Categories
kerala

പ്രിയപ്പെട്ട മാര്‍ട്ടിന്‍ ജോര്‍ജ്ജ്‌… നിങ്ങളീ അരുംകൊലയെ പരോക്ഷമായി ന്യായീകരിക്കുമ്പോള്‍ സംഭവിക്കുന്നത്‌…

മിസ്‌റ്റര്‍ മാര്‍ട്ടിന്‍ ജോര്‍ജ്ജ്‌…നിങ്ങള്‍ വെറും ഒരു കോണ്‍ഗ്രസ്‌ പ്രവര്‍ത്തകനല്ല, കണ്ണൂര്‍ ജില്ലയിലെ കോണ്‍ഗ്രസ്‌ പ്രസ്ഥാനത്തിന്റെ ഔദ്യോഗിക വക്താവാണ്‌. നിങ്ങള്‍ പറയുന്നത്‌ ഒരു പാര്‍ടിയുടെ നയമാണ്‌, ചിന്തയാണ്‌. ആയിരിക്കുമെന്നാണ്‌ വിശ്വാസം.
തലശ്ശേരിക്കടുത്ത പുന്നോലില്‍ സി.പി.എം. കുടുംബത്തിലെ ഗൃഹനാഥനായ ഹരിദാസനെ അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ മാര്‍ട്ടിന്‍ ജോര്‍ജ്ജ്‌, നിങ്ങള്‍ നടത്തിയ പ്രസ്‌താവന പരോക്ഷമായി ആര്‍.എസ്‌.എസുകാരെ ന്യായീകരിക്കുന്നതായി മാറിയിരിക്കുന്നു. ഉല്‍സവസ്ഥലത്തെ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായി സംഭവിച്ച ഒരു അക്രമമാണ്‌ പുന്നോലിലെ കൊല എന്ന്‌ ലഘൂകരിച്ച്‌ അവതരിപ്പിച്ച നിങ്ങള്‍ ശരിക്കും കൊലയുടെ ക്രൂരതയ്‌ക്ക്‌ സാന്ദര്‍ഭികമായ ന്യായീകരണമുണ്ടെന്ന്‌ വാദിക്കുകയാണ്‌.

ആര്‍.എസ്‌.എസുകാര്‍ സി.പി.എമ്മുകാരെ കൊല്ലുമ്പോള്‍ ശക്തിയായി പ്രതികരിക്കാന്‍ കോണ്‍ഗ്രസ്‌ മറന്നു പോകുന്നതെന്തേ….ബോധപൂര്‍വ്വമാണ്‌ ഈ മറവി എന്ന്‌ പറഞ്ഞാല്‍ കുറ്റം പറയാനാവുമോ. അച്ചി ചത്താലും മരുമകളുടെ കണ്ണീര്‍ കാണുക തന്നെ വേണം കോണ്‍ഗ്രസുകാര്‍ക്ക്‌. അത്‌ നേതാക്കളായാലും അണികളായാലും വ്യത്യാസമൊന്നുമില്ല.

thepoliticaleditor

നിങ്ങള്‍ക്ക്‌ ഉറപ്പാണോ ഇത്‌ അബദ്ധത്തില്‍ നടത്തിയ, സാഹചര്യത്താല്‍ പ്രകോപിതരായി ചിലര്‍ ചെയ്‌തുപോയ കൊലപാതകമാണെന്ന്‌. നിങ്ങളുടെ പ്രസ്‌താവന പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ പോലും ആ പ്രസ്‌താവനയ്‌ക്കടുത്തു തന്നെ ഹരിദാസന്റെ വീട്ടുകാര്‍ മൂന്നു പതിറ്റാണ്ടായി നേരിടുന്ന സുരക്ഷാഭീഷണിയുടെ വാര്‍ത്തയും വിശദമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. അതൊന്നു വായിച്ചു നോക്കണം. നിരന്തര ഭീഷണിയായിരുന്നു ആ കുടുംബത്തിന്‌. പല തരത്തിലുള്ള അക്രമവും ആ വീട്ടുകാരോട്‌ സ്ഥിരമായി ബി.ജെ.പി.-ആര്‍.എസ്‌.എസ്‌. സംഘാംഗങ്ങള്‍ കാണിക്കാറുള്ളതാണെന്ന്‌ വാര്‍ത്തയിലുണ്ട്‌. വാഴവെട്ടല്‍ തുടങ്ങി പ്രതീകാത്മകമായ കൊലപാതകങ്ങള്‍ ഉള്‍പ്പെടെ..

ബി.ജെ.പി. കൗണ്‍സിലര്‍ ലിജേഷിന്റെ ഇത്തവണത്തെ അക്രമ ആഹ്വാന പ്രസംഗവും സാധാരണ ഭീഷണിപോലെയേ എടുത്തുള്ളൂ എന്നതാണ്‌ ഹരിദാസന്‌ പറ്റിയ വലിയ അബദ്ധം. ഇത്തവണത്തെത്‌ പക്ഷേ കാര്യത്തിലായിരുന്നു. അത്‌ തിരിച്ചറിയാനായില്ല. അല്ലെങ്കില്‍ പുലര്‍ച്ചെ രണ്ടു മണിക്ക്‌ ഒരു മനുഷ്യനെ വീട്ടിനുമുന്നിലിട്ട്‌ വെട്ടിത്തുണ്ടമാക്കുമായിരുന്നില്ല.

