടുള്ള വിമര്‍ശനവും പാര്‍ടി അണികള്‍ ഉയര്‍ത്തുന്നു.

thepoliticaleditor

പി.ശശിക്കെതിരായ വിവാദത്തില്‍ കഴമ്പുണ്ടെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ്‌ പാര്‍ടി അദ്ദേഹത്തെ പുറത്താക്കിയത്‌. അന്ന്‌ ശശിക്കെതിരായി ശക്തമായ നടപടി വേണമെന്ന്‌ ജില്ലാ-സംസ്ഥാന നേതൃയോഗങ്ങളില്‍ വാദിച്ചവരില്‍ പ്രധാന നേതാക്കൾ പി ജയരാജൻ, സി കെ പി പദ്മനാഭൻ , കെ.കെ.ശൈലജ എന്നിവർ ആയിരുന്നു. അഖിലേന്ത്യാ തലത്തില്‍ വനിതാ സംഘടനയായ ജനാധിപത്യ മഹിളാ അസോസിയേഷനെ ഉള്‍പ്പടെ ഈ വിഷയത്തില്‍ നിലപാട്‌ എടുക്കുന്നതിന്‌ ശൈലജ ടീച്ചറുടെ ഇടപെടല്‍ കാരണമായിരുന്നു.

പി ജയരാജൻ പിന്നീട് വലിയ തോതിൽ പാർട്ടിയിൽ ഒതുക്കപ്പെട്ടു എന്നത് വസ്തുതയാണ്. വ്യക്തിയാരാധന എന്ന ചാട്ടുളിയാണ്‌ ജയരാജനെതിരായ ആയുധമാക്കി മാറ്റിയത്‌. എന്നാല്‍ പി.ശശിയുടെ പെരുമാറ്റത്തിനെതിരായ പഴയ നിലപാട്‌ പി.ജയരാജന്‍ ഇപ്പോഴും നിരീക്ഷിക്കുന്നു എന്നും വിട്ടു വീഴ്ചയില്ലാതെ ഉന്നയിക്കുന്നു എന്നതുമാണ്‌ കഴിഞ്ഞ ദിവസം അദ്ദേഹം സംസ്ഥാനസമിതി യോഗത്തില്‍ ഉന്നയിച്ചതായി പറയുന്ന വിമര്‍ശനത്തില്‍ നിന്നും തെളിയുന്നത്‌. അതേസമയം ശശിക്കെതിരായി അന്നുയര്‍ന്ന പരാതിക്ക്‌ അന്ന്‌ പാര്‍ടിയിലെ പ്രധാന കണ്ണൂര്‍ നേതാക്കളിലൊരാളായ സി.കെ.പി. പത്മനാഭന്‍ നല്‍കിയ പിന്തുണ കേന്ദ്രനേതൃത്വം വരെ ഗൗരവത്തില്‍ എടുത്തതിന്റെ ഫലമായാണ്‌ ശക്തമായ അച്ചടക്ക നടപടിയിലേക്ക്‌ പാര്‍ടി നീങ്ങിയത്‌.

