യോഗി ആദിത്യനാഥിന്റെ പുതിയ മന്ത്രിസഭയിലെ ജാതി-സമുദായ പരിഗണനകളും ഉള്‍പ്പെടുത്തലുകളും തെളിയിക്കുന്നത് എന്താണ്…2024-ല്‍ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിലേക്കുള്ള സമര്‍ഥമായ കാല്‍വെപ്പിനായി നടത്തുന്ന ഒരുക്കവും നല്‍കുന്ന സന്ദേശവും ഈ കാബിനറ്റ് രൂപീകരണത്തില്‍ ഉണ്ട് എന്ന് വിലയിരുത്തപ്പെടുകയാണ്. ഉത്തര്‍പ്രദേശില്‍ ചരിത്രത്തിലാദ്യമായി ബി.ജെ.പി. സര്‍ക്കാര്‍ രണ്ടാം തവണ തുടര്‍ച്ചയായി അധികാരത്തിലേക്കു വന്നപ്പോള്‍ നല്‍കപ്പെട്ട് സൂചനകളുടെ തുടര്‍ച്ചയാണ് ഇത്.
ഉത്തരേന്ത്യയില്‍ ബി.ജെ.പി. ആര്‍ജ്ജിച്ചുകഴിഞ്ഞിട്ടുള്ള ഒരു മുന്നേറ്റത്തിന്റെ പ്രത്യേകത, പരമ്പരാഗതമായി ഉയര്‍ന്ന ജാതിക്കാര്‍ മാത്രം പിന്തുണച്ചിരുന്ന പാര്‍ടി എന്ന നിലയില്‍ നിന്നും മാറി ദളിതുകളെയും പിന്നാക്കസമുദായക്കാരെയും തങ്ങളുടെ പാളയത്തിലേക്ക് കൊണ്ടുവരാന്‍ ബിജെപിക്ക് സാധിച്ചു എന്നതാണ്. യാദവരെ മാത്രമാണ് ഇപ്പോഴും ബിജെപിക്ക് കാര്യമായി സ്വാധീനിക്കാന്‍ കഴിഞ്ഞിട്ടില്ലാത്തത്.
യുപി തിരഞ്ഞെടുപ്പു ഫലം വന്ന ദിവസം പ്രധാനമന്ത്രി നടത്തിയ ഒരു പ്രതികരണം ശ്രദ്ധേയമായിരുന്നു-ജാതിയുടെ പേരില്‍ ജനങ്ങളെ വിഭജിക്കാനുള്ള ശ്രമത്തെ നാം പരാജയപ്പെടുത്തി എന്നതായിരുന്നു ആ പ്രതികരണം. അതിനര്‍ഥം ജാതി എന്ന വോട്ടുബാങ്ക് ഉപാധിയെ ബിജെപി നോട്ടമിടുകയും അതില്‍ വലിയ വിജയം നേടാന്‍ സാധിക്കുകയും ചെയ്‌തിരിക്കുന്നു എന്നതാണ്. പുതിയതായി രൂപീകരിക്കപ്പെട്ടിരിക്കുന്ന യുപി മന്ത്രിസഭയുടെ അകത്തള സ്വഭാവം നിരീക്ഷിക്കുകയാണെങ്കില്‍ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കു പോകാന്‍ ബിജെപി ഏതു വഴിയിലൂടെ സഞ്ചരിക്കാന്‍ പോകുന്നു എന്ന് മനസ്സിലാക്കാന്‍ സാധിക്കും.

മുതിർന്ന രാഷ്ട്രീയ നേതാക്കളടക്കം 85,000 പേർ പങ്കെടുത്ത ചടങ്ങിൽ 52 നേതാക്കൾ മന്ത്രിമാരായതിൽ 18 പേർക്ക് ക്യാബിനറ്റ് പദവിയും 14 പേർ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരും 20 പേർ ജൂനിയർ മന്ത്രിമാരുമാണ്. പിന്നാക്ക വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്നവർക്കും , മുസ്‌ലിം, സിഖ് സമുദായത്തിൽ നിന്നുള്ള നേതാക്കൾക്കും ഇടയിൽ മന്ത്രി സ്ഥാനങ്ങൾ ശ്രദ്ധാപൂർവ്വം വിതരണം ചെയ്തിരിക്കയാണ്. മുഖ്യമന്ത്രി ഉൾപ്പെടെ 21 പേർ ഉയർന്ന ജാതിയിൽ നിന്നുള്ളവരാണ്, 20 പേർ മറ്റ് പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ളവരാണ്. ഒമ്പത് ദളിതർ, മുസ്‌ലിം സിഖ് സമുദായങ്ങളിൽ നിന്ന് ഓരോ മന്ത്രിയുണ്ട്. യാദവർക്കും പ്രാധാന്യം നൽകിയിട്ടുണ്ട്. യോഗിയുടെ കാബിനറ്റിൽ ഉയർന്ന ജാതിയിൽ നിന്നുള്ള 21 മന്ത്രിമാരുണ്ട്– ഏഴ് പേർ ബ്രാഹ്മണരും മൂന്ന് വൈശ്യരും ഉണ്ട്. മുഖ്യമന്ത്രി ഉൾപ്പെടെ എട്ട് പേർ താക്കൂറുകളെ പ്രതിനിധീകരിക്കുന്നു. കാബിനറ്റിൽ ഒരു കായസ്ഥ സമുദായ പ്രതിനിധിയും രണ്ട് ഭൂമിഹാർ മന്ത്രിമാരും ഉണ്ട്. ഏഴ് ബ്രാഹ്മണ മന്ത്രിമാരിൽ മൂന്ന് പേർക്ക് ക്യാബിനറ്റ് പദവി ഉണ്ട്. ഒരാൾക്ക് സ്വതന്ത്ര ചുമതലയും മൂന്ന് ജൂനിയർ മന്ത്രിമാരുമാണ്.
ഇതിനു പുറമെയാണ് കോൺഗ്രസിൽ നിന്ന് മാറിയവർക്ക് നൽകിയ പരിഗണന. യോഗേന്ദ്ര ഉപാധ്യായയ്ക്കും ജിതിൻ പ്രസാദയ്ക്കും ക്യാബിനറ്റ് സ്ഥാനം ലഭിച്ചു. പ്രതിഭ ശുക്ല, രജനി തിവാരി, സതീഷ് ശർമ എന്നിവർ ജൂനിയർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.
പരമ്പരാഗതമായി ബ്രാഹ്മണരും ഠാക്കൂറുമാരും തങ്ങളുടെ പ്രധാന വോട്ട് അടിത്തറയായി നിലനിന്നിരുന്ന ഇടത്ത് ബിജെപി ഇപ്പോൾ ഭൂമിഹാർ, ജാട്ടുകൾ എന്നിവരെക്കൂടാതെ ദലിതരെയും ആകർഷിക്കാൻ തന്ത്രപരമായി ശ്രമിക്കുകയാണ് എന്നതിന്റെ മികച്ച സൂചനയാണ് ലഭിക്കുന്നത്. 2024 -ലെ പൊതു തിരഞ്ഞെടുപ്പിന്റെ സെമിഫൈനൽ ആയി പലരും ഈ മന്ത്രിസഭാ രൂപീകരണ സമീപനത്തെ കണക്കാക്കുന്നു.