പ്രിയപ്പെട്ട മാര്‍ട്ടിന്‍, നിങ്ങളുടെ ഗുരുവും കണ്‍കണ്ട ദൈവവും കേരളത്തിലെ അറിയപ്പെടുന്ന സി.പി.എം. വിരുദ്ധനായിരിക്കാം. പക്ഷേ സി.പി.എം.വിരോധം നിങ്ങളുടെ ശരിയായ കാഴ്‌ചകളെ മറയ്‌ക്കരുത്‌. മരിച്ചത്‌ സി.പി.എമ്മുകാരനാണ്‌ എന്നതിനാല്‍ സംഭവത്തെ ലഘൂകരിക്കുംവിധം, ഇതൊന്നും ഒറ്റപ്പെട്ട്‌ യാദൃച്ഛികമായുണ്ടായ സംഭവമാക്കി അക്രമികള്‍ക്ക്‌ ആനുകൂല്യം നല്‍കരുത്‌. ഉല്‍സവസ്ഥലത്തെ സംഘര്‍ഷത്തിന്റെ ഭാഗമായിരുന്നു ബി.ജെ.പി. നേതാവിന്റെ പ്രസംഗമെന്നും അതിന്റെ ഭാഗമായിരുന്നു അക്രമമെന്നും വരുത്തിത്തീര്‍ക്കേണ്ടത്‌ കൊലയാളികളുടെ സംഘത്തിന്‌ ആവശ്യമാണ്‌. എന്നാല്‍ അത്‌ കോണ്‍ഗ്രസിന്റെയും ആവശ്യമായിത്തീരരുത്‌. ക്ഷേത്രത്തിലെ കശപിശയെല്ലാം വെറും കാരണം പറച്ചില്‍ മാത്രമാണെന്നറിയണം. നിതാന്തമായ കുടിപ്പകയുടെ, പ്രതികാരത്തിന്റെ കോമ്പല്ലുകള്‍ തിരിച്ചറിയുന്ന ശക്തമായ വിലയിരുത്തല്‍ ഉണ്ടാവണം. താല്‍ക്കാലിക രാഷ്ട്രീയ ലാഭത്തിനപ്പുറത്ത്‌ സത്യത്തെ സത്യമായി കാണാന്‍ എന്താണ്‌ തടസ്സം. അത്തരം ആര്‍ജ്ജവമുള്ള പ്രതികരണമാണ്‌ സമൂഹം പ്രതീക്ഷിക്കുന്നത്‌.

സി.പി.എമ്മിനെ എതിര്‍ക്കാനെന്ന പേരില്‍ പറയുന്ന വാക്കുകള്‍ സംഘപരിവാറിനെ വെള്ളപൂശാനുള്ളതായി പരിണമിക്കരുത്‌. യശ്ശശ്ശരീരനായ സുകുമാര്‍ അഴീക്കോടിന്റെ പ്രയോഗം കടമെടുത്തു പറഞ്ഞാല്‍, ഇരകള്‍ക്കു വേണ്ടി “നിരന്തരം പ്രവര്‍ത്തിച്ച്‌..പ്രവര്‍ത്തിച്ച്‌ അവരെ അതേ പടി നിലനിര്‍ത്തുന്നതിന്റെ കഷ്ടപ്പാട്‌ ഇവിടുത്തെ രാഷ്ട്രീയക്കാര്‍ക്കേ അറിയൂ” എന്നത്‌ മാര്‍ട്ടിന്‍ ജോര്‍ജ്ജിന്റെ പാര്‍ടിക്കു ബാധകമാകാതിരിക്കട്ടെ.

കോണ്‍ഗ്രസുകാരുടെ ഖദര്‍ മുണ്ടിനുള്ളില്‍ കാവി ട്രൗസറാണ്‌ എന്ന്‌ പരിഹസിക്കാറുള്ളത്‌ സി.പി.എം.ആണെങ്കിലും ഇന്നാട്ടിലെ ഒരു പാട്‌ കോണ്‍ഗ്രസുകാര്‍ തനി മോദിഭക്തരും രഹസ്യമായി ആര്‍.എസ്‌.എസ്‌.അജണ്ടയുടെ ആരാധകരുമാണ്‌ എന്നത്‌ ഒളിച്ചു വെക്കാനാവാത്ത സത്യമാണ്‌.

പക്ഷേ, പ്രിയപ്പെട്ട മാര്‍ട്ടിന്‍…നിങ്ങള്‍ക്കെങ്കിലും അതിന്‌ അടിവരയിടാതെ പ്രതികരിക്കാനാവണം. പറയുമ്പോള്‍ ഉറപ്പിച്ചു പറയാനാവണം. ശത്രുവിന്റെ ശത്രു ബന്ധു എന്ന ന്യായം സംശയിക്കാവുന്ന വിധം പതിഞ്ഞ സ്വരവും പരോക്ഷ ന്യായീകരണവും ഉപേക്ഷിക്കണം.

Spread the love
English Summary: an open letter to congress leader martin george

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick