പഞ്ചാബില്‍ കോണ്‍ഗ്രസിനു മാത്രമല്ല തിരിച്ചടി. തമ്മിലടിക്കുകയും അധികാരഭ്രാന്തു പിടിച്ച നടക്കുകയും ജനത്തെ മടുപ്പിക്കുകയും ചെയ്‌ത എല്ലാ ഉന്നത നേതാക്കളും തോറ്റുകൊണ്ടിരിക്കയാണ്. അകാലിദള്‍ നേതാവ് പ്രകാശ്‌സിങ് ബാദല്‍, മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍സിങ്, ഇപ്പോഴത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രി ചരണ്‍ജിത് ചന്നി, കോണ്‍ഗ്രസ്സില്‍ സകല ശല്യവും കുത്തിത്തിരിപ്പും ഉയര്‍ത്തി മുഖ്യമന്ത്രിക്കസേര മോഹിച്ചു നടക്കുന്ന നവ്‌ജോത് സിദ്ദു–എല്ലാവരും തോല്‍വിയുടെ വക്കിലാണ്. അധികാരത്തിനായുള്ള ആര്‍ത്തി മൂത്ത തമ്മിലടിയും നീക്കങ്ങളും ജനം മടുത്തതിന്റെ വ്യക്തമായ സൂചനയാണത്.

കോണ്‍ഗ്രസിന്റെ സമീപകാല ചരിത്രത്തിലെ വാട്ടര്‍ലൂ ആയി, പരമദുരന്തമായി മാറുക പഞ്ചാബ് തന്നെയായിരിക്കും. കോണ്‍ഗ്രസിന് ഏറ്റവും വലിയ ശക്തമായ സംഘടനാ സംവിധാനം ഇന്ത്യയിലുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനമായ പഞ്ചാബില്‍ കോണ്‍ഗ്രസിലെ അവസാനിക്കാത്ത തമ്മില്‍ത്തല്ല് മടുത്ത കോണ്‍ഗ്രസ് അനുഭാവിലക്ഷങ്ങള്‍ തന്നെ ആം ആദ്‌മിക്ക് വോട്ടു ചെയ്‌തതിന്റെ സൂചനയാണ് പുറത്തു വന്നിരിക്കുന്നത്.


ഇന്ത്യയില്‍ എവിടെയും ആം ആദ്‌മി പിടിച്ചെടുത്തിരിക്കുന്നത് കോണ്‍ഗ്രസിന് നേരത്തെ ഉണ്ടായിരുന്ന ഇടത്തെയാണ് എന്നതാണ് ശ്രദ്ധേയം. ഡെല്‍ഹി മുതല്‍ ഇത് തുടങ്ങി. രാഹുലിന്റെയും പ്രിയങ്കാദികളുടെയും ദയനീയമായ പരാജയമാണിത്.
ആം ആദ്‌മി അധിനിവേശം നടത്തിയ കോണ്‍ഗ്രസിന്റെ ഇടങ്ങള്‍ തിരിച്ചറിഞ്ഞ് പ്രതിരോധിച്ച് നിലനിര്‍ത്താന്‍ കോണ്‍ഗ്രസിലെ അഭിനവ സെലന്‍സ്‌കിമാര്‍ക്ക് സാധിക്കാത്തതാണ് പഞ്ചാബില്‍ കാണുന്നത്. നവ്‌ജോത് സിങ് സിദ്ദുവിനെ പോലെ ഒരു സ്ഥിരതയുമില്ലാത്ത, പക്വതയില്ലാത്ത, സ്വന്തം താല്‍പര്യങ്ങള്‍ക്കായി പാര്‍ടിയെ നശിപ്പിക്കാന്‍ മടിക്കാത്ത നേതാവിനെ പിന്തുണച്ചതാണ് പഞ്ചാബില്‍ ദേശീയ നേതൃത്വം കാണിച്ച ഏറ്റവും വലിയ മണ്ടത്തരം. സിദ്ദുവിനെ നേരത്തെ എടുത്ത് പുറത്ത് കളഞ്ഞിരുന്നെങ്കില്‍ കെട്ടുറപ്പോടെ ഉള്ള നേതാക്കളെയും വെച്ച് തിരഞ്ഞെടുപ്പിലേക്ക് പോകാന്‍ പാര്‍ടിക്ക് സാധിക്കുമായിരുന്നു.

ആം ആദ്‌മി നേതാക്കളുടെ ഔന്നത്യം കൊണ്ടല്ല, പകരം കോണ്‍ഗ്രസ് അനുഭാവികളില്‍ സൃഷ്ടിക്കപ്പെട്ട മടുപ്പിനെ ഉപയോഗിച്ചാണ് അധികാരത്തിലേക്ക് വരാന്‍ പോകുന്നത്. ദേശീയ രാഷ്ട്രീയത്തില്‍ ആം ആദ്‌മി കോണ്‍ഗ്രസിനു പകരം രംഗത്ത് വന്നിരിക്കയാണെന്ന് പാര്‍ടി നേതാവ് രാഘവ് ഛദ്ദ അഭിപ്രായപ്പെട്ടു കഴിഞ്ഞിരിക്കുന്നു.