ചിലർ വിവാദങ്ങളുണ്ടാക്കുന്നു എന്നതു കൊണ്ട് നാടിനാവശ്യമുള്ള വികസന പ്രവർത്തനങ്ങളിൽ നിന്ന് സർക്കാർ പിന്നോട്ട് പോകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പയ്യന്നൂർ ഏറ്റു കുടുക്കയിൽ സിയാലിൻ്റെ സൗരോർജ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സില്‍വര്‍ ലൈന്‍ റെയില്‍ പദ്ധതിക്കെതിരെ കോണ്‍ഗ്രസ് നടത്തുന്ന സമരത്തെ പരോക്ഷമായി വിമര്‍ശിച്ചു കൊണ്ടായിരുന്നു പിണറായിയുടെ പ്രസംഗം.
“വൻകിട വികസന പ്രവർത്തനങ്ങളെ വിവാദങ്ങളുണ്ടാക്കി തകർക്കാനാണ് ചിലരുടെ ശ്രമം. പദ്ധതികൾ നടക്കും എന്ന് ഉറപ്പുള്ളതുകൊണ്ടാണ് ഈ എതിർപ്പുകൾ. പദ്ധതിയുടെ നേട്ടവും കോട്ടവുമല്ല, അത് നടപ്പിലാകുന്ന സമയമാണ് ചിലരുടെ പ്രശ്നം . ഇപ്പോൾ ഒരു പദ്ധതിയും വരരുത് എന്നതു മാത്രമാണ് അവരുടെ ലക്ഷ്യം. വിവാദങ്ങളുയരുമ്പോൾ പദ്ധതികളെ ഉപേക്ഷിക്കാനോ മാറ്റിവയ്ക്കാനോ ഈ സർക്കാർ തയ്യാറല്ല. വിവാദങ്ങളെ അവഗണിച്ചു കൊണ്ട് ജനക്ഷേമകരമായ പദ്ധതികളുമായി മുന്നോട്ടു പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.