തലശ്ശേരി പുന്നോലില്‍ മല്‍സ്യത്തൊഴിലാളിയും സജീവ സിപിഎം പ്രവര്‍ത്തകനുമായ ഹരിദാസിനെ വെട്ടിക്കൊന്ന കേസില്‍ പിടികിട്ടാപ്പുള്ളിയായ നിജില്‍ദാസിന് ഒളിവില്‍ കഴിയാന്‍ സ്വന്തം വീട് നല്‍കിയ പിണറായി സ്വദേശിയായ അധ്യാപിക രേഷ്‌മയ്‌ക്ക് ജാമ്യം കിട്ടി. ഇന്നലെയാണ് രേഷ്‌മയെയും ഒളിവില്‍ കഴിഞ്ഞിരുന്ന നിജില്‍ ദാസിനെയും പൊലീസ് നാടകീയമായി അറസ്‌റ്റ് ചെയ്‌തത്.
പിണറായി സ്വദേശിയായ രേഷ്‌മ ഹരിദാസിന്റെ നാടായ പുന്നോലിലെ അമൃതവിദ്യാലയം അധ്യാപികയാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിന്റെ ഏതാനും വാര അകലെയാണ് നിജില്‍ ദാസിന് ഒളിത്താവളം ഒരുക്കിയ വീട്. ഉപാധികളോടെയാണ് രേഷ്മയ്ക്ക് ജാമ്യം അനുവദിച്ചത്. 50,000 രൂപ ബോണ്ടും രണ്ട് ആള്‍ജാമ്യവുമാണ് ബോണ്ട്.


ഭര്‍ത്താവിന്റെ നാടായ അണ്ടലൂരില്‍ താമസിക്കുന്ന രേഷ്‌മയുടെ പിണറായിയിലെ വീട് വാടകയ്‌ക്ക് നല്‍കി വരാറുളളതായിരുന്നുവെങ്കിലും സുഹൃത്തായ നിജില്‍ദാസിന് അയാള്‍ കൊലക്കേസ് പ്രതിയാണെന്ന് അറിഞ്ഞു തന്നെയാണ് വീട് പാര്‍ക്കാനായി നല്‍കിയതെന്നാണ് പൊലീസ് പറയുന്നത്. രേഷ്‌മയെ അറസ്റ്റ് ചെയ്‌തതും ഇതു കൊണ്ടുതന്നെയാണ്. സ്‌കൂളിലേക്ക് സ്ഥിരമായി നിജില്‍ദാസിന്റെ ഓട്ടോറിക്ഷയിലാണ് രേഷ്‌മ പോയിരുന്നതത്രേ. ഇവരുടെ ഭര്‍ത്താവ് പ്രവാസിയാണ്.

കഴിഞ്ഞ 17-ാം തീയതിയാണ് നിജില്‍ ദാസ് രേഷ്‌മയെ വിളിച്ച് തനിക്ക് ഒളിച്ചു താമസിക്കാനായി ഇടം വേണമെന്ന് രേഷ്‌മയോട് സഹായം ആവശ്യപ്പെട്ടതെന്നു പറയുന്നു. രേഷ്‌മ പിണറായിയിലെ വീട് നല്‍കുകയും നിജില്‍ദാസിന് ഭക്ഷണം എത്തിച്ചു നല്‍കുകയും ചെയ്‌തിരുന്നതായി പൊലീസ് പറഞ്ഞു.
നിജില്‍ദാസും രേഷ്‌മയും തമ്മിലുള്ള വാട്‌സ്‌ആപ് സന്ദേശങ്ങളും കോളുകളും നിരീക്ഷിച്ച പോലീസ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ പിണറായിയിലെ ഒളിത്താവളത്തില്‍ നിന്നും പ്രതിയെ അറസ്‌റ്റ് ചെയ്‌തു. പ്രതിക്ക് സഹായം നല്‍കിയതിന് രേഷ്‌മയെയും അറസ്റ്റു ചെയ്‌തു. നിജിൽ ദാസ് പിടിയിലായതിന് പിന്നാലെ ഈ വീടിന് നേരെ ഇന്നലെ ബോംബേറും ഉണ്ടായിരുന്നു. വീട് അടിച്ച് തകർത്ത ശേഷമായിരുന്നു ബോംബേറ്. ഫെബ്രുവരി 28നാണ് പുന്നോൽ ഹരിദാസൻ കൊല്ലപ്പെട്ടത്. ആദ്യഘട്ടത്തിൽ നിജിലിനെ ചോദ്യം ചെയ്ത് വിട്ടയച്ചെങ്കിലും പിന്നീടുള്ല അന്വേഷണത്തിൽ ഇയാളുടെ പങ്ക് വ്യക്തമായി. മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചെങ്കിലും തള്ലിയിരുന്നു. കേസിൽ രണ്ട് പ്രതികളെ കൂടി പിടികൂടാനുണ്ട്.