സി.കെ.പി. പത്മനാഭന്‍

ശശിയെക്കുറിച്ച്‌ സി.കെ.പി. പത്മനാഭന്‍ പാര്‍ടിക്കകത്ത്‌ സമാനമായ ഒരു പരാതി വ്യക്തിപരമായി ഉയര്‍ത്തിയതിനു പിന്നാലെയായിരുന്നു കണ്ണൂരിലെ യുവജനനേതാവിന്റെ ഭാര്യയുടെ പരാതി രേഖാമൂലം പാര്‍ടിക്ക്‌ ലഭിച്ചത്‌. ഇതാണ്‌ അച്ചടക്കനടപടിയിലേക്ക്‌ നയിക്കാനിടയാക്കിയത്‌. ഈ പരാതിക്ക്‌ അടിസ്ഥാനമുണ്ടെന്ന്‌ സാക്ഷ്യപ്പെടുത്തി പാര്‍ടിയില്‍ സി.കെ.പി. പത്മനാഭന്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ അദ്ദേഹത്തെ ഉന്നത നേതൃത്വത്തിന്‌ അനഭിമതനാക്കി. കര്‍ഷകസംഘം സംസ്ഥാന സമിതിയുമായി ബന്ധപ്പെട്ട്‌ സാമ്പത്തിക ക്രമക്കേട്‌ നടത്തിയതിന്‌ ഉത്തരവാദിത്വം ആരോപിച്ച്‌ പത്മനാഭനെതിരെ പാര്‍ടി നടപടി സ്വീകരിക്കുകയാണുണ്ടായത്‌. ക്രമക്കേട്‌ നടത്തിയത്‌ ഓഫീസ്‌ സെക്രട്ടറിയാണെന്ന്‌ പാര്‍ടി കണ്ടുപിടിച്ചെങ്കിലും ഉത്തരവാദിത്വം ആരോപിച്ച്‌ നടപടി വന്നത്‌ പത്മനാഭനെതിരെയും. തുടര്‍ന്ന്‌ ഉന്നത പാര്‍ടി ഘടകങ്ങളില്‍ നിന്നെല്ലാം അദ്ദേഹം ക്രമേണ ഒഴിവാക്കപ്പെട്ടു. വളരെ കാലത്തിനു ശേഷമാണ്‌ പത്മനാഭനെ കണ്ണൂര്‍ ജില്ലയിലെ ഒരു ഏരിയാകമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത്‌. സംസ്ഥാന സമിതി അംഗം, എം.എല്‍.എ., കര്‍ഷകസംഘം സംസ്ഥാന പ്രസിഡണ്ട്‌ എന്നീ നിലകളില്‍ നിന്നെല്ലാമുള്ള പത്മനാഭന്റെ പതനമായിരുന്നു രാഷ്ട്രീയകേരളം കണ്ടത്‌. അതിനുള്ള നിമിത്തമാകട്ടെ പി.ശശിക്കെതിരായ നിലപാടുകളുമായിരുന്നു എന്നത്‌ പരസ്യമായ രഹസ്യമാണ്‌.

പാര്‍ടിയില്‍ നിന്നും പുറത്താക്കപ്പെട്ട ശശി നിയമപഠനം പൂര്‍ത്തിയാക്കുകയും വക്കീലായി തലശ്ശേരിയില്‍ പ്രാക്ടീസ്‌ ആരംഭിക്കുകയും ചെയ്‌തു. അവിടെ അദ്ദേഹം ബ്രാഞ്ച്‌ അംഗമായി മാറി. അഭിഭാഷക സംഘടനയുടെ സജീവ പ്രവര്‍ത്തകനെന്ന നിലയില്‍ പൊതുരംഗത്തേക്ക്‌ തിരിച്ചെത്തിയ ശശി ഏതാനും വര്‍ഷം കഴിയുമ്പോഴേക്കും പാര്‍ടി നേതൃത്വത്തിലേക്ക്‌ തിരിച്ചുവരികയും കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗമാവുകയും ചെയ്‌തു. ഇത്തവണത്തെ സംസ്ഥാന സമ്മേളനത്തില്‍ പ്രതിനിധിയല്ലായിരുന്നു എങ്കിലും അദ്ദേഹം സംസ്ഥാന സമിതി അംഗമായി ഉയര്‍ത്തപ്പെടുകയും ചെയ്‌തു.

അതിനു പിറകെയാണ്‌ കേരളത്തിലെ ഏറ്റവും വലിയ ഭരണപദവികളിലൊന്നായി രാഷ്ട്രീയ ലോകവും ഉദ്യോഗസ്ഥ ലോകവും കരുതാറുള്ള മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി എന്ന പദവിയില്‍ നിയമിതനാകുന്നതും. പിണറായി വിജയന്‌ ശശിയോടുള്ള താല്‍പര്യവും വിശ്വാസവുമാണ്‌ ശശിയുടെ തിരിച്ചുവരവിനും പെട്ടെന്നുള്ള ഉയര്‍ച്ചയ്‌ക്കും ഇടയാക്കിയതെന്നതിന്‌ വേറെ തെളിവ്‌ ആവശ്യമില്ല. അതേസമയം സി.കെ.പി. പത്മനാഭനാകട്ടെ പാര്‍ടിയുടെ താഴെത്തട്ടിലുള്ള ഘടകത്തിലെ പ്രവര്‍ത്തകന്‍ മാത്രമായി ഒതുങ്ങിപ്പോവുകയും ചെയ്‌തു.

ഈ സംഭവങ്ങളെല്ലാം കണ്ണൂരിലെ പാര്‍ടിയില്‍ ഏറെക്കാലത്തിനു ശേഷം സജീവ ചര്‍ച്ചയാകാന്‍ ഇപ്പോള്‍ പി.ശശിയുടെ നിയമനവും പി.ജയരാജന്‍ ഉന്നയിച്ചതായി പുറത്തുവന്ന അഭിപ്രായങ്ങളും കാരണമായിരിക്കുന്നു. വ്യക്തിയാരാധന ആരോപിച്ച്‌ പി.ജയരാജനെ പാര്‍ടി താക്കീത്‌ ചെയ്യുകയും ജയരാജന്‍ പി.ജെ. ആര്‍മി പോലുള്ള സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളെ തള്ളിപ്പറയുകയും ചെയ്‌തത്‌ സമീപ കാലത്താണ്‌.

എന്നാല്‍ ജയരാജനെ ആരാധിക്കുന്ന രീതിയില്‍ തന്നെ ബഹുമാനിക്കുന്ന ഒട്ടനവധി പേര്‍ കണ്ണൂരിലെ പാര്‍ടി പ്രവര്‍ത്തകരിലും അനുഭാവികളിലും ഇപ്പോഴും ഉണ്ട്‌ എന്നതാണ്‌ യാഥാര്‍ഥ്യം. ജയരാജന്‍ ശശിയെക്കുറിച്ച്‌ സ്വീകരിച്ച നിലപാടിന്‌ പിന്തുണ നല്‍കുന്ന പ്രതികരണങ്ങളാണ്‌ അവരില്‍ പലരും സോഷ്യല്‍ മീഡിയകളില്‍ ഇന്നലെ മുതല്‍ പങ്കുവെക്കുന്നത്‌. ഇത്‌ തീര്‍ച്ചയായും പാര്‍ടിക്ക്‌ തലവേദന സൃഷ്ടിക്കും. പാര്‍ടിക്കകത്തെ ചര്‍ച്ചകളില്‍ ശശി വിഷയവും പി.ജയരാജന്‍ അനുകൂലികളുടെ പ്രതികരണവും വിഷയമായിത്തീരുന്ന സാഹചര്യവും ഉണ്ടായേക്കാം.(സംസ്ഥാന സമിതി കൈക്കൊണ്ട തീരുമാനം ഏകകണ്‌ഠമായിരുന്നുവെന്നും തീരുമാനമെടുത്തതില്‍ താനും പങ്കാളിയാണെന്നും ഇതേപ്പറ്റി വരുന്ന മറ്റ്‌ വാര്‍ത്തകള്‍ മാധ്യമസൃഷ്ടിയാണെന്നും പി.ജയരാജന്‍ പരസ്യപ്രസ്‌താവനയിറക്കിയിട്ടുണ്ടെങ്കിലും വാക്കുകള്‍ക്കിടയില്‍ ചിലത്‌ വായിച്ചെടുക്കാവുന്നതാണ്‌. തീരുമാനമെടുക്കുന്ന സംഗതിയില്‍ താന്‍ ചര്‍ച്ചയില്‍ പ്രതികരിച്ചിട്ടില്ല എന്നദ്ദേഹം പറഞ്ഞിട്ടില്ലാത്തത്‌ എന്തുകൊണ്ടായിരിക്കാം!!)

Spread the love
English Summary: P JAYARAJANS CRITICISM AGAINST P SASI GETS MUCH SUPPORT IN CPM GRASS ROUTE IN KANNUR

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick